X

ന്യൂനപക്ഷ വേട്ടയുടെ ശ്രീലങ്കന്‍ അധ്യായം

എം ഉബൈദുറഹ്മാന്‍

പ്രതീക്ഷിച്ച വഴിയേ തന്നെയായിരുന്നു ആഗസ്ത് എട്ടാം തീയ്യതി പുറത്ത്‌വന്ന ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം. 225 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 145 അംഗങ്ങളെ വിജയിപ്പിച്ചെടുത്താണ് മഹീന്ദ രജ്പക്‌സെ നേതൃത്വം കൊടുക്കുന്ന ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ തകര്‍പ്പന്‍ ജയം. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് അഞ്ച് അംഗങ്ങളുടെ മാത്രം കുറവ്. ബി.ജെ.പിയും ആര്‍. എസ്.എസും ഇന്ത്യയില്‍ പ്രയോഗിക്കുന്ന അതേ പ്രചാരണ (കു)തന്ത്രങ്ങളാണ് രാജ്പക്‌സെ കുടുംബം നേതൃത്വം കൊടുക്കുന്ന, കേവലം നാല് വര്‍ഷം മാത്രം പ്രായമായ, ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പയറ്റിയത്. ഭൂരിപക്ഷവാദം, തമിഴ് മുസ്‌ലിം വിരോധം മുതലായ നിഷേധാത്മക വികാരങ്ങള്‍ ഇളക്കിവിട്ട് പ്രചാരണരംഗം വിഷമയമാക്കിയപ്പോള്‍ രാജ്യജനസംഖ്യയിലെ 75 ശതമാനം വരുന്ന സിംഹള ബുദ്ധിസ്റ്റ് വംശജര്‍ രാജപക്‌സെ പക്ഷത്തേക്ക് ചായുകയും അവര്‍ ലക്ഷ്യമിട്ട മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിനായിരുന്നു ശ്രീലങ്ക സാക്ഷ്യംവഹിച്ചത്. ചെറു കക്ഷികളെ പാട്ടിലാക്കിയും കുതിരക്കച്ചവടം നടത്തിയും മൂന്നില്‍രണ്ടു ഭൂരിപക്ഷം ഉറപ്പാക്കിയാല്‍ രാജ്പക്‌സെ കുടുംബത്തിന് അവരുടെ അഭീഷ്ടത്തിനൊത്ത് ശ്രീലങ്കയുടെ രാഷ്ട്രീയ, സാമൂഹ്യഘടന മാറ്റിയെഴുതാന്‍ ഇനി എളുപ്പം സാധിക്കും. 2019 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരത്തെടുപ്പിലും തകര്‍പ്പന്‍ വിജയം നേടി അധികാരമുറപ്പിച്ച ഗോട്ടാബായ മഹീന്ദാ കുടുംബാധിപത്യ സര്‍ക്കാറിനെ സംശയത്തോടെയും അതിലേറെ ഭീതിയോടെയുമാണ് ശ്രീലങ്കയിലെ തമിഴ്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ നോക്കിക്കാണുന്നത്.
2009 ല്‍ കിരാത മാര്‍ഗങ്ങളിലൂടെ തമിഴ് സിംഹള സംഘര്‍ഷം അമര്‍ച്ച ചെയ്ത അന്നത്തെ പ്രതിരോധ മന്ത്രിയായ ഗോട്ടാബായ രാജപക്‌സെ കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രസിഡണ്ടായതിന് ശേഷവും തമിഴ് വംശജര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് കുറവൊന്നുമില്ല. പ്രതിരോധ മന്ത്രിയായിരിക്കെ ഗോട്ടാബായയുടെ നേതൃത്വത്തില്‍ നടത്തിയ മിലിട്ടറി ഓപറേഷനില്‍ ജീവന്‍ നഷ്ടപ്പെട്ടതും പട്ടാള അതിക്രമം കാരണം രാജ്യം വിടേണ്ടി വന്നതും അനേകായിരങ്ങള്‍ക്കായിരുന്നു. 26 വര്‍ഷം നീണ്ട തമിഴ് സിംഹള സംഘര്‍ഷത്തിലും തുടര്‍ന്നും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങളുണ്ടാകില്ല. പ്രസിഡണ്ട് പദവിയിലെത്തിയശേഷവും ഗോട്ടാബായ തമിഴ് വംശജരോടു കാട്ടിയ വിദ്വേഷത്തിനും ഒടുങ്ങാത്ത പകക്കുമുള്ള ഒന്നാംതരം തെളിവാണ് കോവിഡ് കാലത്ത് അവര്‍ കൈക്കൊണ്ട ചില മനുഷ്യത്വരഹിത നടപടികള്‍. മഹാമാരി സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള കര്‍മസേനയുടെ ചുമതല ആരോഗ്യ വകുപ്പ് മേധാവിക്കുപകരം പട്ടാള ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ ഷാവേന്ദ്ര സില്‍വയെയാണ് സര്‍ക്കാര്‍ ഏല്‍പിച്ചത്. ഇറ്റലി, കൊറിയ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്‍നിന്നും രാജ്യത്തെത്തുന്ന ശ്രീലങ്കന്‍ പൗരന്‍മാരെ ക്വാറന്റൈന്‍ ചെയ്യാനുള്ള കേന്ദ്രങ്ങള്‍ തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ പ്രദേശമായ ബട്ടിക്കൊളോവയിലേക്ക് മാറ്റുന്ന നടപടിക്കായിരുന്നു കേണലിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോസ് ആദ്യം തുനിഞ്ഞത്. അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യ തലസ്ഥാനമായ കൊളംബോയില്‍നിന്നു മുന്നൂറ് കിലോമീറ്റര്‍ അകലെയാണ് ബട്ടിക്കളോവ. പ്രദേശ വാസികളുടെ ചെറുത്ത് നില്‍പ് വകവെക്കാതെ അന്‍പതോളം സ്‌കൂളുകളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയത്. പ്രതിഷേധിച്ച നിരവധി തമിഴരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കര്‍ഫ്യു ലംഘിച്ചു എന്ന കുറ്റമാരോപിക്കപ്പെട്ടു അര ലക്ഷത്തിലധികം പേര്‍ വേറെയും. കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് മുഴുപ്പട്ടിണിയിലായ തമിഴര്‍ക്ക് ഭക്ഷണം വിതരണം ചെയ്തില്ലെന്നു മാത്രമല്ല സൗജന്യ ഭക്ഷണ വിതരണത്തിന് മുതിര്‍ന്ന സന്നദ്ധ പ്രവര്‍ത്തകരെയും എന്‍.ജി.ഒകളേയും ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയും ചെയ്തു.
മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉറപ്പാക്കിയാല്‍ ശ്രീലങ്കന്‍ ഭരണകൂടം ഉടനെ ചെയ്യാന്‍ പോകുന്നത് ഭരണഘടനയുടെ 13, 19 ഭേദഗതികള്‍ പിന്‍വലിക്കലാകുമെന്നാണ് ജനാധിപത്യ വിശ്വാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഭയപ്പെടുന്നത്. അധികാര വികേന്ദ്രീകരണവും പ്രവിശ്യാ സ്വയംഭരണവും ലക്ഷ്യംവെച്ചുള്ള ഭരണഘടനയുടെ 13ാം ഭേദഗതി 1987 ലെ ഇന്ത്യാ ശ്രീലങ്കാ കരാറിന്റെ ഭാഗമായാണ് നിലവില്‍ വന്നത്. രാജ്യത്തിന്റെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന തമിഴ് ഭൂരിപക്ഷ പ്രവിശ്യകളെയായിരിക്കും ഭേദഗതി പിന്‍വലിക്കല്‍ സാരമായി ബാധിക്കാന്‍ പോകുന്നത്. രാജ്യത്തിന്റെ അഖണ്ഡതയുടെയും സുരക്ഷയുടെയും പേരില്‍ അധികാരം മൊത്തമായി പ്രസിഡണ്ടില്‍ നിക്ഷിപ്തമാക്കാനും അതുവഴി തമിഴ് വംശജരെ കൂടുതല്‍ ഒതുക്കാനുമുള്ള തന്ത്രമാണിതെന്ന് വ്യക്തം. മോദി സര്‍ക്കാര്‍ ഇതു സംബന്ധമായി ഒന്നും ഉരിയാടുന്നില്ല എന്നതാണ് വിചിത്രമായ വസ്തുത. ഇന്ത്യയില്‍ വേരുകളുള്ള ലക്ഷക്കണക്കിന് തമിഴ് വംശജരെ ബാധിക്കുന്ന പ്രശ്‌നമായിട്ടുപോലും കേന്ദ്ര സര്‍ക്കാര്‍ മൗനമവലംബിക്കുന്നതിന് കാരണം തന്ത്രപ്രധാന മേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ രാജ്യം ചൈനീസ് പക്ഷത്തേക്ക് ചായുമോ എന്ന ഭയപ്പാടാകാം. വിശേഷിച്ചും ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് രാജ്പക്‌സെ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യതയുള്ള മറ്റൊന്നാണ് പ്രസിഡണ്ടിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന 19ാം ഭരണഘടനാ ഭേദഗതി.
ശ്രീലങ്കന്‍ ജനസംഖ്യയില്‍ പതിനഞ്ച് ശതമാനമാണ് ഹിന്ദു തമിഴ് വംശജരെങ്കില്‍ പത്ത് ശതമാനത്തോടടുത്തു മാത്രമാണ് മുസ്‌ലിംകളുള്ളത്. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 250ല്‍പരം പേരുടെ ജീവനപഹരിച്ച ദൗര്‍ഭാഗ്യകരമായ സ്‌ഫോടന പരമ്പരകളെതുടര്‍ന്ന് മുസ്‌ലിംകളെ ഭീകരതയുടെയും തീവ്രവാദത്തിന്റെയും പ്രതിപുരുഷന്‍മാരായാണ് ശ്രീലങ്കയൊട്ടുക്കും വീക്ഷിക്കപ്പെടുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.എസ് ഏറ്റെടുത്തിരുന്നെങ്കിലും ലങ്കയിലെതന്നെ ചില മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദി ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിന്റെ പിന്നിലെന്നാണ് സര്‍ക്കാര്‍ പക്ഷം. സ്‌ഫോടനത്തെക്കുറിച്ചു ദുരൂഹത തുടരുമ്പോഴും ഇതിന്റെ സൂത്രധാരനെന്ന് കണക്കാക്കപ്പെടുന്ന സഹ്‌റാന്‍ ഹാഷ്മി ഗോടാ ബായ രാജ്പക്‌സയുമായി അടുപ്പമുള്ള ആളാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഏതായാലും സ്‌ഫോടനാനന്തരം കുറച്ചൊന്നുമല്ല മുസ്‌ലിം ന്യൂനപക്ഷത്തിന് ആ രാജ്യത്ത് ശാരീരിക, മാനസിക, സാമൂഹ്യ പീഡനങ്ങളേല്‍ക്കേണ്ടിവരുന്നത്. ബുദ്ധമത വിശ്വാസികളാല്‍ കടകള്‍ നശിപ്പിക്കപ്പെട്ടവരുടെയും ഭവനരഹിതരാക്കപ്പെട്ടവരുടെയും എണ്ണം നിരവധിയാണ്. പൊതുവെ വംശീയ വിരോധികളായ ഇന്നത്തെ ബുദ്ധമതാനുയായികള്‍ക്ക് മുസ്‌ലിം അപരത്വ നിര്‍മിതി സുഗമമാക്കാനും വിദ്വേഷം ആളിക്കത്തിക്കാനും ഈ സ്‌ഫോടന പശ്ചാത്തലം വഴിയൊരുക്കിയിട്ടുണ്ട്. ‘ബൊദ്ധു ബാല സേന’ പോലെയുള്ള ബുദ്ധ സംന്യാസി സംഘങ്ങള്‍ നേരിട്ട് നടത്തുന്ന ഇത്തരം മുസ്‌ലിം അപരവല്‍കരണ ശ്രമങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും ശ്രീലങ്കയിലൊട്ടുക്കും അതിവേഗം പ്രചാരം കിട്ടുന്നു എന്നതാണ് സങ്കടകരമായ കാര്യം. മുസ്‌ലിംകള്‍ നടത്തിവരുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതും ബുദ്ധമത മേലധ്യക്ഷന്‍മാര്‍ തന്നെയായിരുന്നു. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ ശ്രീലങ്ക മ്യാന്‍മറിന്റെ തനിയാവര്‍ത്തനമായാല്‍പോലും അത്ഭുതപ്പെടേണ്ടതില്ല. 2017 ല്‍ മ്യാന്‍മാറില്‍ ബുദ്ധമതാനുയായികള്‍ മാത്രമുള്‍ക്കൊള്ളുന്ന സൈന്യം നടത്തിയ വംശ ശുദ്ധീകരണത്തിന്റെ അഭിശപ്ത സ്മൃതികള്‍ ഇനിയും മാഞ്ഞുപോകാറായിട്ടില്ല. അഹിംസ എന്ന മഹിത മൂല്യം എന്നെന്നും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ ബുദ്ധമത അനുയായികള്‍ തന്നെയാണ് വംശവെറി മൂലം തങ്ങളുടെ സഹജീവികളെ ഹിംസിക്കുന്നത് എന്നതൊരു വൈരുധ്യമാകാം. മ്യാന്‍മറിലെ റഖീന്‍ സ്റ്റേറ്റില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ദുര്‍ഗതി തന്നെയാകുമോ തങ്ങളെയും കാത്തിരിക്കുന്നതെന്ന് ശ്രീലങ്കയിലെ മുസ്‌ലിം ന്യൂനപക്ഷം ഭയപ്പെടുന്നത് സ്വാഭാവികം. കാരണം ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങള കശാപ്പ് ചെയ്യുന്ന ഇന്ത്യാ, മ്യാന്‍മര്‍ ഭരണകൂടങ്ങളുടെ അതേ പാതയില്‍ തന്നെയാണ് ഇന്ന് ശ്രീലങ്കയും.

Test User: