X

പ്രായമുള്ളവർ വർധിക്കുന്നു, കൂടുതൽ കുട്ടികളെക്കുറിച്ച് ചിന്തിക്കണം; ചന്ദ്രബാബു നായിഡു

പ്രായാധിക്യം ഉള്ളവർ വർധിക്കുന്നതിനാൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന വിചിത്രവാദവുമായി ചന്ദ്രബാബു നായിഡു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പല കാര്യങ്ങളിലും പ്രത്യേക പരിഗണന ഉണ്ടാകുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

രണ്ടിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് മാത്രമേ ഇനി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂ എന്ന നിയമം താൻ ഉടൻ കൊണ്ടുവരുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞതായും ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്തു. നേരത്തെ രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. ഈ നിയമം മാറ്റുമെന്നാണ് നായിഡു അറിയിച്ചിരിക്കുന്നത്.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രത്യുത്പാദന നിരക്ക് രാജ്യത്തിന്റെ ശരാശരി നിരക്കായ 2.1നേക്കാളും താഴ്ന്നു. 2047 വരെ ചെറുപ്പക്കാരുടെ എണ്ണത്തിൻ്റെ കാര്യത്തിൽ അനുകൂല്യങ്ങളുണ്ട്. എന്നാൽ അതിന് ശേഷം അങ്ങനെയല്ല സ്ഥിതി. ആന്ധ്രായിൽ അടക്കം ഗ്രാമങ്ങളിൽ യുവാക്കൾ ഇല്ലെന്നും പ്രായാധിക്യം ഉള്ളവർ സംസ്ഥാനങ്ങളിൽ വർധിക്കുമെന്നും നായിഡു പറഞ്ഞു.

ഇതാദ്യമായല്ല കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന ആവശ്യവുമായി നായിഡു രംഗത്തുവരുന്നത്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന സമയത്തും, സംസ്ഥാനത്ത് പ്രായമുള്ളവരുടെ എണ്ണം വർധിക്കുന്നുവെന്ന വാദത്തിന്റെ പിൻബലത്തിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് നായിഡു രംഗത്തുവന്നിരുന്നു.

webdesk13: