X

കശ്മീരിലേക്ക് പ്രവേശനമില്ല; രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു

കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്തിയ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചു.  കശ്മീലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി എംപിയെ ശ്രീനഗറില്‍ സുരക്ഷാ സേന തടഞ്ഞു. രാഹുലിനൊപ്പം ശ്രീനഗര്‍ വിമാന താവളത്തിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങി 9 പ്രതിപക്ഷനേതാക്കളെയും സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുദിച്ചില്ലന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ ഒരു മണിക്കൂറോളം തടഞ്ഞു നിര്‍ത്തിയാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് മടക്കിയയച്ചത്‌.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യമായാണ് രാഹുല്‍ ഗന്ധി ജമ്മു കശ്മീരിലെത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശർമ്മ , കെ സി വേണുഗോപാൽ ഉൾപ്പടെ പന്ത്രണ്ട് പേരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്. 

അതേസമയം കശ്മീര്‍ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ച ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്, ഇപ്പോള്‍ രാഹുലിന്റെ സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ടെത്തി വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യപാലിക് മാലിക്ക് നേരത്തെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വല്ലുവിളി രാഹുല്‍ ഏറ്റെടുത്തതോടെ നിര്‍ദ്ദേശം ഗവര്‍ണര്‍ പിന്‍വലിക്കുയായിരുന്നു. കശ്മീര്‍ സന്ദര്‍ശനത്തിനുള്ള തീരുമാനം രാഹുല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറുടെ ഓഫീസ് തിടുക്കപ്പെട്ട് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മു കശ്മീര്‍ ഭരണകൂടം പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചത്. ജനങ്ങൾക്ക് അസൗകര്യമുണ്ടാകുമെന്നതിനാൽ നേതാക്കൾ സന്ദർശനത്തിൽ നിന്നു പിന്മാറണമെന്നു ജമ്മു കശ്മീർ ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്ട്മെന്റ് അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദവും ആക്രമണങ്ങളും തടയാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധചെലുത്തുന്നതെന്നും അതുകൊണ്ടുതന്നെ നേതാക്കളുടെ വരവ് അതിനു തടസ്സമാകുമെന്നും അവർ ട്വീറ്റ് ചെയ്തു.

എന്നാൽ തങ്ങളെല്ലാവരും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളാണെന്നും നിയമലംഘനം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപു മാധ്യമങ്ങളോടു പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതി ആശങ്കാജനകമാണ്. 20 ദിവസമായി അവിടെ നിന്നു യാതൊരു വാർത്തകളും പുറത്തുവരുന്നില്ല. സ്ഥിതിഗതികൾ സാധാരണമാണെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും നിരവധി രാഷ്ട്രീയ നേതാക്കളാണ് തടവിൽ കിടക്കുന്നത്. എന്തുകൊണ്ടാണ് അവരെ മോചിപ്പിക്കാത്തത്? – ആസാദ് ചോദിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് നിലവിലെ അവസ്ഥ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരിക്കുന്ന ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് രാഹുല്‍ ഗാന്ധിയും സംഘവും ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത്. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജനങ്ങളെയും നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് രാഹുല്‍ ഗാന്ധിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

chandrika: