കേരളം സാധാരണക്കാരന്റ ശവപ്പറമ്പ് ആവുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ജപ്തി ഭീഷണിയെ തുടര്‍ന്ന് കണ്ണൂരിലെ ക്ഷീര കര്‍ഷകന്റെ ആത്മഹത്യയിലാണ് വിമര്‍ശനം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് മാടമ്പി യാത്രയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. മാടമ്പി സദസ്സിന് എന്തുകൊണ്ടാണ് ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതെന്നും യാത്രയുടെ ഗുണം എന്താണെന്നും രാഹുല്‍ ചോദിക്കുന്നു.
രാജാമണി സ്വദേശി എംആര്‍ ആല്‍ബര്‍ട്ടിനെയാണ് ഇന്ന് പുലര്‍ച്ചെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ കടുത്ത നിരാശയിലായിരുന്നു ആല്‍ബര്‍ട്ടെന്ന് കുടുംബവും ആരോപിക്കുന്നു. ചൊവ്വാഴ്ചയാണ് ലോണ്‍ തിരിച്ചടക്കേണ്ട അവസാന ദിവസം. കുടുംബശ്രീയില്‍ നിന്ന് ലോണ്‍ എടുത്ത് തിരിച്ചടവിന് ശ്രമിച്ചിരുന്നു. എന്നാല്‍, ലോണ്‍ ലഭിക്കാത്തതിനാല്‍ തിരിച്ചടവ് നടന്നില്ല. 25 വര്‍ഷത്തോളം ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആല്‍ബര്‍ട്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
മാടമ്പിത്തമ്പുരാന്റെ യാത്ര കണ്ണൂര് പിന്നിട്ട് 4 ദിവസം പിന്നിടുമ്പോഴാണ് മാടമ്പിയുടെ ജില്ലയിലെ തന്നെ M.R ആല്‍ബര്‍ട്ട് എന്ന ക്ഷീരകര്‍ഷകന്‍ ജപ്തി നോട്ടീസ് കിട്ടിയതിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്യുന്നത്.
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ലൈറ്റ് & സൗണ്ട് ഷോയ്ക്കും വിജയന്‍ സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം എന്താണ് മാടമ്പി യാത്രയുടെ ഗുണം?
എന്തുകൊണ്ടാണ് ആല്‍ബര്‍ട്ട് അടക്കമുള്ള ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ സര്‍ക്കാര്‍ അവകാശങ്ങള്‍ ലഭിക്കാത്തതിനെ പറ്റി മാടമ്പി സദസ്സില്‍ പരാതി പറയാന്‍ തോന്നാതിരുന്നത്?
എന്തു കൊണ്ടാകാം മാടമ്പി സദസ്സിന് ക്ഷീരകര്‍ഷകരുടെയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയാത്തത്?
മാടമ്പിയുടെ യാത്ര പുരോഗമിക്കുമ്പോള്‍, നാട് സാധാരണക്കാരന്റെ ശവപ്പറമ്പ് ആകുന്നു….