രമേശ് ചെന്നിത്തല
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം പലസ്തീന്‍ ഇസ്രായേല്‍ പ്രശ്നവും, മധ്യേഷ്യയിലെ സംഘര്‍ഷങ്ങളും പരിഹരിക്കാനുളള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുകയാണ്. തനിക്ക് തോന്നും പടി മാത്രമെ ലോകം നിലനില്‍ക്കാവൂ എന്ന സാമ്രാജ്യത്വ ധാര്‍ഷ്ട്യമാണ് പ്രസിഡന്റ് ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നിലുള്ളത്. ഐക്യ രാഷ്ട്ര സഭയെയും, എന്തിന് അമേരിക്കയുടെ സംഖ്യകക്ഷികളായ നാറ്റോ രാഷ്ട്രങ്ങളെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് ട്രംപ് നടത്തിയ ഈ പ്രഖ്യാപനം ഫലസ്തീന്‍ ജനതയുടെ ദശാബ്ദങ്ങള്‍ നീണ്ട അവകാശപ്പോരാട്ടങ്ങളുടെ കടക്കല്‍ കത്തി വയ്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിയുള്ളതാണ്. പലസ്തീന്‍ ഇസ്രായേല്‍ തര്‍ക്കത്തിന്റെ കേന്ദ്ര ബിന്ദുവാണ് ജെറുസലേം. അവിടെ ഇസ്രായേലിന്റെ അധീശത്വം അംഗീകരിക്കുക വഴി ഫലസ്തീന്‍ പ്രശ്നം പരിഹരിക്കാനുള്ള എല്ലാ വാതിലുകളും ട്രംപ് ഭരണകൂടം കൊട്ടിയടക്കുകയായിരുന്നു. ട്രംപിന്റെ വിവേക ശൂന്യമായ പ്രഖ്യാപനം ഈ മേഖലയാകെ യുദ്ധ സമാനമായ സ്ഥിതിവിശേഷം സംജാതമാക്കുകയും ചെയ്തു. ഹമാസ് അടക്കമുള്ള സംഘടനകള്‍ ഇസ്രായേലിനെതരെ രണ്ടാം ഇന്‍തിഫാദ(സായുധ സമരം) പ്രഖ്യാപിച്ചു കഴിഞ്ഞു. റാമള്ളയിലും, ഗാസയിലും രോഷാകുലരായ ജനങ്ങള്‍ തെരുവിലിറങ്ങി ഇസ്രായേല്‍ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടുകയാണ്. തങ്ങളെ ഈ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കാനുള്ള സാമ്രാജ്യത്വ കുടിലതക്കെതിരെ ഫലസ്തീന്‍ ജനതയാകെ സമര സന്നദ്ധരാവുകയാണ്. മധ്യേഷ്യയുടെ ചക്രവാളത്തില്‍ അശാന്തിയുടെ കാര്‍മേഖ പടലങ്ങള്‍ പരത്തുവാന്‍ മാത്രമെ ട്രംപിന്റെ ഈ പ്രഖ്യാപനം ഉതകിയുളളു. തങ്ങളുടെ സ്വതന്ത്ര രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് ഫലസ്തീനികള്‍ കിഴക്കന്‍ ജറുസലേമിനെ കാണുന്നത്. അവിടെയുള്ള ഒരു ലക്ഷം ഫലസ്തീന്‍ വംശജരെ ഇസ്രായേലിന്റെ ദയാ ദാക്ഷ്യണ്യത്തിന് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ് ഈ പ്രഖ്യാപനം വഴി അമേരിക്കന്‍ ഭരണകൂടം ചെയ്തത്.
1980 മുതല്‍ തലസ്ഥാനം ടെല്‍ അവീവില്‍ നിന്നും ജറുസലമിലേക്ക് മാറ്റാനുള്ള ശ്രമം ഇസ്രായേല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ജറുസലേമിനെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമം തന്നെ ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. എന്നാല്‍ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ ഈ നിയമം അസാധുവാക്കി പ്രഖ്യാപിക്കുകയും, അംഗരാജ്യങ്ങളോട് ജറുസലേമില്‍ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് കൊണ്ട് തന്നെ ഇസ്രായേലിന്റെ പാര്‍ലമെന്റ് മന്ദിരമടക്കമുള്ള കാര്യങ്ങള്‍ ജറുസലേമില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അമേരിക്കയുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ എംബസികളെല്ലാം നിലനിര്‍ത്തിയിരുന്നത് ടെല്‍ അവീവിലാണ്. ജറുസലേമിനെ ഒരിക്കല്‍ പോലും ഇസ്രായിലിന്റെ തലസ്ഥാനമായി ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടില്ലന്നതാണ് സത്യം. ഈ വസ്തുതകളെല്ലാം നിലനില്‍ക്കെയാണ് തനിക്ക് മുമ്പുള്ള അമേരിക്കന്‍ പ്രസിഡന്റുമാരാരും കാണിക്കാത്ത ധാര്‍ഷ്ട്യത്തോടെ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. ഫ്രാന്‍സും, ജര്‍മനിയും മുതല്‍ സൗദി അറേബ്യവരെയുള്ള തങ്ങളുടെ സഖ്യരാഷ്ട്രങ്ങളുടെ അസംതൃപ്തി ഏറ്റുവാങ്ങിക്കൊണ്ടാണ് ട്രംപ് ഈ തിരുമാനം എടുത്തത്. എന്തിന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയടക്കമുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ പോലും ഈ തിരുമാനത്തിനെതിരാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപ് ഭരണകൂടത്തിന്റെ വിവാദമായ ഈ തിരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്നതാണെന്ന വസ്തുത നമ്മള്‍ കാണാതിരുന്ന് കൂടാ. ഇത്രയും നാള്‍ രഹസ്യമായി ഇസ്രായേലിനെ പിന്തുണക്കുകയും, പരസ്യമായി പലസ്തീന്‍ വിഷയത്തില്‍ ഒരു മധ്യസ്ഥന്റെ വേഷം അണിയുകയും ചെയ്തിരുന്ന അമേരിക്ക ഇപ്പോള്‍ ആ വേഷം അഴിച്ച് വെച്ച് ഇസ്രായിലിന് വേണ്ടി തുറന്ന നിലപാട് എടുക്കാന്‍ തിരുമാനിച്ചുവെന്ന് തന്നെയാണ് ഈ തിരുമാനം വ്യക്തമാക്കുന്നത്. ഫലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തെ, അതിന്റെ സ്വത്വത്തെ അമേരിക്ക അംഗീകരിക്കുന്നില്ല, മറിച്ച് ഇസ്രായേലിന്റെ ആട്ടും തുപ്പുമേറ്റ് ലോകാവസാനത്തോളം അഭയാര്‍ത്ഥികളായി കഴിയാനാണ് ഫലസ്തീന്‍കാരുടെ വിധി എന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വണ്ണം പ്രഖ്യാപിക്കുകയായിരുന്നു അമേരിക്കയുടെ നാല്‍പ്പത്തഞ്ചാമത്തെ പ്രസിഡന്റായ ഡോണാള്‍ഡ് ജോണ്‍ ട്രംപ്. കഴിഞ്ഞ ആറ് ദശാബ്ദത്തിലധികം കാലമായി ഫലസ്തീന്‍ ജനത നടത്തുന്ന പോരാട്ടങ്ങളെ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള സയണിസ്റ്റ് തന്ത്രം അതിന്റെ പരമകാഷ്ഠയിലെത്തി നില്‍ക്കുന്നുവെന്നതിന്റെ ശക്തമായ സൂചനയാണിത്. ഇനി ഫലസ്തീന്‍ എന്ന രാഷ്ട്രം ഭൂമുഖത്ത് വേണ്ട എന്ന് അമേരിക്കന്‍ സാമ്രാജ്യത്വവും, സയണിസ്റ്റ് ശക്തികളും കൂടി തിരുമാനിച്ചാല്‍ അത് പഞ്ചപുഛമടക്കി അംഗീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിയില്ല. ഇസ്‌ലാമിക രാഷ്ട്ര സംഘടനകളും, പലപ്പോഴും അമേരിക്കന്‍ പക്ഷത്ത് നിന്നിട്ടുള്ള യുറോപ്യന്‍ രാജ്യങ്ങളുമെല്ലാം ട്രംപ് ഭരണകൂടത്തിന്റെ ഈ തിരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ ധാര്‍ഷ്ട്യത്തെ വെറുതെയങ്ങ് അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ തിരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്.
അമേരിക്കയുടെ നിലപാടിനൊപ്പമില്ലങ്കിലും, അതിനെ അപലപിക്കാന്‍ മടിക്കുന്ന മോദി സര്‍ക്കാരിന്റെ വിദേശ നയത്തെയും വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്. ഫലസ്തീന്‍ എന്നും ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്നു. യാസര്‍ അറാഫത്തിന്റെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യമായിരുന്നു ഇന്ത്യ. 1975 ല്‍ പി എല്‍ ഒക്ക് ന്യുഡല്‍ഹിയില്‍ ഓഫീസ് തുടങ്ങാന്‍ അനുമതി നല്‍കുകയും, 1980 മുതല്‍ ഫസ്തീനുമായി പൂര്‍ണ്ണ നയതന്ത്ര ബന്ധം നമ്മള്‍ പുലര്‍ത്തിപ്പോരുകയും ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ എന്റെ സഹോദരി എന്നാണ് യാസര്‍ അറാഫത്ത് എന്നും അഭിസംബോധന ചെയ്യാറുണ്ടായിരുന്നത്. ഇന്ത്യയിലെ എല്ലാ സര്‍ക്കാരുകളും ഫലസ്തീന്‍ ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ഒപ്പം നില കൊണ്ടിരുന്നു. മോദി സര്‍ക്കാരിന്റെ വരവോട് കൂടിയാണ് അതിന് മാറ്റം വരാന്‍ തുടങ്ങിയതും അമേരിക്കയുടെ കുഴലൂത്തുകാരായി ഇന്ത്യ മാറാന്‍ തുടങ്ങിയതും.
2007 നവംബര്‍ മാസത്തില്‍ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ ഫലസ്തീന്‍ ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഡ്യം അചഞ്ചലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഫലസ്തീന് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കാനും, ഫലസ്തീന്‍ ജനതയുടെ ആഗ്രഹാഭിലാഷങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള സമാധാന പൂര്‍ണ്ണമായ പരിഹാരം ഉണ്ടാക്കാന്‍ പരിശ്രമിക്കാനും അന്നത്തെ യു പി എ സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെടുകയും ചെയ്തു. 1938 ല്‍ ഹരിജന്‍ മാസികയില്‍ മഹാത്മാഗാന്ധി എഴുതി ‘ ഇംഗ്ലീഷുകാര്‍ക്ക് ഇംഗ്ലണ്ട് എങ്ങിനെയാണോ, ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് എങ്ങിനെയാണോ അതു പോലെയാണ് ഫലസ്തീനികള്‍ക്ക് ഫലസ്തീന്‍, അവിടെ ജൂതവല്‍ക്കരണം നടത്താനുള്ള ശ്രമങ്ങളെ ഒരിക്കലും നീതികരിക്കാനാകില്ല’ ( വമൃശഷമി 26-11-38) ഇതായിരുന്നു പിന്നീട് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും, ഇന്ദിരാഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടും.
ചേരിചേരാ രാഷ്ട്രങ്ങളിലെ യുവജനസംഘടനകളുടെ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിക്കാന്‍ ഇടവന്ന നാളുകളില്‍ പി എല്‍ ഒ നേതാവ് യാസര്‍ അറാഫത്തുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ച കാര്യം ഞാനോര്‍ത്തു പോവുകയാണ്. ഡല്‍ഹിയില്‍ വെച്ച് നടന്ന പ്രസ്തുത സംഘടനയുടെ സമ്മേളനത്തിന് അദ്ദേഹത്തെ വിശിഷ്ടാതിഥിയായി ക്ഷണിച്ച് കൊണ്ടുവരാന്‍ സാധിച്ചതും ഞാനോര്‍ക്കുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കാനുള്ള സാമ്രാജ്യത്വ സയണിസ്റ്റ് തന്ത്രങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ട സമയമാണിത്. ലോക സമാധാനത്തിന് ഭീഷണിയാകുന്ന ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടിയെ ലോക മനസാക്ഷി ഒരുമിച്ചുണര്‍ന്ന് എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ വേണം.