X

സെഞ്ചൂറിയനിയില്‍ അംല ഷോ; ദക്ഷിണാഫ്രിക്ക 6ന് 269

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആവേശകരം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 269 എന്ന നിലയിലാണ്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടാതിരുന്ന പിച്ചില്‍ രവിചന്ദ്രന്‍ അശ്വിന്റെ മൂന്നു വിക്കറ്റ് പ്രകടനവും രണ്ട് റണ്ണൗട്ടുകളുമാണ് ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയത്. ഫാഫ് ഡുപ്ലസ്സിയും (24) കേശവ് മഹാരാജും (10) ആണ് ക്രീസില്‍. ഓപണര്‍ എയ്ഡന്‍ മാര്‍ക്രം (94), ഹാഷിം അംല (82) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആതിഥേയര്‍ക്ക് കരുത്തായത്.
കേപ്ടൗണ്‍ ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ പ്ലെയിങ് ഇലവനെ ഇറക്കിയത്. ഓപണര്‍ ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹ, പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം യഥാക്രമം ലോകേഷ് രാഹുല്‍, പാര്‍ത്ഥിവ് പട്ടേല്‍, ഇശാന്ത് ശര്‍മ എന്നിവര്‍ക്ക് അവസരം ലഭിച്ചു. വിദേശ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെക്ക് ഒരിക്കല്‍ക്കൂടി പുറത്തിരിക്കേണ്ടി വന്നപ്പോള്‍ പരിക്കേറ്റ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനു പകരം 21-കാരന്‍ ലുങ്കിസാനി എന്‍ഗിഡിക്ക് ദക്ഷിണാഫ്രിക്ക അരങ്ങേറ്റത്തിന് അവസരം നല്‍കി.ഡീന്‍ എല്‍ഗറും (31) മാര്‍ക്രമും ചേര്‍ന്ന ഒാപണിങ് വിക്കറ്റ് സഖ്യം ആതിഥേയര്‍ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മുപ്പതാം ഓവര്‍ വരെ ക്രീസില്‍ നിന്ന് 85 റണ്‍സ് ചേര്‍ത്ത കൂട്ടുകെട്ട് തകര്‍ത്തത് എല്‍ഗറെ പുറത്താക്കി അശ്വിനാണ്. ക്രീസില്‍ നിന്നു പുറത്തിറങ്ങി പന്ത് പ്രഹരിക്കാനുള്ള ശ്രമം തൊട്ടരികില്‍ കാത്തുനിന്ന മുരളി വിജയിന്റെ വയറില്‍ തട്ടി കൈകളില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ അംലക്കൊപ്പം ആത്മവിശ്വാസത്തോടെ കളിച്ച മാര്‍ക്രം കന്നി സെഞ്ച്വറിക്ക് ആറു റണ്‍സരികെ വീണു. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചായിരുന്നു യുവതാരത്തിന്റെ മടക്കം. എ.ബി ഡിവില്ലിയേഴ്‌സിനെ (20) ഇശാന്ത് ശര്‍മയും മടക്കി.
സെഞ്ച്വറിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച അംല ഡുപ്ലസ്സിയുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായതോടെയാണ് ഇന്ത്യയുടെ ഭാഗ്യം തെളിഞ്ഞത്. അശ്വിന്റെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ വിരാത് കോലി ഡികോക്കിനെ (0) മടക്കിയതിനു പിന്നാലെ ഇല്ലാത്ത റണ്ണിനോടി വെര്‍നന്‍ ഫിലാന്റര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. ആദ്യ മൂന്നു വിക്കറ്റിനിടെ 199 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കക്ക് പിന്നീട് മൂന്നാളുകളെ നഷ്ടമായത് വെറും 52 റണ്‍സിനിടെയാണ്.

chandrika: