ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അളിയന്‍ സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മാണത്തില്‍ അഴിമതി കാണിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
റോഡ് നിര്‍മാണ അഴിമതി രഹിത സമിതി (റാകോ)യുടെ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയാണ് പരാതി നല്‍കിയത്. പൊതുമരാമത്ത് വകുപ്പിന്റെ മൗനാനുവാദത്തോടെ അഴിമതി നടത്തിയെന്നാണ് ആരോപണം. വിവിധ കമ്പനികളുടെ പേരില്‍ വ്യാജ രേഖകള്‍ നിര്‍മിച്ച് ബന്‍സാല്‍ കരാര്‍ സ്വന്തമാക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അഴിമതി രഹിത ഭരണം എന്നു വാദിക്കുന്ന കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷം തികയും മുമ്പ് ഇതുവരെ പതിമൂന്ന് എംഎല്‍എമാരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്.