മെട്രോ ട്രെയിനിലും പൊതു മേഖലാ ബസ്സുകളിലും സ്ത്രീകള്‍ക്ക് പൂര്‍ണമായി സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍.
മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തന്നെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്്. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ബസ്, മെട്രോ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.
പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയും അതുവഴി നിരത്തുകളിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആപ്പ് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
സ്ത്രീകളുടെ സൗജന്യ യാത്ര മൂന്ന് മാസത്തിനകം നടപ്പിലാക്കുമെന്നും പദ്ധതിക്കായി 700 കോടി സര്‍ക്കാര്‍ നീ്ക്കിവെച്ചതായും കെജ്‌രിവാള്‍ അറിയിച്ചു.
അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് എ.എ.പി സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയും പുതിയ തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വിവരം.
പുതിയ പദ്ധതി തലസ്ഥാന നഗരിയെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് വലിയ തോതില്‍ ആശ്വാസം പകരുമെന്നും കണക്കുകൂട്ടുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറച്ചുകൊണ്ടുവരാനും ഇത് സഹായിക്കുമെന്നാണ് കരുതുന്നു. ഗതാഗതക്കുരുക്കിന് പരിഹാരമായി നേരത്തെ ഒറ്റ, ഇരട്ട ട്രാഫിക് പരിഷ്‌കാരവുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പലവിധ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടി വന്നതോടെ ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയിരുന്നു.
ഗതാഗത വകുപ്പ് മന്ത്രി കൈലാഷ് ഗെഹ്്‌ലോട്ട് ഇതുസംബന്ധിച്ച് വിവിധ വകുപ്പു മേധാവികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഗാര്‍ഹിക വൈദ്യുതി കണക്ഷനുകളുടെ ഫിക്‌സഡ് ചാര്‍ജ് വെട്ടിക്കുറക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് സൂചന.
അതേസമയം സൗജന്യ യാത്രാ പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ നിയന്ത്രണം പൂര്‍ണമായി സംസ്ഥാന സര്‍ക്കാറിനായതിനാല്‍ പൊതുമേഖലാ ബസ്സുകളിലെ സൗജന്യ യാത്രാ പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയും. അതേസമയം ഡല്‍ഹി മെട്രോയില്‍ കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും 50:50 സാമ്പത്തിക പങ്കാളിത്തമാണുള്ളത്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കൂടി ഉണ്ടെങ്കില്‍ മാത്രമേ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനാകൂ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്രം ഇതിന് തയ്യാറാകുമെന്ന് കരുതുന്നില്ല. മാത്രമല്ല, ഡല്‍ഹി മെട്രോ നാലാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഉള്‍പ്പെടെ കേന്ദ്രവും സംസ്ഥാനവും രണ്ടു തട്ടിലാണ്. സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിക്കുകയും കേന്ദ്രം ഇതിന് ഉടക്കുവെക്കുകയും ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാവുമെന്ന കണക്കുകൂട്ടലിലാണ് എ.എ.പി നേതൃത്വം. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ പദ്ധതി പ്രഖ്യാപിക്കാനാണ് സാധ്യത.