ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡുകള്‍ എഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്നതും ജനാധിപത്യപരവുമായ സാങ്കേതികവിദ്യകള്‍ക്കും പക്ഷപാതരഹിതമായ വിവരങ്ങള്‍ക്കും മോദി ആഹ്വാനം ചെയ്യുകയും നവീകരണവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക ഭരണത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു. പാരീസില്‍ നടക്കുന്ന എഐ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എഐ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
രാഷ്ട്രീയം,സുരക്ഷ, സമ്പദ്‌വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്. ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡെഴുതുകയാണ് എഐ. എന്നാല്‍, മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റു നാഴികകല്ലുകളില്‍നിന്ന് വ്യത്യസ്തമാണ് എഐ. മറ്റേത് ടെക്‌നോളജിയേക്കാളും അതിവേഗത്തിലാണ് ഇതിന്റെ വളര്‍ച്ച സംഭവിക്കുന്നത്. എഐയുടെ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണം. വ്യവസായം, കാര്‍ഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെല്ലാം എഐ മാറ്റിമറിക്കും. എന്നിരുന്നാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിയെ ബാധിക്കില്ല. അതിന്റെ വ്യാപനം ഉണ്ടാവുമ്പോള്‍ പുതിയതരം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.- മോദി പറഞ്ഞു.
എഐയുടെ വൈവിധ്യം കണക്കിലെടുത്ത് ഇന്ത്യ സ്വന്തമായി വലിയ ലാംഗ്വേജ് മോഡല്‍ നിര്‍മിക്കുകയാണ്. കമ്പ്യൂട്ടിംഗ് പവര്‍ പോലുള്ള കാര്യങ്ങള്‍ക്കായി രാജ്യത്ത് സവിശേഷമായ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.