X
    Categories: MoreViews

അതൊക്കെ സിനിമയില്‍ മതി, റോഡില്‍ വേണ്ട – ബോളിവുഡ് നടന്‍ വരുണ്‍ ധവാനെതിരെ കര്‍ശന നടപടിയുമായി മുംബൈ പൊലീസ്

മുംബൈ: നടുറോട്ടില്‍ ആരാധികയെ സെല്‍ഫിയെടുക്കാന്‍ സഹായിച്ച് ‘ഹീറോ’ ആവാന്‍ ശ്രമിച്ച ബോളിവുഡ് നടന്‍ വരുണ്‍ ധവാനെതിരെ ശിക്ഷാ നടപടിയുമായി മുംബൈ പൊലീസ്. പൊതുനിരത്തില്‍ അപകടകരമായി പെരുമാറിയതിന് പിഴയും കനത്ത ശാസനയുമാണ് പൊലീസ് താരത്തിന് നല്‍കിയത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന വരുണ്‍ ധവാന്‍, ഓട്ടോറിക്ഷയിലായിരുന്ന ഒരു ആരാധികയെ സെല്‍ഫിയെടുക്കാന്‍ സഹായിക്കുന്നതിന്റെ ചിത്രങ്ങള്‍ മിഡ്-ഡേ പത്രമാണ് പ്രസിദ്ധീകരിച്ചത്. കാറിലായിരുന്ന ധവാന്റെ ഫോട്ടോ ഓട്ടോയിലിരുന്ന് എടുക്കാന്‍ ശ്രമിച്ച ആരാധികയുടെ ഫോണ്‍ ചോദിച്ചു വാങ്ങി ഇരു വാഹനങ്ങള്‍ക്കുമിടയില്‍ തലയിട്ട് ‘സെല്‍ഫി’ എടുത്തു കൊടുക്കുകയാണ് ധവാന്‍ ചിത്രത്തില്‍. ഇത് സാമൂഹ്യ മാധ്യമങ്ങളിലും ഏറെ പ്രചാരം നേടി.
എന്നാല്‍, താരത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് മുംബൈ പൊലീസ് ട്വിറ്ററില്‍ രംഗത്തു വന്നത്. ‘ഇത്തരം സാഹസങ്ങള്‍ വെള്ളിത്തിരയില്‍ ചെലവാകുമായിരിക്കും. ഏതായാലും മുംബൈയിലെ റോഡുകളില്‍ പറ്റില്ല. ഇത് നിങ്ങളുടെയും ആരാധകരുടെയും മറ്റു ചിലരുടെയും ജീവന്‍ വെച്ചുള്ള കളിയാണ്. നിങ്ങളെപ്പോലെയുള്ള മുംബൈയിലെ യൂത്തിന്റെ ഐക്കണില്‍ നിന്നും കുറച്ചുകൂടി ഉത്തരവാദിത്തമുള്ള പെരുമാറ്റമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഏതായാലും പിഴയുടെ ചലാന്‍ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. അടുത്ത തവണ ഞങ്ങള്‍ കുറച്ചുകൂടി കടുപ്പമായിരിക്കും. – മുംബൈ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.
മുംബൈ പൊലീസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത വരുണ്‍ ധവാന്‍ മാപ്പു ചോദിക്കുകയും ചെയ്തു. സെല്‍ഫിയെടുക്കുമ്പോള്‍ തന്റെയും ആരാധികയുടെയും വാഹനങ്ങള്‍ സഞ്ചരിക്കുകയായിരുന്നില്ലെന്നും ട്രാഫിക് സിഗ്‌നലിലായിരുന്നുവെന്നും ധവാന്‍ വ്യക്തമാക്കി. ഒരു ആരാധികയെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് സെല്‍ഫിയെടുക്കാന്‍ സമ്മതിച്ചതെന്നും ഇനി ശ്രദ്ധിക്കാമെന്നും താരം കുറിച്ചും.

chandrika: