X

അസം പൗരത്വ രജിസ്റ്റര്‍; അമിത്ഷാക്ക് കത്ത് നല്‍കി മമത; പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ വേണ്ടെന്നും മമത ബാനര്‍ജി

ന്യൂഡല്‍ഹി: അസമില്‍ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്ത് നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുറത്താക്കപ്പെട്ട ജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന് മമത പറഞ്ഞു. അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത.

ദേശീയ പൗരത്വ ബില്‍ പശ്ചിമബംഗാളില്‍ വേണ്ടെന്ന് അമിത് ഷായോട് പറഞ്ഞു. എന്നാല്‍ ബംഗാളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ഹിന്ദി സംസാരിക്കുന്നവരും ബംഗാളി സംസാരിക്കുന്നവരും സാധാരണക്കാരായ അസമികളും അടക്കം 19 ലക്ഷം പേരാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താക്കപ്പെട്ടത്. പുറത്താക്കപ്പെട്ട ജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യയിലെ വോട്ടര്‍മാരാണ്. ഇക്കാര്യം പരിഗണിക്കണമെന്നും അമിത് ഷായോട് ആവശ്യപ്പെട്ടുവെന്ന് മമത ബാനര്‍ജി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി മമത അമിത് ഷാക്ക് കത്ത് നല്‍കുകയും ചെയ്തു.

മമത ബാനര്‍ജി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിലെ രാഷ്ട്രീയവിഷയങ്ങളെക്കുറിച്ച് മമത നരേന്ദ്ര മോദിയോട് സംസാരിച്ചു. ബംഗാളിന്റെ പേര് മാറ്റുന്നതടക്കമുള്ള കാര്യങ്ങളാണു പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മമത ഉന്നയിച്ചത്.

chandrika: