X

മറവിയാകില്ല, സ്‌നേഹത്തിന്റെ ആ മഹാഗോപുരം


പെരുമ്പടവം ശ്രീധരന്‍
വ്യക്തിപരമായി അത്രയേറെ അടുപ്പമില്ലെങ്കിലും കണ്ടുമുട്ടുമ്പോഴൊക്കെ എന്നോട് എന്തെന്നില്ലാത്ത സ്‌നേഹവും വാത്സല്യവും കാണിച്ചിട്ടുള്ള ആളായിരുന്നു ശിഹാബ് തങ്ങള്‍. മനുഷ്യനെക്കുറിച്ച് ഉദാരമായി ചിന്തിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ഏതെങ്കിലും തരത്തിലുള്ള അവശത അനുഭവിക്കുന്ന വ്യക്തികളുടേയും സമൂഹത്തിന്റേയും പേരില്‍ എന്തെന്നില്ലാത്ത ഒരു ഉത്കണ്ഠയുണ്ടായിരുന്നു തങ്ങള്‍ക്ക്. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വം വഹിക്കുമ്പോഴും മറ്റ് പാര്‍ട്ടികളേയും അദ്ദേഹം ബഹുമാനിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് ധാരാളം കേട്ടിട്ടുണ്ട്. അതേറെയും ആ വ്യക്തി മഹാത്മ്യത്തെക്കുറിച്ചുള്ള അപദാനങ്ങളായിരുന്നു. ഏതൊരാളെയും ജാതിയോ, മതമോ, രാഷ്ട്രീയമോ പരിഗണിക്കാതെ ശുദ്ധ മനുഷ്യനായി കാണാനുള്ള ഒരു സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ആ വ്യക്തി മാഹാത്മ്യം കൊണ്ടാണ് അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെടുന്ന, ഓര്‍മ്മിക്കപ്പെടുന്ന ഒരു മഹാ വ്യക്തിത്വമായി തീര്‍ന്നത്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഇന്ത്യയൊട്ടാകെ ഇളകിമറിയുകയുണ്ടായി. വേണമെങ്കില്‍ ആ അവസ്ഥ ഒരു വര്‍ഗീയ ലഹളയുടെ തലത്തില്‍ ചെന്നെത്താമായിരുന്നു. ബാബരി മസ്ജിദിന്റെ പതനം മുസ്‌ലിംകളെ മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് ബോധമുള്ള സകലരേയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ഇന്ത്യന്‍ മനസ്സിന് ബാബരി മസ്ജിദിന്റെ പതനം അസഹനീയമായ ഒരനുഭവമായിരുന്നു. മുസ്‌ലിംകളെ മാത്രമല്ല, ഇന്ത്യയിലെ ഇതര ജനവിഭാഗങ്ങളുടേയും മനസ്സില്‍ അന്നുണ്ടായ മുറിവിനെക്കുറിച്ച് ചരിത്രം എന്നും ഓര്‍മിക്കും. മറ്റ് മതങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്ത സമൂഹം കാലത്തിന് മുന്നില്‍ കുറ്റവാളികളായി തീരും. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ തകര്‍ക്കാനുള്ള ഒരു നിഗൂഢ പദ്ധതിയായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. ഞാന്‍ പറയുന്നത് ഏറ്റവും ആപല്‍ക്കരമായ ഒരു ചരിത്ര സന്ദര്‍ഭത്തെക്കുറിച്ചാണ്. ഏത് നിമിഷവും ആളിപ്പടരാവുന്ന ഒരു വര്‍ഗീയ ലഹളയെക്കുറിച്ച് അന്നെല്ലാവരും ഭയപ്പെട്ടിരുന്നു. അത്തരം നിര്‍ണായകമായ ഒരു സന്ദര്‍ഭത്തില്‍ ഒരു സമൂഹത്തിന്റെ പ്രകോപിതമായ അവസ്ഥയെ ശാന്തമാക്കിയത് ശിഹാബ് തങ്ങളുടെ മനസ്സാന്നിധ്യമാണ്.
ഇത്തരം പ്രകോപനങ്ങളെ സമചിത്തതയോടെ നേരിടാന്‍ നമുക്ക് കഴിയണമെന്ന് തങ്ങള്‍ ആഗ്രഹിക്കുകയും ഇന്ത്യന്‍ സമൂഹത്തോട് അത് വിളിച്ചുപറയുകയും ചെയ്തു. അത്തരം ഒരു സന്ദര്‍ഭത്തെ അതിജീവിക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ ഉറപ്പായിരുന്നു. ഒരുപക്ഷേ അന്നാണ് ഇന്ത്യ ആ വലിയ മനുഷ്യനെ തിരിച്ചറിഞ്ഞത്. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് അന്യോന്യം സ്‌നേഹവും വാത്സല്യവും പുലര്‍ത്താന്‍ അദ്ദേഹം എല്ലാ ഇന്ത്യക്കാരോടുമായി പറഞ്ഞു. ഇന്ത്യന്‍ ജനത ആ വാക്ക് അനുസരിക്കുകയും ചെയ്തു. തീപിടിച്ചേക്കാവുന്ന ഒരു ചരിത്ര സന്ദര്‍ഭത്തെ അത്തരമൊരു പ്രതിസന്ധിയില്‍നിന്ന് മോചിപ്പിച്ചെടുത്തത് തങ്ങളുടെ മഹാമനസ്സിന്റെ മഹത്വംകൊണ്ടാണ്. ബഹുസ്വരതയില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ സ്വപ്‌നങ്ങളെ അദ്ദേഹം പൊന്നുപോലെ കാത്തുസൂക്ഷിച്ചു.
മതത്തിന്റേയും ജാതിയുടേയും പേരില്‍ ആളുകളെ വൈകാരികമായി സംഘടിപ്പിക്കാനും അക്രമോത്സുകരാക്കാനും ആര്‍ക്കും സാധിക്കും. എന്നാല്‍ മുറിവേറ്റ ഒരു ജനതയുടെ ആത്മരോഷത്തെ ആര്‍ദ്രമായ കാരുണ്യം കൊണ്ടേ ആശ്വസിപ്പിക്കാനാകൂ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ശിഹാബ് തങ്ങള്‍ ശാന്തിദൂതനെ പോലെ ഹൃദയാര്‍ദ്രമായ സ്‌നേഹം കൊണ്ടാണ് സമുദായത്തെ ശാന്തമാക്കിയത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ മാത്രമല്ല, ചരിത്രത്തിലെ നിരവധി നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ശിഹാബ് തങ്ങളുടെ ഇടപെടല്‍ ഉണ്ടായി. രാജ്യത്തിന്റെ മതമൈത്രിയുടെ പ്രകാശഗോപുരമായി തന്റെ ജീവിത കാലമത്രയും അറിയപ്പെടാനും ശാന്തിയുടെ പ്രഭ ചൊരിഞ്ഞ്‌നില്‍ക്കാനും ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു.
അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഗോപുരവാതില്‍ ഏതോ സാമൂഹ്യവിരുദ്ധര്‍ തീയിട്ട സംഭവം കേരളത്തിന്റെ പൊതുജീവിതത്തില്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ പടര്‍ത്തിയ ഒന്നായിരുന്നു. അന്ന് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന തങ്ങള്‍, തന്റെ ആരോഗ്യ സ്ഥിതിയെല്ലാം അവഗണിച്ച് അങ്ങാടിപ്പുറത്തെ ക്ഷേത്രാങ്കണത്തിലെത്തിയ ചരിത്ര നിമിഷം എത്ര വലിയ അസ്വസ്ഥകളെയാണ് തട്ടിമാറ്റിയത്. കത്തിയാളുമായിരുന്ന വര്‍ഗീയ കലാപത്തെ തന്റെ മാസ്മരികമായ സാന്നിധ്യംകൊണ്ട് മറികടക്കാന്‍ ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ, സാമുദായിക സംഘര്‍ഷങ്ങള്‍ തലപൊക്കിയപ്പോഴൊക്കെ, പ്രത്യേകിച്ച് നാദാപുരത്ത് അക്രമ പരമ്പരകളും കൊലപാതകങ്ങളുമുണ്ടായപ്പോള്‍ ശിഹാബ് തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. പരസ്പര ബഹുമാനത്തില്‍ അടിയുറച്ചതായിരുന്നു തങ്ങളുടെ ഇടപെടല്‍. ശിഹാബ് തങ്ങളെ കണ്ട സന്ദര്‍ഭങ്ങളിലൊക്കെ വശ്യമായ ഒരടുപ്പം എനിക്കുണ്ടായി. ഓരോ കണ്ടുമുട്ടലുകളും സ്‌നേഹാനുഭവം മാത്രം പകര്‍ന്നുതന്നു. തങ്ങള്‍ക്ക് ചുറ്റും പ്രസരിച്ചിരുന്നത് മാസ്മരികമായ ഒരു സ്‌നേഹ ചൈതന്യമായിരുന്നു. പണമോ, പ്രശസ്തിയോ, അധികാരമോ, പദവിയോ, പുരസ്‌കാരങ്ങളോ ഒന്നും അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാല്‍ എല്ലാം തങ്ങളെ തേടിയെത്തി. ഒന്നും ആഗ്രഹിക്കാത്തതുകൊണ്ടാകണം അദ്ദേഹത്തിന് എല്ലാം ലഭിച്ചത്.
ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഒരുപാട് പേര്‍ എന്നോട് പങ്ക്‌വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാഹാത്മ്യം എല്ലാവരുടേയും വാക്കുകളില്‍ ജ്വലിച്ചുനിന്നിരുന്നു. ശിഹാബ് തങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ അഗതികള്‍ക്ക് നല്‍കുന്ന അനുഭവമാണ് ഒരു സുഹൃത്ത് പങ്ക് വെച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജ്വല്ലറികള്‍ ഉദ്ഘാടനം ചെയ്തത് ശിഹാബ് തങ്ങളായിരിക്കണം. ഉദ്ഘാടനത്തിന് പോകുമ്പോഴൊക്കെ ശിഹാബ് തങ്ങള്‍ക്ക് ലഭിച്ചിരുന്ന സമ്മാനങ്ങള്‍ ഒരിക്കലും അദ്ദേഹം തുറന്നു നോക്കിയിരുന്നില്ല. അഗതികളുടേയും അനാഥരുടേയും വീടുകളിലെത്തി അത് അദ്ദേഹം കൈമാറി. തനിക്ക് ലഭിച്ചതെല്ലാം അവശതയനുഭവിക്കുന്നവര്‍ക്കായി അദ്ദേഹം നല്‍കി. സമ്മാനങ്ങളിലടങ്ങിയ മൂല്യത്തേക്കാള്‍ ശിഹാബ് തങ്ങള്‍ പകര്‍ന്ന കാരുണ്യവും സ്‌നേഹവുമായിരുന്നു ജനസമൂഹത്തെയാകെ സ്വാധീനിച്ചത്. ഇതായിരുന്നില്ലേ മലപ്പുറത്തെ ഒരു ഗ്രാമത്തിലിരുന്ന് കേരളത്തെ കീഴടക്കിയ ശിഹാബ് തങ്ങളുടെ ജാലവിദ്യ?.
കേരള ഭരണത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ പങ്കാളിത്തം വഹിച്ച പാര്‍ട്ടിയുടെ അധ്യക്ഷനായിരുന്നു മൂന്നര പതിറ്റാണ്ട് കാലത്തോളം ശിഹാബ് തങ്ങള്‍. എങ്കിലും ഒരു അധികാര സ്ഥാനത്തേക്കും അദ്ദേഹം മത്സരിച്ചില്ല. ഒരു അധികാര കസേരിയിലും അദ്ദേഹം ഇരിക്കാന്‍ ശ്രമിച്ചില്ല. അത്രമേല്‍ നിര്‍മലമായ, നിരുപാധികമായ നിസ്വാര്‍ത്ഥതയായിരുന്നു ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ ഏറെ പുതുമുഖമായിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്നും കെയ്‌റോ സര്‍വകലാശാലയില്‍ നിന്നും വിദ്യാഭ്യാസം നേടി നാട്ടില്‍ തിരിച്ചെത്തി ഏറെനാള്‍ കഴിയുന്നതിന് മുമ്പാണ് യുവാവായിരുന്ന ശിഹാബ് തങ്ങള്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തത്. പിന്നീട് മൂന്നര പതിറ്റാണ്ട് കാലം മതേതര ഇന്ത്യയുടെ മഹാ ഗോപുരമായി അദ്ദേഹം വര്‍ത്തിച്ചു. ദേശീയ, സാര്‍വദേശീയ നേതാക്കള്‍ മുതല്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്ന സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ മനുഷ്യനോടുവരെ ഒരേ ഹൃദയവായ്‌പോടെ അദ്ദേഹം സംസാരിച്ചു, ഇടപെട്ടു. എല്ലാ വിധ വിഭാഗീയതകള്‍ക്കുമതീതമായിരുന്നു ശിഹാബ് തങ്ങളെന്ന സ്‌നേഹക്കൂട്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം കണ്ട വിശ്വപൗരന്‍. ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് ഒരു പതിറ്റാണ്ടാകുന്നു. ഒരു ജനതക്കാകെ സ്‌നേഹവും തണലും തന്ന ആ മഹാവൃക്ഷത്തിന്റെ ഓര്‍മ ഇനിയുമൊരുപാട് കാലം സൗഹാര്‍ദ്ദത്തിന്റേയും മതേതരത്വത്തിന്റേയും പാതയില്‍ അതിജീവനത്തിന് കേരള ജനതയെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും -മരപ്പെയ്ത്ത് പോലെ. ആ ചരിത്ര പുരൂഷന് മുന്നില്‍ ആദരപൂര്‍വം തലകുനിക്കുന്നു.
(കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡണ്ടും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമാണ് ലേഖകന്‍)

web desk 1: