X

മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ്; നോട്ട് അസാധുവാക്കല്‍ പാളിപ്പോയ പദ്ധതിയെന്ന് അരുണ്‍ ഷൂറി

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവും അടല്‍ബിഹാരി മന്ത്രിസഭയിലെ അംഗവുമായ അരുണ്‍ ഷൂരി. നോട്ടു നിരോധനം ആത്മഹത്യാപരമായ തീരുമാനമായിരുന്നുവെന്നും എല്ലാ കള്ളപ്പണവും വെളുപ്പിക്കാനുള്ള വഴിയായി അതു മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ഷൂരി. നോട്ടു നിരോധനത്തിനെതിരെ ബി.ജെ.പി ക്യാമ്പില്‍ നിന്നുയരുന്ന രണ്ടാമത്തെ വിമത സ്വരമാണ് ഷൂരിയുടേത്. നേരത്തെ മുന്‍ എന്‍.ഡി.എ ധനമന്ത്രി യശ്വന്ത് സിന്‍ഹയും മോദിയുടെ തീരുമാനത്തിനെരെ രംഗത്തു വന്നിരുന്നു.
‘ഈ സര്‍ക്കാര്‍ വെളിപാടിന്റേതാണ്. ഒരു രാത്രി പ്രധാനമന്ത്രിക്ക് നോട്ടുനിരോധനം നടത്തണമെന്ന് വെളിപാടുണ്ടാകുന്നു. അദ്ദേഹം അതു ചെയ്തു. ഏതൊരര്‍ത്ഥത്തിലും അതൊരു ധീര തീരുമാനമായിരുന്നു. ആത്മഹത്യയും ഒരു ധീര തീരുമാനമാണ് എന്ന് ഞാന്‍ ഓര്‍മിപ്പിക്കട്ടെ’ – ഷൂരി പറഞ്ഞു.

നോട്ടു നിരോധനം സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കിയ ഏറ്റവും വലിയ ധനാപഹരണ പദ്ധതിയാണ്. എല്ലാ കള്ളപ്പണവും വെളുപ്പിക്കപ്പെട്ടു- അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. നോട്ടു നിരോധനത്തിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞിരുന്നു.
‘നോട്ടുനിരോധനത്തെ അനുകൂലിച്ചു കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഏതു വാദമാണ് അതിജീവിച്ചത്? കള്ളപ്പണം? അതെല്ലാം വെളുപ്പിച്ചു. ഭീകരത? ഭീകരര്‍ ഇപ്പോഴും ഇന്ത്യയിലേക്ക് വരുന്നു. ഒടുവില്‍ അവര്‍ക്കൊന്നും പറയാനില്ല’-ഷൂരി കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക കാരണങ്ങളാണ് നിലവിലെ സാമ്പത്തി മാന്ദ്യത്തിനു കാരണമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അദ്ദേഹം പരിഹസിച്ചു. രണ്ടര വ്യക്തികളുടെ സര്‍ക്കാറാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതെന്നും മോദി, ജെയ്റ്റ്‌ലി, അമിത് ഷാ എന്നിവരെ ഉദ്ദേശിച്ച് ഷൂരി പറഞ്ഞു.

ജി.എസ്.ടി നടപ്പാക്കിയതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്ന് മാസത്തിനിടെ ഏഴു തവണ ജി.എസ്.ടിയില്‍ ഭേദഗതി വരുത്തിയത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.എസ്.ടി ഒരു ഇവന്റ് മാനേജ്‌മെന്റ് പരിപാടി പോലെയായിരുന്നു. അര്‍ധരാത്രി പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് സ്വാതന്ത്ര്യം ലഭിച്ച പോലെയാണ് അതാഘോഷിക്കപ്പെട്ടത്- അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനത്തിന് പിന്നാലെ സാമ്പത്തിക വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ സാഹചര്യത്തിലാണ് ബി.ജെ.പിയിലെ എതിര്‍സ്വരങ്ങള്‍ക്ക് ശക്തിപ്രാപിച്ചത്.

chandrika: