X
    Categories: Sports

ക്ലബ് വിടണമെങ്കിൽ അതിന് അനുവദിക്കണം: ബാഴ്സലോണക്കെതിരെ വിദാൽ

സൂപ്പര്‍താരം ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ സ്പാനിഷ് ഭീമന്മാരായ എഫ്‌സി ബാഴ്‌സലോണക്കെതിരെ ആഞ്ഞടിച്ച് ടീം അംഗവും ചിലിയന്‍ രാജ്യാന്തര താരവുമായ ആര്‍തുറോ വിദാല്‍. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് വിശ്വസിക്കുന്ന ക്ലബില്‍ 13 പ്രൊഫഷണല്‍ താരങ്ങളും ബാക്കിയെല്ലാം യുവതാരങ്ങളുമാണെന്നായിരുന്നു വിദാലിന്റെ വിമര്‍ശനം. ലയണല്‍ മെസി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒരു ചാനലിനോട് പ്രതികരിക്കവെയാണ് താരം ബാഴ്‌സയുടെ നിലപാടിനെതിരെ തിരിഞ്ഞത്.

ഫുട്‌ബോളിനെ പറ്റിയുള്ള ചിന്താഗതി തന്നെ ആദ്യമായി ബാഴ്‌സലോണ മാറ്റണം. ഒരുപാട് വികാസം പ്രാപിച്ച കളിയാണ് ഫുട്‌ബോള്‍. എന്നാല്‍ ബാഴ്‌സയുടെ ഡിഎന്‍എ ഇപ്പോഴും ഏറെ പിന്നിലാണ്. മറ്റ് ടീമുകളാവട്ടെ, മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് കാര്യങ്ങളില്‍ ബാഴ്‌സ മാറ്റംവരുത്തണം. ഫുട്‌ബോള്‍ ഇപ്പോള്‍ കൂടുതല്‍ വേഗതയുടേയും കരുത്തിന്റെയും കളിയാണ്. അവിടെ ചിലപ്പോഴൊക്കെ ടെക്‌നിക്ക് പിന്‍നിരയിലാവും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു ടീമില്‍ 13 പ്രൊഫഷണല്‍ താരങ്ങളും ബാക്കി യുവതാരങ്ങളും ആവാന്‍ പാടില്ല. യുവതാരങ്ങള്‍ക്ക് അവിടെ കളിക്കാന്‍ അര്‍ഹതയില്ലെന്നല്ല. അവര്‍ ഏറ്റവും മികച്ചവരുമായി ഏറ്റുമുട്ടി അതിന് അര്‍ഹത നേടണം.” വിദാല്‍ പറഞ്ഞു.

“എല്ലാ ടീമുകളിലും 23 താരങ്ങളാണ് പരസ്പരം സ്ഥാനത്തിനായി മത്സരിക്കുന്നത്. ഓരോ ദിവസവും അവർ മെച്ചപ്പെടുകയും വളരുകയുമാണ്. അവർ മെച്ചപ്പെടാതിരിക്കുമ്പോൾ, ഡിഎൻഎ കൊണ്ട് നിങ്ങൾക്ക് വിജയിക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് തെറ്റാണ്. മെസ്സിയെപ്പോലെ മികച്ച താരങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. പക്ഷേ, അദ്ദേഹത്തിനും സഹായം വേണം. ടീമിനെ മെച്ചപ്പെടുത്താനും മികച്ച ഫലം കൊണ്ടുവരാനും നല്ല കളിക്കാരെ വേണം. ഒരു താരം ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുവെങ്കിലോ ഒരു താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ അയാളെ മാന്യമായി പോകാൻ അനുവദിക്കുക. കാരണം, എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്”, വിദാല്‍ കൂട്ടിച്ചേര്‍ത്തു

chandrika: