തിരുവനന്തപുരം: ജനം ഏറെ പ്രതീക്ഷയോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് തയാറാക്കുന്നത് അതീവ സുരക്ഷയില്‍. ഏറെനാള്‍ നീണ്ട ജീവനക്കാരുടെ അധ്വാനവുമുണ്ട്. ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഒരു മാസക്കാലം പുറംലോകവുമായി ബന്ധമില്ലാതെയാകും കഴിയുക. പ്രസില്‍ നിന്നുപോലും ചോര്‍ന്ന ചരിത്രമുള്ളതിനാല്‍ ബജറ്റ് തയാറാക്കുന്ന ഓരോ ഘട്ടവും അതീവ ശ്രദ്ധയോടെയാകും പൂര്‍ത്തിയാക്കുക. നിയമസഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചശേഷമാകും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ധനവകുപ്പ് ഉദ്യോഗസ്ഥരും പ്രസ് ജീവനക്കാരും സ്വതന്ത്രരാക്കപ്പെടുക.
രണ്ട് മാസം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് ധനവകുപ്പിന്റെ നേതൃത്വത്തില്‍ ബജറ്റ് തയാറാക്കുന്നത്. ഇതിന് മുന്നോടിയായി എല്ലാ വകുപ്പുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. പ്രഖ്യാപിക്കുന്നതുവരെ ചോരാതെ സൂക്ഷിക്കുന്നു എന്നതു തന്നെയാണ് ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഖ്യമന്ത്രി പോലും തലേ ദിവസം മാത്രമാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അറിയുക. സംസ്ഥാനത്തെ 68ാം ബജറ്റും മന്ത്രി തോമസ് ഐസക്കിന്റെ എട്ടാം ബജറ്റുമാണ് ഇന്നലെ അവതരിപ്പിച്ചത്.
കേന്ദ്ര ബജറ്റിനുശേഷമാണ് സാധാരണഗതിയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മൂന്നു മാസം മുന്‍പെങ്കിലും ഓരോ വകുപ്പുകളോടും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ ക്ഷണിക്കും. ഇത്തവണ ഓണ്‍ലൈന്‍ മുഖേനയായിരുന്നു വിവരശേഖരണം. ചെലവുകളും പുതിയ പദ്ധതികളും ആവശ്യങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയാണ് രണ്ടാംഘട്ടം. പതിവുപോലെ വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലായിരുന്നു തോമസ് ഐസക് ഈ കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടത്. കണക്കുകളുടെ അപഗ്രഥനം, നിര്‍ദേശങ്ങളുടെ പരിശോധന, വിശദീകരണം തേടല്‍ എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. വാട്‌സാപ്, ഫേസ്ബുക്ക് എന്നിവയിലൂടെ ലഭിച്ച നിര്‍ദേശങ്ങളും പരിഗണിച്ചു.
വ്യവസായികള്‍, ഉപഭോക്തൃ സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലെയും പ്രതിനിധികളുമായി രണ്ടുദിവസ ചര്‍ച്ചയായിരുന്നു അടുത്ത ഘട്ടം. നേരിട്ടെത്താത്തവരില്‍നിന്നു നിര്‍ദേശങ്ങള്‍ എഴുതി വാങ്ങി. വരവു ചെലവു കണക്കുകളും തയാറാക്കി. ധനമന്ത്രി, ധനസെക്രട്ടറി, ഇരുവരുടെയും ഓഫീസിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അന്തിമ ചര്‍ച്ച നടന്നത് കഴിഞ്ഞയാഴ്ച. ഫണ്ട് വകയിരുത്തി ഓരോ പദ്ധതിക്കും അന്തിമ രൂപം നല്‍കി. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ബജറ്റ് രേഖകള്‍ അംഗീകരിച്ചു. ബജറ്റ് പ്രസംഗം തയാറാക്കുക എന്ന മുഖ്യ ദൗത്യത്തിലേക്ക് മന്ത്രി കടന്നത് കഴിഞ്ഞ 27നാണ്. വേണ്ട വിവരങ്ങള്‍ ശേഖരിച്ച് അപ്പപ്പോള്‍ കൈമാറാന്‍ ഓഫീസിലെ രണ്ടു വിശ്വസ്തര്‍ ഒപ്പം. ധനവകുപ്പുമായി ഫോണില്‍ നിരന്തര സമ്പര്‍ക്കം. രാത്രി വൈകുവോളം ഓഫീസിലും വീട്ടിലുമായി പ്രസംഗം തയാറാക്കല്‍.
പ്രസംഗം എഴുതി പൂര്‍ത്തിയാക്കുന്നത് തലേദിവസം രാത്രിയാണ്. രാത്രിതന്നെ മുഖ്യമന്ത്രിയെ വായിച്ചു കേള്‍പ്പിക്കും. തുടര്‍ന്ന് എന്തെങ്കിലും മാറ്റം നിര്‍ദേശിക്കുകയാണെങ്കില്‍ വേണ്ട തിരുത്തലുകള്‍ വരുത്തും. പുലര്‍ച്ചെ രണ്ടിന് അച്ചടിക്കായി സര്‍ക്കാര്‍ പ്രസിലേക്ക് കൊടുക്കും. അച്ചടി പൂര്‍ത്തിയാക്കി രാവിലെ സീല്‍ ചെയ്ത കവറില്‍ നിയമസഭയില്‍ എത്തിക്കും. രാവിലെ ഒന്‍പതിനു ബജറ്റ് പ്രസംഗം മന്ത്രി ആരംഭിക്കും. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്പീക്കറുടെ അനുമതിയോടെ ബജറ്റ് പ്രസംഗവും രേഖകളും വിതരണം ചെയ്യും. പ്രസംഗം കഴിഞ്ഞശേഷമേ അച്ചടി ജോലി നിര്‍വഹിച്ച ജീവനക്കാരെ പ്രസില്‍നിന്നു പുറത്തുവിടൂ. ഒരുമാസക്കാലമായി വീട്ടില്‍ പോലും പോകാതെയോ ഫോണ്‍പോലും വിളിക്കാതെയോ അതീവ സുരക്ഷയിലാണ് ഈ ജീവനക്കാര്‍ക്ക് കഴിയേണ്ടിവരിക.
- 8 years ago
chandrika
Categories:
Video Stories
ബജറ്റ് തയാറാക്കുന്നത് അതീവ സുരക്ഷയില്‍ ജീവനക്കാര്‍ക്ക് ഒരു മാസം ‘തടവറ’
Tags: #Budget2017kerala