X

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ പരാജയത്തില്‍ അതിയായ സന്തോഷം; കേരളത്തില്‍ ഒരവസരം കിട്ടിയാല്‍ ബി.ജെ.പി തീവെക്കും- അരുന്ധതി റോയ്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ പരാജയത്തില്‍ അതിയായ സന്തോഷമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉറങ്ങാതെ സന്തോഷിക്കുകയായിരുന്നു. കേരളത്തില്‍ ഒരവസരം കിട്ടിയാല്‍ ബി.ജെ.പി തീവെക്കും. അത് അനുവദിച്ചുകൊടുക്കരുത് -കൊച്ചിയില്‍ യുവധാര സാഹിത്യോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് അരുന്ധതി റോയ് പറഞ്ഞു.

കേരളം പോലൊരു ദേശം നിങ്ങള്‍ക്കെവിടെയും കാണാനാവില്ല. ബി.ജെ.പി സമം ആന മുട്ട. നമുക്ക് ആനയും വേണം മുട്ടയും വേണം, ബി.ജെ.പി വേണ്ട. കേരളത്തില്‍ ഒരവസരം കിട്ടിയാല്‍ ബി.ജെ.പി തീ വെക്കും. നമുക്ക് അതനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. കേന്ദ്രം മായ്ച്ചു കളഞ്ഞ ചരിത്രപാഠങ്ങള്‍ തിരിച്ചു കൊണ്ടുവരുന്ന കേരളത്തെക്കുറിച്ച്‌ എനിക്കഭിമാനമാണ്. നമുക്ക് ഹിന്ദു-ക്രിസ്ത്യന്‍- മുസ്ലിം വ്യത്യാസമില്ല.

ബി.ജെ.പിക്കെതിരെ ഒരുമിക്കണം. ദക്ഷിണേന്ത്യയിലെ വിജയവും പോരാട്ടവും ഡല്‍ഹിയിലേക്കും പടരണം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍. എല്ലാവരും ഒന്നിച്ച്‌ നില്‍ക്കേണ്ട സമയമാണിത്. ഫാഷിസ്റ്റുകള്‍ അടിസ്ഥാനപരമായി വിഡ്ഢികളാണ്. എല്ലാത്തരത്തിലുള്ള വിവേകപൂര്‍ണമായ ഇടപെടലുകളെ അവര്‍ എതിര്‍ക്കും.

ഇന്ത്യയിലെ പ്രധാന മാധ്യമങ്ങള്‍ക്കെല്ലാം, പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍, ഫണ്ട് മുടക്കുന്നത് ബി.ജെ.പിയാണ്. നല്ല ജേണലിസം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശക്തരെ സമാധാനപരമായിരിക്കാന്‍ സഹായിക്കുന്ന ജോലിയായി മാറിയിരിക്കുന്നു വടക്കേ ഇന്ത്യയില്‍ ജേണലിസം. ദക്ഷിണേന്ത്യയില്‍ നമ്മള്‍ അത് അനുവദിച്ചു കൂടാ. യഥാര്‍ഥ മാധ്യമ ധര്‍മം നിറവേറ്റുന്ന ദൗത്യം നിര്‍വഹിക്കുന്നത് നവമാധ്യമങ്ങളാണ്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അവയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. പുതിയ ഐ.ടി നിയമം ഇതിന്റെ ഭാഗമാണ്.

‘കേരള സ്‌റ്റോറി’ എന്ന സിനിമ ആരും വിശ്വസിക്കില്ല. അപഹാസ്യകരമായ പരിശ്രമമായിരുന്നു ഇത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരല്ല ഞാന്‍. പക്ഷേ 32,000 സ്ത്രീകളുടെ കഥ എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നതിന് എതിരാണെന്നും അരുന്ധതി റോയ്‌ പറഞ്ഞു.

webdesk14: