കൊച്ചി: പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന സമരത്തിനിടെ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ധിക്കാരപരമായ സമീപനം. തുടര്‍ സമര പരിപാടികളെ കുറിച്ച് ചോദിച്ച് ന്യൂസ്-18 ചാനല്‍ പ്രവര്‍ത്തകയോടായണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ക്ഷുഭിതനായത്. മാധ്യമ പ്രവര്‍ത്തകയോട് മാറിനില്‍ക്കാനും ഇയാള്‍ ആജ്ഞാപിച്ചു. ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ മ്മിറ്റി ഓഫീസിലെത്തി പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും സമാനമായ അനുഭവമുണ്ടായിരുന്നു.
സിപിഎമ്മിന്റെ പ്രതിഷേധ മാര്‍ച്ചുകളില്‍ വരെ ഡല്‍ഹിയില്‍ ദേശീയ നേതാക്കള്‍ മധ്യമങ്ങളുമായി സംവദിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ മധ്യമപ്രവര്‍ത്തക പോലും ഇത്തരത്തില്‍ ഭീഷണി നേരിടുന്നത്.
അതേസമയം സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയോടുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ ധിക്കാരപരമായ പെരുമാറ്റത്തില്‍ എറണാകുളം പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു. അസഹിഷ്ണുതയോടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പെരുമാറ്റം അംഗീകരിക്കാനാവില്ല. സമൂഹത്തന് മാതൃകയാവേണ്ട ഇവരുടെ ധിക്കാരപരമായ സമീപനം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഭിഷണിയാണ്. അഴിമതിക്കെതിരെ നിലപാടെടുക്കുന്നതിലും ജനകീയ സമരങ്ങളെ പിന്തുണക്കുന്നതിലും എന്നും മുന്നില്‍ നിന്നിട്ടുള്ള എറണാകുളത്തെ മാധ്യമ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള സമീപനങ്ങളില്‍ നിന്ന് മാറാന്‍ നേതാക്കള്‍ തയ്യാറാവണമെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.