ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്നും പകരം ദേവെഗൗഡയുടെ മതേതര ജനതാദളിനെ പിന്തുണക്കുമെന്നും ഉവൈസി പ്രഖ്യാപിച്ചു. കര്‍ണാടകയിലും രാജ്യത്തും ബി.ജെ.പി ഇതര, കോണ്‍ഗ്രസിതര സര്‍ക്കാര്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉവൈസി പറഞ്ഞു. മെയ് 12-നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്.
ജനതാദള്‍ – എസ്സിന് കൂടുതല്‍ സീറ്റ് നേടിക്കൊടുക്കുവാനാണ് തന്റെയും പാര്‍ട്ടിയുടെയും തീരുമാനമെന്നും കുമാരസ്വാമി മുഖ്യമന്ത്രിയാവണമെന്നും ഉവൈസി പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം നില്‍ക്കുന്നതില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പരാജയപ്പെട്ടുവെന്നും ഇതിനാലാണ് ജനതാദള്‍ – എസ്സിനെ പിന്തുണക്കുന്നതെന്നും ഉവൈസി പറഞ്ഞു. കുമാരസ്വാമിയുമായി സംസാരിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ല. – ഉവൈസി പറഞ്ഞു
ജനതാദളുമായി സീറ്റ് ധാരണയുണ്ടാക്കാന്‍ ഉവൈസി നേരത്തെ ദേവഗൗഡയെ സമീപിച്ചിരുന്നെങ്കിലും മുന്‍ പ്രധാനമന്ത്രിയായ ഗൗഡ വഴങ്ങിയിരുന്നില്ല. മുസ്‌ലിം സാന്നിധ്യമുള്ള രാമനഗര ജില്ലയില്‍ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മത്സര രംഗത്തിറങ്ങാതെ ജെ.ഡി.എസ്സിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് മുസ്ലിം വോട്ടുകള്‍ അടര്‍ത്തിയെടുത്ത് ബി.ജെ.പിയെ സഹായിക്കുകയാണ് ഉവൈസി ചെയ്യുന്നതെന്ന് ആരോപണമുണ്ട്. സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി ശക്തമായ പ്രചരണങ്ങളാണ് നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ഉണ്ടാവില്ലെന്നും കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് സര്‍വേകള്‍ പറയുന്നത്.