ദമസ്‌കസ്: പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ചിത്രവുമായി സിറിയന്‍ ഭരണകൂടം പുതിയ നോട്ടുകള്‍ പുറത്തിറക്കി. ഞായറാഴ്ച വിനിമയത്തില്‍ വന്ന രണ്ടായിരം പൗണ്ടിന്റെ നോട്ടുകളിലാണ് അസദിന്റെ ചിത്രമുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ഈ നോട്ടുകള്‍ പ്രിന്റ് ചെയ്തിരുന്നെന്നും ആഭ്യന്തര യുദ്ധവും വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലും കാരണം പുറത്തിറക്കാന്‍ വൈകുകയായിരുന്നുവെന്നും സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ദുറൈദ് ദുര്‍ഗാം പറഞ്ഞു. തലസ്ഥാനമായ ദമസ്‌കസിലും മറ്റു നിരവധി പ്രവിശ്യകളിലും അസദിന്റെ തലയുമായി പുതിയ നോട്ടുകള്‍ എത്തിക്കഴിഞ്ഞു. ഇതിനു മുമ്പുള്ള നോട്ടുകളില്‍ അസദിന്റെ പിതാവ് ഹാഫിസ് അല്‍ അസദിന്റെയും ചരിത്ര സ്മാരകങ്ങളുടെയും ചിത്രങ്ങളാണുണ്ടായിരുന്നത്. 2011ല്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം സിറിയന്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിയുകയായിരുന്നു. 2011ല്‍ ഡോളറിന് 47 സിറിയന്‍ പൗണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 517 പൗണ്ടാണ്. പണപ്പെരുപ്പവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.