X
    Categories: keralaNews

ഏറുപടക്കം: വഴി അടയുന്നു

തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തില്‍ അവസാന പിടിവള്ളിയും പൊലീസിനെ കൈവിട്ടു. പ്രതിയെ കുറിച്ച് എന്തെങ്കിലുമൊരു സൂചന ലഭിക്കുമെന്ന പ്രതീക്ഷയും നഷ്ടപ്പെടുത്തുന്നതാണ് ഇപ്പോള്‍ സി ഡാക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

സി.സി ടി.വി ദൃശ്യങ്ങളില്‍ ഒന്നും കണ്ടെത്താനാകുന്നില്ലെന്നാണ് സി ഡാക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ സി ഡാക്കിന് കഴിയുമെന്നും അതിലൂടെ പ്രതിയിലേക്ക് എത്തിച്ചേരാനാകുമെന്നുമാണ് പൊലീസ് കരുതിയത്.സ്‌ഫോടകവസ്തു എറിഞ്ഞത് മെലിഞ്ഞുനീണ്ട ആളാണെന്നും എറിയാനെത്തിയത് ഹോണ്ട ഡിയോ സ്‌കൂട്ടറിലാണെന്നുമാണ് പൊലീസിന്റെ ഏകദേശ ധാരണ. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ നിഗമനം.

എന്നാല്‍ അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സി.സി.ടി.വി ഹാര്‍ഡ്ഡിസ്‌ക്കുകള്‍ സി.ഡാക്കിനു കൈമാറിയത്. എന്നാല്‍ അവരും ഇപ്പോള്‍ കൈയൊഴിഞ്ഞു. ആക്രമി എത്തിയ സ്‌കൂട്ടറിന്റെ നമ്പരും വ്യക്തിയെയും തിരിച്ചറിയാനാവില്ലെന്ന് സി.ഡാക്ക് അറിയിച്ചു. ഇതോടെ അന്വേഷണം നിലയ്ക്കുന്ന മട്ടാണ്. സംഭവസ്ഥലത്തു കൂടി സഞ്ചരിച്ചവരെ ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും കിട്ടിയിട്ടില്ല. ഫേസ്്ബുക്കില്‍ പോസ്റ്റിട്ട ആളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. അതിലൂടെയും കൂടുതല്‍ തെളിവൊന്നും ലഭിച്ചില്ല. ആക്രമി സഞ്ചരിച്ച വഴിയില്‍ നിന്ന ലോ കോളജ് യൂണിറ്റ് നേതാവിനെ ഉള്‍പെടെ 18 പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടും അന്വേഷണം എവിടെയും എത്തിയിട്ടില്ല. കഴിഞ്ഞ മാസം 30നാണ് രാത്രി 11.20ഓടെ എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞത്.

Chandrika Web: