X

ആരുഷിയുടെ ഘാതകന്‍ ആര്…? അടിമുടി ദുരൂഹത

അലഹബാദ്: ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ആരുഷി വധക്കേസില്‍ തുടക്കം മുതല്‍ അടിമുടി ദുരൂഹത പ്രകടമായിരുന്നു. മാതാപിതാക്കളെ ഹൈക്കോടതി വെറുതെവിട്ടതോടെ കൊലപാതകി ആരെന്ന ചോദ്യത്തിനും ഉത്തരമില്ലാതായി. ആദ്യം ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്കു കൈമാറുകയായിരുന്നു. സിബിഐയുടെ രണ്ടു സംഘങ്ങളാണ് അന്വേഷണം നടത്തിയത്. ഇതില്‍ രണ്ടാമത്തെ സംഘമാണ് ആരുഷിയുടെ മാതാപിതാക്കള്‍ക്കും കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്.

എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതു തള്ളിയ മജിസ്ട്രേട്ട് കോടതി മാതാപിതാക്കളെ പ്രതിചേര്‍ത്തു വിചാരണ തുടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

തെളിവു നശിപ്പിക്കല്‍, കുറ്റകൃത്യത്തിനായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷയും സെഷന്‍സ് കോടതി വിധിച്ചിരുന്നു. മകളെ കൊലപ്പെടുത്തിയത് വീട്ടുജോലിക്കാരനാണെന്ന തെറ്റായ വിവരം നല്‍കി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത കുറ്റത്തിന് രാജേഷിന് ഒരു വര്‍ഷം തടവും വിധിച്ച കോടതി, ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയിരുന്നു. തടവിനു പുറമേ രാജേഷ് 17,000 രൂപയും നൂപുര്‍ 15,000 രൂപയും പിഴയൊടുക്കണമെന്നും ഉത്തരവിട്ടിരുന്നു. ഹൈക്കോടതി കുറ്റവിമുക്തമാക്കിയതോടെ ഈ വിധികളെല്ലാം അസാധുവായി. നോയിഡ സെക്ടര്‍ 25ലെ വീട്ടില്‍ 2008 മേയ് 16ന് ആണ് ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി.

ആദ്യം കേസ് അന്വേഷിച്ച യുപി പൊലീസ് രാജേഷ് തല്‍വാറിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമായതോടെ അന്വേഷണം സിബിഐയ്ക്കു കൈമാറി. കേസ് അന്വേഷിച്ച ആദ്യ സിബിഐ സംഘം രാജേഷിന്റെയും നൂപുറിന്റെയും ഡന്റല്‍ ക്ലിനിക്കിലെ കംപൗണ്ടര്‍ കൃഷ്ണയെയും രണ്ടു സുഹൃത്തുക്കളെയും പ്രതിചേര്‍ത്തു കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടാം സിബിഐ സംഘമാണ് കേസില്‍ രാജേഷിനും നൂപുറിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്.

chandrika: