X

കെജ്‌രിവാളിന്റെ ‘മാപ്പി’നെതിരെ പ്രതിഷേധം; ആം ആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് സിങ് മന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവിനോട് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് സിങ് മന്‍ രാജിവെച്ചു. അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് റവന്യൂ മന്ത്രിയുമായ ബിക്രം സിങ് മജീദിയക്ക് മയക്ക് മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് കെജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബിക്രം സിങ് മാനനഷ്ടക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ കെജ്‌രിവാള്‍ ക്ഷമാപണം നടത്തിയതാണ് ഭഗവന്ത് സിങ് മന്നിന്റെ ചൊടിപ്പിച്ചത്. അഴിമതിക്കു മുന്നില്‍ പാര്‍ട്ടി അടിയറവ് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ മന്‍ രാജിക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഴിമതിക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം പഞ്ചാബിലെ മറ്റ് ആം ആദ്മി നേതാക്കളും കെജ്‌രിവാളിന്റെ നടപടിയില്‍ അസംതൃപ്തരാണ്. കെജ്‌രിവാളിന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന നേതാവ് സുക്പാല്‍ സിങ് കൈറ ട്വിറ്ററില്‍ കുറിച്ചു. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് എ.എ.പി നേതാവ് കന്‍വാര്‍ സിന്ധുവും വ്യക്തമാക്കി. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയെ കെജ്‌രിവാള്‍ ഉന്‍മൂലനം ചെയ്‌തെന്ന് കുറ്റപ്പെടുത്തി പഞ്ചാബ് ടൂറിസം മന്ത്രി നവജോത് സിങ് സിദ്ദുവും രംഗത്തെത്തി. എന്നാല്‍ കേസുകള്‍ക്ക് പിന്നാലെ നടന്ന ജനസേവനത്തിനുള്ള സമയം നഷ്ടപ്പെടാത്തിരിക്കാനാണ് ഒത്തുതീര്‍പ്പെന്ന് പാര്‍ട്ടി വിശദീകരിച്ചു.

chandrika: