തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിഎസ് അച്ചുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന് ക്ലീന്‍ചീറ്റ്. കേസില്‍ കഴമ്പില്ലെന്ന് വിലയിരുത്തി വിജിലന്‍സ് അവസാനിപ്പിച്ചു. സ്‌പെഷല്‍ സെല്‍ എസ്പിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം ഉടന്‍ സര്‍ക്കാരിനെ അറിയിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെതിരെ ആരംഭിച്ച 11 അന്വേഷണങ്ങളിലൊന്നാണ് ഇത്. വിഎസ് മുഖ്യമന്ത്രിയായിരിക്കെ അരുണ്‍ അടിക്കടി നടത്തിയ വിദേശയാത്രകളായിരുന്നു അന്വേഷണത്തിന്റെ കാതല്‍. അതെല്ലാം സുഹൃത്തുത്തള്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നും തനിക്ക് കാര്യമായ ചെലവുണ്ടായില്ലെന്നുമുള്ള അരുണിന്റെ വിശദീകരണം അംഗീകരിച്ചാണ് കേസ് അവസാനിപ്പിച്ചത്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അരുണ്‍കുമാറിനെതിരെ 11അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഈ അന്വേഷണം അട്ടിമറിച്ചെന്നും പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജോമോന്‍ പുത്തന്‍പുരക്കല്‍ പരാതി നല്‍കി. ഈ പരാതിയിലാണ് അരുണ്‍കുമാറിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.