X

പ്രണവിന്റെ മജ്ജ മാറ്റിവയ്ക്കണം; വേദന മറന്ന് അസൈനാറിന്റെ നെല്ലിക്ക കച്ചവടം

സാദിഖ് പുളിങ്ങോം

ചെറുപുഴ: ഉറവ വറ്റാത്ത നന്മ കൊണ്ട് പാരസ്പര്യത്തിന്റെ സ്‌നേഹഗോപുരം തീര്‍ക്കുകയാണ് ഇവിടെ ഒരാള്‍. തിമിരി സ്വദേശിയായ യുവാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള തിരക്കിലാണ് സ്വന്തം വേദനകള്‍ മറന്ന് ഭിന്ന ശേഷിക്കാരനായ അസൈനാര്‍. പെരിങ്ങോം വയക്കര പഞ്ചായത്തിലെ അരവഞ്ചാല്‍ സ്വദേശിയായ അസൈനാര്‍ എല്ലാവര്‍ക്കും സുപരിചിതനാണ്.

വഴിയോരത്ത് പഴവര്‍ഗങ്ങള്‍ വാഹനത്തിലെത്തിച്ച് വില്‍പ്പന നടത്തിയാണ് അസൈനാര്‍ ഉപജീവനം നടത്തുന്നത്. അസൈനാറിന്റെ വാഹനത്തില്‍ സ്ഥിരമായി ഒരു ബോര്‍ഡും കാണാം. ‘ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യം’.

അപകടത്തില്‍ പരിക്കു പറ്റി വൈകല്യം സംഭവിച്ച അസൈനാര്‍ തനിക്കാവും വിധം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ആലക്കോട് തിമിരയിലെ പ്രണവിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്താനാണ് അസൈനാര്‍ ചൊവ്വാഴ്ച കച്ചവടത്തിന് ഇറങ്ങിയത്.

അസൈനാറിന്റെ നേതൃത്വത്തിലുള്ള ഇന്‍സ്പയര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പാണ് ഇതിനായി കാരുണ്യയാത്ര സംഘടിപ്പിച്ചത്. വാഹനവുമായി വിവിധയിടങ്ങളില്‍ എത്തി നെല്ലിക്ക വില്‍പ്പന നടത്തി പണം സ്വരൂപിച്ച് പ്രണവിനെ സഹായിക്കാനാണ് കാരുണ്യ യാത്ര നടത്തിയത്.

യാത്രയുടെ ഉദ്ഘാടനം പെരിങ്ങോം ടൗണില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംഇ രാജഗോപാല്‍ നിര്‍വഹിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് അംഗം വിഎം ഉണ്ണികൃഷ്ണന്‍, പയ്യന്നൂര്‍ ബ്ലോക് പഞ്ചായത്ത് അംഗം രജനി മോഹന്‍, ഇന്‍സ്പയര്‍ ഗ്രൂപ്പ് അഡ്മിന്‍ ഉണ്ണി പുത്തൂര്‍, ഷനില്‍ ചെറുതാഴം അസൈനാര്‍ സംസാരിച്ചു.

Test User: