കുറുക്കോളി മൊയ്തീന്‍
കേരളത്തിനു സ്വന്തമായൊരു ബാങ്ക്, ഒരു വലിയ ബാങ്ക് എന്ന ആശയം കുറേ കാലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറയാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു. തിയ്യതി പലയാവര്‍ത്തി മാറ്റി മാറ്റി പറഞ്ഞുവെങ്കിലും ബാങ്ക് തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. സാധാരണക്കാരുമായി ബന്ധപ്പെട്ട, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടങ്ങിയ, മറ്റു പല നിര്‍ദേശങ്ങളും പ്രകടന പത്രികയിലുണ്ടായിരുന്നെങ്കിലും അവയ്ക്ക് പ്രാധാന്യം നല്‍കിയില്ലെങ്കിലും ബാങ്ക് തുടങ്ങിയേ തീരൂ എന്ന നിലപാടിലാണ് സാര്‍ക്കാറ്. അഞ്ചു വര്‍ഷത്തേക്കു വിലക്കയറ്റമുണ്ടാവില്ലെന്നും കര്‍ഷകര്‍ക്ക് മതിയായ വരുമാനം ഉറപ്പുവരുത്തുമെന്നു പറഞ്ഞതുമെല്ലാം അവര്‍ മറന്നിരിക്കുന്നു. കേരള ബാങ്കിന്റെ കാര്യം മാത്രം മറക്കാനാവുന്നില്ല.
കേരളത്തിനു സ്വന്തമായി വലിയൊരു ബാങ്ക് എന്നതുതന്നെ തൊഴിലാളി വര്‍ഗപരമായ ആശയമല്ല. മുതലാളിത്ത സംസ്‌കാരത്തിന്റേതും ഒപ്പം ആഗോളവത്കരണ ഉത്പന്നം കൂടിയാണ്. ആഗോള വത്കരണത്തിനെ വല്ലാതെ എതിര്‍ക്കുന്നവര്‍ തന്നെ അതിന്റെ സംസ്‌കാരങ്ങളെ ഏറ്റെടുക്കുന്നുവെന്നത് എക്കാലത്തും കാണാറുള്ള കമ്യൂണിസ്റ്റ് ആഭാസത്തിന്റെ ഭാഗമാണ്.
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഷെഡ്യൂള്‍ഡ് ബാങ്കായ സംസ്ഥാന സഹകരണ ബാങ്കില്‍ ആദ്യ ഘട്ടത്തില്‍ പതിനാല് ജില്ലാ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കാന്‍ തീരുമാനിച്ചത്. 75 കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളേയും ലയിപ്പിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അത് പറഞ്ഞുകേള്‍ക്കുന്നില്ല. ഇവകള്‍ മിക്കതും നഷ്ടത്തിലാണ് എന്നതുകൊണ്ടായിരിക്കാം ആ നീക്കം വേണ്ടെന്ന്‌വെച്ചത്. കേരള സഹകരണ ബാങ്ക് രൂപം കൊണ്ടാല്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എന്ത് നേട്ടമാണുണ്ടാവുക എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാറിനായിട്ടില്ല. വന്‍കിടക്കാര്‍ക്കും രാഷ്ട്രീയമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും നേട്ടങ്ങള്‍ ഉണ്ടാക്കാനായേക്കാം. ജനങ്ങള്‍ക്ക് നിലവിലുള്ള സൗകര്യങ്ങള്‍കൂടി തടയപ്പെടുക മാത്രമായിരിക്കും അനന്തരഫലം. കേന്ദ്ര ഭരണം നിയന്ത്രിക്കുന്നവരെ പോലെ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും സാധാരണക്കാര്‍ കാഴ്ചവെട്ടത്തില്ലാതായിരിക്കുന്നു. സഹസ്ര കോടികളുടെ വായ്പയെടുക്കാന്‍ സമ്പന്നര്‍ക്ക് ഒരു ബാങ്ക് കൂടി കേരളത്തില്‍ ഉണ്ടാകുന്നു എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഇതിനുണ്ടാവില്ല.
സഹകരണ മേഖല നന്നായി വളര്‍ന്നു ശക്തി പ്രാപിച്ച പ്രധാന കേന്ദ്രമാണ് കേരളം. കേരളത്തില്‍ വായ്പ മേഖലയിലാണ് അസൂയാവഹമായ വളര്‍ച്ച കൈവരിച്ചത്. രാജ്യത്താകെയുള്ള സഹകരണ മേഖലയിലെ വായ്പയുടേയും നിക്ഷേപത്തിന്റെയും 60 ശതമാനം കേരളത്തിന് സ്വന്തമാണ്. കോടിക്കണക്കിന് ജനങ്ങളുടെ അംഗത്വമാണ് സഹകരണ മേഖലയില്‍ ഉള്ളത്. വായ്പാസംഘങ്ങളുടെ പിറവി കാര്‍ഷിക മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഐക്യ നാണയ സംഘങ്ങളായി തുടങ്ങി പിന്നീട് സഹകരണ സംഘങ്ങളായി വളര്‍ന്ന് തുടര്‍ന്ന് സഹകരണ ബാങ്കുകളായി പന്തലിച്ചുകിടക്കയാണ്. കാര്‍ഷിക വായ്പ സംഘങ്ങളായാണ് ഇപ്പോഴും സഹകരണ ബാങ്കുകള്‍ അറിയപ്പെടുന്നത്. കേരളത്തില്‍ സഹകരണ വായ്പ സംഘങ്ങള്‍ (സഹകരണ ബാങ്കുകള്‍) മൂന്നു തട്ടായാണ് പ്രവര്‍ത്തിച്ചു വരുന്നത്. പ്രാഥമിക വായ്പ സഹകരണ ബാങ്കുകള്‍, അവകള്‍ക്ക് അംഗത്വമുള്ള ജില്ലാ തല സഹകരണ ബാങ്കുകള്‍, ജില്ലാ ബാങ്കുകള്‍ ഓഹരി പങ്കാളികളായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്ക്. പുതിയ ബാങ്ക് നിലവില്‍വന്നാല്‍ അത് രണ്ടു തട്ടായി മാറും. പ്രാഥമിക സഹകരണ ബാങ്കുകളും കേരള സഹകരണ ബാങ്കും മാത്രം.
സംസ്ഥാനത്ത് 1670 പ്രാഥമിക സഹകരണ ബാങ്കുകളാണുള്ളത്. അവക്കെല്ലാംകൂടി 6000ത്തിലധികം ശാഖകളും പ്രവര്‍ത്തിച്ചുവരുന്നു. 14 ജില്ലാ ബാങ്കുകള്‍ക്കുംകൂടി 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളുമായി സഹകരണ ബാങ്കിങ് മേഖല വളരെ വ്യാപരിച്ചുകിടക്കുന്നു. സഹകരണ ബാങ്കുകളെ സാധാരണക്കാരുടെ ധനകാര്യ സ്ഥാപനങ്ങളായാണ് അറിയപ്പെടുന്നത്. മുപ്പതിനായിരത്തോളം ജീവനക്കാരാണ് പ്രൈമറി ബാങ്കുകളിലായുള്ളത്. 6200 ജീവനക്കാര്‍ 14 ജില്ലാ ബാങ്കുകളിലും മുന്നൂറോളം പേര്‍ സംസ്ഥാന സഹകരണ ബാങ്കിലും നിലവിലുണ്ട്. പ്രാഥമിക ബാങ്കുകളിലെ ജീവനക്കാര്‍ക്കു പ്രശ്‌നങ്ങള്‍ വരില്ലെങ്കിലും ജില്ലാ ബാങ്ക് ജീവനക്കാര്‍ക്കു പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.
കേരള ബാങ്കിനെപറ്റി പഠിക്കാന്‍ നിയോഗിച്ച എം.എസ് ശ്രീറാം (ഐ.ഐ.എം ബംഗ്ലൂരു) ചെയര്‍മാനായ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ കേരള ബാങ്കിനു 1341 ജീവനക്കാര്‍ മതിയാകുമെന്നാണ് അഭിപ്രായപ്പെട്ടത്. അതനുസരിച്ച് അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ഭീഷണി ഉണ്ടാവും. പ്രസ്തുത സമിതി മൂന്നു മേഖലാഓഫീസും 100 ശാഖകളുമാണ് നിര്‍ദേശിച്ചിരുന്നത്. എഴുന്നൂറിലേറെ ശാഖകള്‍ അതനുസരിച്ച് പൂട്ടേണ്ടിവരും. ബാങ്കുകളില്‍ ജീവനക്കാര്‍ അധികമാണെന്നുതന്നെയാണ് ടാസ്‌ക് ഫോഴ്‌സിന്റെയും റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജില്ലാ സഹകരണ ബാങ്കുകള്‍ 12 എണ്ണം വലിയ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരവും എറണാകുളവും മാത്രമാണ് മറിച്ചൊരവസ്ഥയിലുള്ളത്. എന്നാല്‍ നിലവില്‍ സംസ്ഥാന സഹകരണ ബാങ്ക് ഭീമമായ നഷ്ടത്തിലാണ്. 250 കോടിയോളം രൂപയുടെ നഷ്ടം. ഈ നഷ്ട സ്ഥാപനത്തിലേക്കാണ് വളരെ വലിയ ലാഭം കാണിക്കാനായ ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നത്. സര്‍ക്കാര്‍ പോലും സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ജില്ലാ ബാങ്കുകളെ പലയാവര്‍ത്തി സഹായത്തിനായി സമീപിക്കുകയുണ്ടായി. ഓരോ ജില്ലകളിലും അതതു പ്രദേശത്തെ സാധ്യതകളെ ഉപയോഗപ്പെടുത്തി, നയവും പരിപാടികളും ആവിഷ്‌കരിച്ച് വൈവിധ്യപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയതാണ് ജില്ലാ ബാങ്കുകളില്‍ വലിയ ലാഭം ഉണ്ടാക്കിയെടുക്കാനായത്. പുതിയ സംവിധാനത്തില്‍ ഒരു നയം ഒറ്റ നേത്യത്വം സംസ്ഥാനത്താകെ വരുന്നതോടെ അതിന്റെ സാധ്യതകളെ കുറയ്ക്കുകയും ലാഭക്ഷമതയെ ബാധിക്കാനും സാധ്യതയുണ്ട്.
കേരള ബാങ്ക് രൂപീകരണംകൊണ്ട് ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്ന രണ്ട് നേട്ടങ്ങളില്‍ ഒന്ന് കേരളത്തിലെ വന്‍കിട വായ്പാ ആവശ്യം നിറവേറ്റാന്‍ സാധിക്കുമെന്നതാണ്. സഹകരണ വായ്പാ മേഖലയിലെ ത്രിതല സംവിധാനം ദ്വിതല സംവിധാമാവുമ്പോള്‍ വായ്പകള്‍ക്ക് പലിശ കുറയുമെന്നതാണ് മറ്റൊന്ന്. ഈ രണ്ട് വാദവും കഴമ്പുള്ളതല്ല. ഒന്ന് വന്‍കിടക്കാര്‍ക്ക് വായ്പ ലഭിക്കാന്‍ ഇഷ്ടം പോലെ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. നാഷണലൈസ് ബാങ്കുകള്‍ വായ്പക്കാരെ തിരക്കി നടക്കുന്ന കാലമാണ്. വായ്പ ലഭിക്കാത്തതുകൊണ്ട് ഏതെങ്കിലും വ്യവസായങ്ങളോ വന്‍കിട സംരംഭങ്ങളോ മുടങ്ങിയതായി കേട്ടിട്ടില്ല. വായ്പ ലഭിക്കാന്‍ പാവങ്ങള്‍ക്കുള്ളതുപോലെ കടമ്പകളൊന്നും വന്‍കിടക്കാര്‍ക്കില്ലതാനും. അതിന്റെയൊക്കെ പരിണിതഫലമാണല്ലോ നീരവ് മോദിയും നിതിന്‍ സന്ദേസരയും വിജയ് മല്യയും മെഹുല്‍ ചൊക്‌സിയുമെല്ലാം സഹസ്ര കോടികള്‍ കൈക്കലാക്കി രാജ്യത്തെ കബളിപ്പിച്ചത്. നിലവില്‍ ജില്ലാ ബാങ്കുകളില്‍ 65,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. അതുകൊണ്ട്തന്നെ ജില്ലാ ബാങ്കുകളൊന്നും സംസ്ഥാന സഹകരണ ബാങ്കിനെ ആശ്രയിച്ചല്ല പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ ബാങ്കുകളുടെ നിക്ഷേപങ്ങളെ ആശ്രയിച്ചുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. അതുകൊണ്ട് ത്രിതല സംവിധാനം നിലനില്‍ക്കുന്നുവെന്ന് കരുതി ജനങ്ങള്‍ക്ക് അതിന്റെ ഭാരം ഏല്‍ക്കേണ്ടിവരുന്നില്ല. ഇഷ്ടം പോലെ വായ്പ നല്‍കാന്‍ ജില്ലാ ബാങ്കുകളുടെ സ്വന്തം നിക്ഷേപങ്ങളില്‍നിന്നും സാധിക്കുന്നു. പലിശ കുറച്ചുകൊടുക്കാനും അവര്‍ക്കാകുന്നു. മലപ്പുറം ജില്ലയിലെ പല ബാങ്കുകളും സംസ്ഥാനത്തെ ശരാശരി പലിശയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വായ്പ കൊടുത്തുവരുന്നുണ്ട്. മലപ്പുറം ജില്ലാ ബാങ്ക് നബാര്‍ഡ് നിര്‍ദേശിച്ചതിനേക്കാള്‍ ഒരു ശതമാനം പലിശ കുറച്ച് കര്‍ഷകര്‍ക്ക് വായ്പ കൊടുത്ത ചരിത്രമുണ്ട്. എന്നാല്‍ പുതിയ ബാങ്കിന്റെ വരവ് പ്രാദേശികമായി ലഭിച്ചിരുന്ന ഇളവുകളും ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇല്ലാതാക്കുകയാണുണ്ടാവുക.
കേരള ബാങ്കിന്റെ രൂപീകരണം സഹകരണ മേഖലയുടെ തകര്‍ച്ചക്കുകാരണമാകും. സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്കുള്ള ആകര്‍ഷകത്വം നഷ്ടപ്പെടുകയും ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്ക് തുടങ്ങുന്നതിന് മുന്നോടിയായി 19 വ്യവസ്ഥകള്‍ മുന്നോട്ട്‌വെച്ചിട്ടുണ്ട്. അതില്‍ ഒന്ന് പുതിയ സഹകരണ സംഘങ്ങള്‍ തുടങ്ങുമ്പോള്‍ ‘ബാങ്ക്’ എന്ന പദം ഉപയോഗിക്കരുത് എന്നാണ്. ഇത് ആ മേഖലക്കു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. ആര്‍.ബി.ഐയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായി കേരള ബാങ്ക് നിലവില്‍ വന്നാല്‍ അത്തരം നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ കഴിയാതെ വരും. അത് സഹകരണ മേഖലയുടെ വലിയ തകര്‍ച്ചക്കുതന്നെ കാരണമാകും.
കേരള ബാങ്കില്‍ ആദ്യ ഘട്ടത്തില്‍ ജില്ലാ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്. പിറകെ മറ്റു ചില ബാങ്കുകളേയും ചേര്‍ത്തേക്കാം. അര്‍ബന്‍ ബാങ്കുകളും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും പരിഗണിക്കാന്‍ സാധ്യതയുള്ളവയാണ്. അനവധി വ്യക്തികളുടെ ബുദ്ധിയും കര്‍മ്മ ശേഷിയും ഉപയോഗപ്പെടുത്തിയാണ് ഈ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നത്. പ്രാദേശികമായി കഴിവുറ്റ അനവധി ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഭരണ സമിതികളാണവക്കുള്ളത്. അവകളെ എല്ലാം തകര്‍ത്ത് ഈ ഭരണ സംവിധാനത്തിലേക്കുള്ള കേന്ദ്രീകരണം വഴി വലിയ വികേന്ദ്രീകരണ സംരംഭത്തെ തകര്‍ക്കുകകൂടിയാണ് ചെയ്യുന്നത്. അധികാര കേന്ദ്രീകരണത്തിന്റെ മറ്റൊരു പതിപ്പാണിത്. കേരള ബാങ്കും കാലക്രമേണ പൊതു മേഖലാ ബാങ്കുകളുടെ ശൈലി സ്വീകരിക്കേണ്ടിവരും. ഇന്ത്യയിലെ ബാങ്കുകള്‍ ആകെ നല്‍കിയ വായ്പകളുടെ 56 ശതമാനവും വന്‍കിടക്കാര്‍ക്കാണ്. അതിന്റെ 86 ശതമാനവും നിഷ്‌ക്രിയ ആസ്തിയായി മാറിയിരിക്കുന്നു. വലിയ പ്രതിസന്ധിയെയാണ് പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്നത്. അതിന് ജനങ്ങളെ പിഴിയുന്ന തിരക്കിലാണ് ബാങ്കുകള്‍. ഭീമമായ തോതിലാണ് 2017 ജൂണ്‍ ഒന്നു മുതല്‍ പത്തു തരം സേവനങ്ങള്‍ക്കുള്ള നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചത്. വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഉപാധികളോടെയാണ് എ.ടി.എം സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് പന്‍വലിച്ചത്. സഹകരണ മേഖലയിലും അത്തരത്തിലുള്ള ചൂഷണത്തിന് കാരണമാവും സഹകരണ മേഖലയെ തകര്‍ത്ത് രൂപീകരിക്കുന്ന കേരളത്തിന്റെ വലിയ സ്വന്തം ബാങ്ക്.
സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ സംഘങ്ങളാണെങ്കിലും അതൊക്കെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ആദ്യകാലത്ത് 50 ശതമാനത്തിലധികം കാര്‍ഷിക വായ്പ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് 40 ശതമാനമായി കുറച്ചു. പിന്നീട് 20 ആക്കി ഇപ്പോള്‍ 18 ശതമാനവും കാര്‍ഷിക വായ്പയായിരിക്കണമെന്ന നിബന്ധനയാണുള്ളത്. എന്നാല്‍ അതുപോലും നല്‍കാന്‍ വിമുഖത കാണിക്കുകയാണ്. കാര്‍ഷിക വായ്പ നയങ്ങള്‍ തന്നെ ബാങ്കുകള്‍ തകിടംമറിച്ച് അവയും വന്‍കിടക്കാരുടെ കൈകളിലേക്കാണ് എത്തിപ്പെടുന്നത്. 2016ല്‍ 58,561 കോടി രൂപയുടെ കാര്‍ഷിക വായ്പ 615 ബാങ്ക് എക്കൗണ്ടുകളിലേക്കാണ് ചാര്‍ത്തിയത്. 2015ല്‍ 52,143 കോടിയും 2014ല്‍ 60,156 കോടിയും 2013ല്‍ 56,000 കോടിയും ഇതേ പോലെ അപഹരിക്കപ്പെട്ടു. പ്രാദേശിക തലങ്ങളിലെ കയ്യെത്തും ദൂരത്തുനിന്നും അകലങ്ങളിലേക്കും ഉയരങ്ങളിലേക്കും പോകുമ്പോള്‍ കര്‍ഷകനും സാധാരണക്കാരനും കഞ്ഞി കുമ്പിളില്‍ തന്നെ എന്ന അവസ്ഥ സംജാതമാവും. നിര്‍ബന്ധമെങ്കില്‍ കേരള ബാങ്ക് രൂപീകരിക്കാം സഹകരണ മേഖലയെ തകര്‍ക്കാതെതന്നെ. അതിനുള്ള ചര്‍ച്ചയും പഠനവുമാണ് സര്‍ക്കാര്‍ നടത്തേണ്ടത്.