X

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം; ബി.ജെ.പിയിതര സര്‍ക്കാര്‍ വരും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല തുടങ്ങിയവരാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് 23ന് പുറത്തു വരികയെന്ന നിലപാടുമായി രംഗത്തെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്ന് സംശയിക്കുന്നതെന്നുമുള്ള ആരോപണങ്ങളും പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചു.

എക്‌സിറ്റ് പോളുകളെ ആശ്രയിച്ചല്ല ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതയെന്ന് ബി.എസ്.പി നേതാവ് മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി മഹാസഖ്യം നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ലക്‌നോവില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. മഹാസഖ്യത്തിന് യു.പി ജനതക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണെന്നും അതിന് എക്‌സിറ്റ് പോളുകളുടെ പിന്തുണ ആവശ്യമില്ലെന്നും മായാവതി പറഞ്ഞു.

ഇ.വി.എമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം ബി.ജെ.പിക്കും എന്‍.ഡി.എക്കുമെതിരാണ്. എന്നാല്‍ ഇ.വി.എം ക്രമക്കേട് സംബന്ധിച്ച ആശങ്ക ശക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെതന്നെ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. വികസിത രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപേക്ഷിച്ച് പരമ്പരാഗത ബാലറ്റ് രീതിയിലേക്ക് മാറുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മര്‍ക്കട മുഷ്ടി സംശയാസ്പദമാണെന്നും കുമാരസ്വാമി ആരോപിച്ചു.

നേരത്തെ ഇതേ ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ആസൂത്രിതമായി കെട്ടിച്ചമച്ചെടുത്തതാണ് ഇത്തരം സര്‍വേകളെന്നും മമത പറഞ്ഞു. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കാനുള്ള സാധ്യത സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തന്നെതെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ നടക്കുന്ന കൃത്രിമങ്ങള്‍ക്ക് മറപിടിക്കാനാണ് എക്‌സിറ്റ് പോള്‍ ഗോസിപ്പുകളെന്നും മമതാ ബാനര്‍ജിആരോപിച്ചു. പശ്ചിമബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന പ്രവചനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. പാര്‍ട്ടി ആഭ്യന്തര റിപ്പോര്‍ട്ട് പ്രകാരം മുഴുവന്‍ മണ്ഡലങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും മമത പറഞ്ഞു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യം തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ്, ഇതിന്റെ വിശ്വാസ്യതയെ സ്റ്റാലിന്‍ ചോദ്യം ചെയ്യുന്നത്. ജനവിധിയില്‍ മാത്രമേ വിശ്വസിക്കാവൂ എന്നു കലൈഞ്ജര്‍ കരുണാനിധി പലതവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്നും അതു തന്നെയാണ് ഡി.എം.കെ നിലപാടെന്നും മെയ് 23ന് യഥാര്‍ത്ഥ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ജനങ്ങളുടെ ഹൃദയമിടിപ്പ് മനസ്സിലാക്കുന്നതില്‍ എക്‌സിറ്റ് പോളുകള്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടിരിക്കുന്നു. പല ഘട്ടങ്ങളിലും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാളിപ്പോയിട്ടുണ്ട്. ഇത്തവണയും അതുതന്നെ സംഭവിക്കും. ആന്ധ്രയില്‍ ടി.ഡി.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. കേന്ദ്രത്തില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും നായിഡു ട്വിറ്ററില്‍ കുറിച്ചു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും തെറ്റുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഇത്തരം പ്രവചനങ്ങള്‍ വിശ്വസിക്കരുത്. ടി.വി ഓഫ് ചെയ്ത്, സോഷ്യല്‍ മീഡിയില്‍നിന്ന് ലോഗ് ഔട്ട് ചെയ്ത് മെയ് 23ന് പുറത്തു വരുന്ന യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലത്തിനു വേണ്ടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റാണെന്ന് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ചായിരിക്കില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കും. ശബരിമല വിഷയം ജനവിധിയെ സ്വാധീനിക്കില്ലെന്നും പിണറായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

എക്‌സിറ്റ് പോളുകള്‍ തന്നെ തെറ്റാണെന്നാണ് തന്റെ വിശ്വാസം. അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ 56 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോളുകളാണ് ഒരുപോലെ തെറ്റിപ്പോയത്. വോട്ടുചെയ്തിറങ്ങുന്ന ജനങ്ങള്‍ ഒരിക്കലും സര്‍വേ നടത്തുന്നവരോട് സത്യം പറയണമെന്നില്ല. പല കാരണങ്ങളുമുണ്ടാകുമതിന്. എക്‌സിറ്റ് പോളുകള്‍ പരാജയമാണെന്ന് മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: