X
    Categories: Video Stories

ആര്‍.എസ്.എസും രാമക്ഷേത്രവും

എ.വി ഫിര്‍ദൗസ്‌

രാജ്യത്തെ 13 ശതമാനം മാത്രം വരുന്ന വിഭാഗത്തിനുവേണ്ടി ശേഷിച്ച 87 ശതമാനം ജനതയുടെ ജീവിതത്തെ മുച്ചൂടും മുടിപ്പിക്കുന്ന നയവൈകല്യങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഈ നയങ്ങള്‍ക്കെതിരെ എതിര്‍പ്പുയര്‍ത്തിയവരില്‍ ഗോവിന്ദാചാര്യയെയും എസ് ഗുരുമൂര്‍ത്തിയെയും പിന്‍പറ്റുന്ന ആര്‍.എസ്.എസ് നേതാക്കളും ഇടത്തരം ചുമതലക്കാരുമെല്ലാം ഉണ്ടായിരുന്നു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം, സ്വദേശി ജാഗരണ്‍മഞ്ച്, ഭാരതീയ മസ്ദൂര്‍ സംഘ് തുടങ്ങിയ പരിവാറിന്റെ തന്നെ വിവിധ അനുബന്ധ ഘടകങ്ങളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് പിടിച്ചുപറ്റിയവയാണ് മോദി സര്‍ക്കാറിന്റെ മിക്കവാറും എല്ലാ നയങ്ങളും. ഇതെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാറിന്റെ പരാജയവും ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയുമെല്ലാം വരുന്ന തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടികള്‍ക്കിടയാക്കുമെന്ന പാഠം ഉള്‍ക്കൊണ്ട് തന്നെയാണ് ഇപ്പോള്‍ സംഘ്പരിവാര്‍ അയോധ്യയിലേക്ക് തിരിഞ്ഞിരിക്കുന്നത്. സന്യാസിമാരെ രംഗത്തിറക്കി സര്‍ക്കാറിനെതിരെ സംസാരിപ്പിച്ചത് അമിത്ഷായും മോഹന്‍ ഭാഗവതും ആസൂത്രണം ചെയ്ത നാടകം മാത്രമായിരുന്നു. എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ ഇന്ത്യയിലെ ഹിന്ദുക്കളുടെ അനിവാര്യ ആവശ്യമായി ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കള്‍ തയ്യാറല്ല. അവര്‍ ഹിന്ദുക്കളെ മുന്‍നിര്‍ത്തി സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ കളിക്കുന്ന നാടകങ്ങള്‍ തിരിച്ചറിയുന്നുണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെട്ടെന്ന് ഉണര്‍ന്ന് ഉത്തേജിതമാകുന്ന സംഘ്പരിവാറിന്റെ ഹിന്ദു സ്‌നേഹത്തിന്റെ തനിനിറം മനസ്സിലാക്കുന്ന ബഹുഭൂരിപക്ഷം ഹിന്ദുക്കളെ ഉപയോഗിച്ച് മോദി അധികാരത്തിലെത്തുന്നത് തടയാന്‍ ഇന്ത്യയിലെ മതനിരപേക്ഷ പ്രതിപക്ഷത്തിന് സാധിക്കുക എന്നതാണ് പ്രധാനം. മോദി ഗവണ്‍മെന്റിനെ തുറന്നുകാട്ടാനും താഴെയിറക്കാനും ആവശ്യമായ വസ്തുതകളും വിവരങ്ങളും ശേഖരിക്കുന്നതില്‍ ഇന്ത്യയിലെ പ്രതിപക്ഷം വളരെ പിറകില്‍ തന്നെയാണ് ഇപ്പോഴും. വ്യാപകമായി നിലനില്‍ക്കുന്ന അസംതൃപ്തിയെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷക്കാലവും മോദി സര്‍ക്കാര്‍ സഞ്ചരിച്ചത് സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍ക്കൊപ്പമാണ്. ഭരണ നേട്ടങ്ങളും സര്‍ക്കാറിനെ കൊണ്ടുള്ള പ്രയോജനങ്ങളുമെല്ലാം രാജ്യത്തെ കുത്തകകള്‍ക്കും സമ്പന്ന വിഭാഗത്തിനുമായി അടിയറ വെച്ചപ്പോള്‍ സാധാരണക്കാരും ദരിദ്രരും അവഗണിക്കപ്പെട്ടു. ഹിന്ദു രക്ഷകരെന്ന് വാദിക്കുന്നവര്‍ അധികാരത്തിലെത്തിയശേഷം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കുവേണ്ടി അവര്‍ എന്തു ചെയ്തു എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലും അവര്‍ക്കാവുന്നില്ല. ദലിതരെയും മുസ്‌ലിംകളെയും തല്ലിക്കൊന്നതും ഗോരക്ഷയുടെ പേരില്‍ ഗോഗോ വിളികള്‍ ഉയര്‍ത്തിയതുമാണ് ഹിന്ദുരക്ഷാ സേവനങ്ങള്‍ എങ്കില്‍ സാക്ഷാല്‍ യോഗി ആദിത്യനാഥിന്റെ നാട്ടില്‍ പോലും അതൊന്നും ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ദാരിദ്ര്യത്തെയും പട്ടിണിയെയും വികസനത്തെയും കുറിച്ച് ചോദിക്കുമ്പോള്‍ ക്ഷേത്രത്തെയും അമ്പലത്തെയും വിശ്വാസത്തെയും കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്ന വഞ്ചനാത്മക രാഷ്ട്രീയമാണ് ഉത്തര്‍പ്രദേശിലടക്കം സംഘ്പരിവാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത് എന്ന് യോഗി ആദിത്യനാഥിന് വോട്ടു ചെയ്ത അന്നാട്ടുകാര്‍ പരിതപിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്ന സംസ്ഥാനമാണിന്ന് ഉത്തര്‍പ്രദേശ്. ഒരൊറ്റ ഭരണമാറ്റം കൊണ്ട് യു.പി പതിറ്റാണ്ടുകള്‍ പിറകോട്ടുപോയി.
രാംലീലാ മൈതാനിയില്‍ പങ്കെടുത്ത മൂവായിരത്തോളം സന്യാസിമാരില്‍തന്നെ മോദി ഗവണ്‍മെന്റിനെ എതിര്‍ക്കുന്നവരുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഇന്ത്യയിലെ യഥാര്‍ത്ഥ ആത്മീയ വ്യക്തിത്വങ്ങളില്‍ 97 ശതമാനം പേരും രാമക്ഷേത്ര നിര്‍മ്മാണത്തെ അജണ്ടയാക്കുന്ന പരിവാര്‍ രാഷ്ട്രീയത്തിന് പുറത്താണ് എന്നത് വസ്തുത മാത്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന സംഘര്‍ഷാന്തരീക്ഷത്തില്‍ അവരുടെ അഥവാ ബഹുഭൂരിപക്ഷ ഹിന്ദുക്കളുടെ ശബ്ദങ്ങള്‍ പുറത്തുവരാതിരിക്കുകയും സംഘ്പരിവാര്‍ കോലാഹലങ്ങള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് മൊത്തത്തിലുള്ള ‘ഹിന്ദുവികാര രൂപീകരണം’ എന്നൊരു വ്യാജപ്രതീതി ഉണര്‍ന്നുവരുന്നത്. ഇന്ത്യയില്‍ ആര്‍.എസ്.എസ് രൂപീകൃതമായ ശേഷം ഇവിടുത്തെ ഹിന്ദുക്കളുടെ രക്ഷക്കായി ഇന്നാള്‍ വരെ അവരെന്ത് ചെയ്തു എന്ന ചോദ്യം ഉത്തരമില്ലാതെ കിടക്കുന്നിടത്തേക്കാണ് സംഘ്പരിവാര്‍ ഹിന്ദുരക്ഷക വാദവുമായി രാഷ്ട്രീയ മുതലെടുപ്പിന് വരുന്നത് എന്നോര്‍ക്കണം. കേന്ദ്രത്തില്‍ മോദിയും യു.പിയില്‍ യോഗി ആദിത്യനാഥും അധികാരത്തില്‍ വന്നശേഷം എത്ര ഹിന്ദുധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിച്ചു? എത്ര സ്ഥാപനങ്ങള്‍ പുതുതായി ആരംഭിച്ചു? എത്ര സന്യാസിമാര്‍ക്ക് കാല്‍ക്കാശിന്റെ ഉപകാരമുണ്ടായി? എത്ര ആശ്രമങ്ങള്‍ തകര്‍ച്ചയില്‍നിന്നു കരകയറി? എത്ര വേദ-ധര്‍മ്മ പാഠശാലകള്‍ ആരംഭിച്ചു? എത്ര ദരിദ്രരായ വേദജ്ഞാനികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കപ്പെട്ടു? എന്നിങ്ങനെ യഥാര്‍ത്ഥ ഹിന്ദു സംരക്ഷണവുമായി ബന്ധപ്പെട്ട നൂറുനൂറു ചോദ്യങ്ങളുണ്ട്. അവയില്‍ ഒന്നിനുപോലും മറുപടിയില്ല. ഒരു ഹിന്ദുവിനും അടിസ്ഥാനപരമായ ഒരു ഗുണവും ലഭിക്കാതെ, ഒരു ഹിന്ദു സ്ഥാപനത്തെയും മെച്ചപ്പെടുത്താതെ എങ്ങനെ, ഏതു രീതീയിലുള്ള ‘ഹിന്ദുരക്ഷയാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍ നടപ്പിലാക്കിയത്?’ എന്നും, ഏതു ഹിന്ദുരക്ഷയുടെ പേരു പറഞ്ഞാണവര്‍ ഇന്ത്യയിലെ ഹിന്ദുക്കളോട് താമര ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നത് എന്നുമുള്ള ചോദ്യങ്ങളെ ഈ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന് നേരിടേണ്ടിവരിക തന്നെ ചെയ്യും. ഇക്കാര്യം തിരിച്ചറിയുന്നതുകൊണ്ടു തന്നെയാണവര്‍ അയോധ്യയുടെ കാര്യത്തില്‍ കടുത്തതും അപകടകരവുമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതും. ഇത് ഒരുതരം കബളിപ്പിക്കല്‍ തന്നെയാണ്. ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയം എങ്ങനെയാണ് വഞ്ചനയുടെ രാഷ്ട്രീയമായി വര്‍ത്തിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണം ഇതുതന്നെയാണ്. രാമഭക്തരല്ലാത്ത ആര്‍.എസ്.എസുകാര്‍ രാമക്ഷേത്രം വൈകാരിക വിഷയമാക്കി ദുരുപയോഗിക്കുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് യഥാര്‍ത്ഥ ശ്രീരാമഭക്തരും യഥാര്‍ത്ഥ ഹിന്ദുക്കളും തന്നെയാണ് എന്ന വസ്തുത ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍മ്മിപ്പിക്കുന്ന പ്രചാരണങ്ങള്‍ ആവശ്യമാണിന്ന്.
(തുടരും…..)

ചന്ദ്രിക വെബ് ഡെസ്‌ക്‌: