X
    Categories: indiaNews

ഉന്നത പഠനത്തിന്‌ ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നത പഠനം നേടാന്‍ ആഗ്രഹിക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടനാ ശില്‍പിയായ അംബേദ്ക്കറെ അപമാനിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. സ്‌കോളര്‍ഷിപ്പ് പദ്ധതി അംബേദ്ക്കര്‍ക്കുള്ള ആദരാഞ്ജലിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

അംബേദ്ക്കര്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഉള്‍പ്പെടെ ഒന്നിലധികം ബിരുദമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രാജ്യത്തെ കുട്ടികള്‍ക്കും സമാനമായ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അംബേദ്ക്കര്‍ക്കെതിരായ അമിത് ഷായുടെ പരാമര്‍ശം താനുള്‍പ്പെടെയുള്ളവരെ വ്രണപ്പെടുത്തിയെന്നും കെജ്രിവാള്‍ പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ആരും തന്നെ അംബേദ്ക്കറെ അപനാമനിക്കുമെന്ന് കരുതിയില്ല. അമിത് ഷായ്ക്കുള്ള മറുപടി കൂടിയാണ് എ.എ.പിയുടെ പ്രഖ്യാപനമെന്നും കെജ്രിവാള്‍ പറഞ്ഞു.

webdesk18: