ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി തിരിച്ചിടിയായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അര്‍വിന്ദര്‍ സിംഗ് ലൗലി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോഴ വിവാദത്തെ തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതില്‍ കോഴ വാങ്ങുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്. എന്നാല്‍ 20 ആപ്പ് എം.എല്‍.എമാരെ പുറത്താക്കിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ നിര്‍ണായ നീക്കം കോണ്‍ഗ്രസിന് ഊര്‍ജമായിരിക്കുകയാണ്.
പാര്‍ട്ടി മാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പത്രസമ്മേളനത്തില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അമിത് മാലിക്കിന്റെ കൂടെയാണ് അര്‍വീന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറില്‍ വിദ്യാഭ്യാസം, ഗതാഗതം, ടൂറിസം അടക്കം സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു അദ്ദേഹം.
ആശയപരമായി തനിക്ക് യോജിച്ച പാര്‍ട്ടിയല്ല ബി.ജെ.പി എന്നായിരുന്നു മടങ്ങിയെത്തിയ ലൗലിയുടെ ആദ്യ പ്രതികരണം. തന്റെ പാളയത്തില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും മുന്‍ മന്ത്രി കൂടിയായ ലൗലി പറഞ്ഞു. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി പ്രതിനിധി പി.സി. ചാക്കോയും അയജ് മാക്കനും ചേര്‍ന്നാണ് അദ്ദേഹത്തെ തിരികെ സ്വാഗതം ചെയ്തത്.
ലൗലിയുടെ കോണ്‍ഗ്രസ് പ്രവേശനം ഷീല ദീക്ഷിത് സ്വാഗതം ചെയ്തു. ‘മടങ്ങിയതില്‍ സന്തോഷമുണ്ട്. ഏറ്റവും നല്ലത് സ്വന്തം വീടാണെന്ന് ഒടുവില്‍ അവന്‍ തിരിച്ചറിഞ്ഞു. ഷീലാ ദിക്ഷിത് പറഞ്ഞു.