X

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: മദ്യനയ അഴിമതി ആരോപണത്തില്‍ തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. വിചാരണ കോടതി വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്കാണ് ജാമ്യത്തിന് ഉത്തരവിട്ടത്. അതിന്റെ ഫയല്‍ ഇതുവരെയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുമാണ് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചത്.

കേജ്‌രിവാള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ അപ്പീല്‍ കോടതിയെ സമീപിക്കാനാണു സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഇ.ഡി ഉന്നയിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഗോവയില്‍ കേജ്‌രിവാള്‍ തങ്ങിയ ആഡംബര ഹോട്ടലിന്റെ ബില്‍ അടച്ചത് അഴിമതി പണം ഉപയോഗിച്ചാണെന്നതടക്കം നേരത്തേ ഉന്നയിച്ചിരുന്ന വാദങ്ങളാണ് ജാമ്യത്തെ എതിര്‍ത്തും ഇ.ഡി അവതരിപ്പിച്ചത്. ജാമ്യ ആവശ്യം തള്ളാന്‍ പോന്ന വാദങ്ങള്‍ ഇ.ഡിക്ക് ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് ഹൈക്കോടതിയെ ഇ.ഡി സമീപിച്ചത്.

webdesk14: