ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‍കി ആം ആദ്മി സര്‍ക്കാര്‍. യുഎപിഎ പ്രകാരം കുറ്റവിചാരണ ചെയ്യാന്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആര്‍ജെഡി യൂത്ത് വിങ് പ്രസിഡണ്ട് മീരാന്‍ ഹൈദര്‍, ജെസിസി മീഡിയ കോര്‍ഡിനേറ്റര്‍ സഫൂറ സര്‍ഗര്‍, ഡല്‍ഹി ഭജന്‍പുര സ്വദേശി ഡാനിഷ് എന്നിവരെയാണ് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തിരുന്നത്.
യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ രാജ്യത്തിന്റെ യശസ്സ് കളങ്കപ്പെടുത്താനാണ് ഉമര്‍ ഖാലിദ് അടക്കമുള്ള ഠുക്‌ടെ ഠുക്‌ടെ ഗ്യാങ് ശ്രമിച്ചതെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.
ക്രിമിനല്‍ ഗൂഢാലോചനാ കുറ്റമാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിട്ടുള്ളത്. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പോപുലേഷന്‍ രജിസ്റ്ററിനുമെതിരെ ജനങ്ങളെ അണിനിരത്താന്‍ വിദ്യാര്‍ത്ഥി നേതാവ് മുമ്പില്‍ നിന്നു എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
അതിനിടെ, കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍ തുടങ്ങി ഡല്‍ഹി കലാപത്തില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ക്ക് ഊര്‍ജം പകര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഇനിയും എവിടെയുമെത്തിയിട്ടില്ല.