X

2000 രൂപയുടെ നോട്ട് ഗുണം ചെയ്യുക കൈക്കൂലിക്കാര്‍ക്ക്: കെജരിവാള്‍

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ വീണ്ടും രംഗത്ത്. 2000 രൂപ പോലെ മൂല്യം കൂടുതലുള്ള നോട്ടുകള്‍ കൈക്കൂലിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും ആയിരവും അഞ്ഞൂറും റദ്ദാക്കിയതിലൂടെ കള്ളപ്പണം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിനു പകരം രണ്ടായിരം കൊണ്ടുവന്നാല്‍ എങ്ങനെ കള്ളപ്പണം തടയാമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നതെന്നും കെജരിവാള്‍ ചോദിച്ചു. ഇന്നു ബാങ്കുകള്‍ക്കു മുന്നില്‍ ഒറ്റ പണക്കാരനെ പോലും കാണാനായിട്ടില്ലെന്നും പാവപ്പെട്ടവരെ ബുദ്ധിമുട്ടിലാഴ്ത്തുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. യുപിഎ ഭരണകാലത്ത് സ്വിസ് ബാങ്ക് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയ 648 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടണം. ഈ 648 പേരെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിടുകയാണെങ്കില്‍ രാജ്യത്തെ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തടയാനാകുമെന്നും കെജരിവാള്‍ പറഞ്ഞു.

chandrika: