X
    Categories: Video Stories

യഥാര്‍ത്ഥ ഭക്തിയുടെ ഉറവിടം വിശുദ്ധമായ മനസ്സ്

പി. മുഹമ്മദ് കുട്ടശ്ശേരി

റമസാന്‍ സമാഗതമായാല്‍ വിശ്വാസി സമൂഹത്തില്‍ ഭക്തിനിര്‍ഭരമായ പുതിയ അന്തരീക്ഷം സംജാതമാവുക സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ വ്യക്തമായ ഒരു സത്യത്തിന് നേരെ കണ്ണടക്കുക സാധ്യമല്ല. മതമൂല്യങ്ങളിലധിഷ്ഠിതവും ധര്‍മ്മനിഷ്ഠവുമായ ഒരു ജീവിതത്തിന് മാതൃകയാകേണ്ടവരാണല്ലോ മുഹമ്മദ് നബിയുടെ അനുയായികള്‍. പക്ഷേ, സമൂഹത്തില്‍ പൊതുവെ നടമാടുന്ന ഏത് കൊള്ളരുതായ്മയിലാണ് അവര്‍ക്ക് പ്രാതിനിധ്യമില്ലാത്തത്. റമസാന്‍ കഴിഞ്ഞാല്‍ അതിന് മുമ്പത്തെ അവസ്ഥ തന്നെ പുനഃസ്ഥാപിക്കപ്പെടുന്നു എന്നതല്ലേ സത്യം. ഇതെങ്ങനെ സംഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ നമസ്‌കാരവും നോമ്പും ആരാധനകളുമെല്ലാം പരമ്പരാഗതമായി തുടര്‍ന്നുവരുന്ന സമ്പ്രദായങ്ങള്‍ എന്നതില്‍ കവിഞ്ഞു മനസ്സ് നിറഞ്ഞു കവിയുന്ന ഭക്തിയില്‍നിന്ന് ഉടലെടുത്തതാകുമ്പോഴല്ലേ അതിന് ജീവിതത്തില്‍ പ്രതിഫലനം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ഖുര്‍ആനിലെ ‘മനശുദ്ധി നേടി അല്ലാഹുവിനെ സ്മരിക്കുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നവനാണ് വിജയം’ എന്ന വാക്യം നമസ്‌കാരത്തിന് മുമ്പ് മനസ്സ് ശുദ്ധമായിരിക്കണമെന്ന് വ്യക്തമാക്കുന്നു. പ്രസിദ്ധ പണ്ഡിതനായ ഇബ്‌നു ആശൂര്‍ ഇക്കാര്യം വ്യക്തമാക്കി ഇങ്ങനെ പ്രസ്താവിച്ചു: ‘മനശുദ്ധിയാണ് കര്‍മ്മത്തിന്റെ അടിസ്ഥാനം. കാരണം അതുണ്ടാകുമ്പോഴേ സന്മാര്‍ഗത്തിന്റെ പ്രകാശം തിളങ്ങുകയുള്ളു’. ഇമാം സുയൂത്വി പറയുന്നു: ‘ബാഹ്യമായ കര്‍മ്മങ്ങള്‍കൊണ്ട് ഒരിക്കലും ഭക്തിയുണ്ടാവുകയില്ല. മനസ്സിലെ ദൈവ ഭയവും അവന്‍ എല്ലാം നിരീക്ഷിക്കുന്നു എന്ന വിശ്വാസവും കൊണ്ടേ അത് സാധ്യമാവുകയുള്ളു. ഇവിടെ മനസിന്റെ അവസ്ഥയാണ് പരിഗണനീയം’. പ്രവാചകന്റെ ഒരു പ്രസ്താവന ഈ ആശയത്തിന് കൂടുതല്‍ വ്യക്തത നല്‍കുന്നു. ഒരു മനുഷ്യന്‍ പ്രവാചകനോട് ചോദിച്ചു: ‘ആരാണ് വിശിഷ്ടനായ വ്യക്തി?’ അദ്ദേഹം പറഞ്ഞു: ‘പാപവും അക്രമവും വഞ്ചനയും അസൂയയും ഒന്നുമില്ലാത്ത ശുദ്ധ മനസ്‌കന്‍; സത്യവാന്‍’. മനുഷ്യന്റെ മനസിലേക്കാണ് അല്ലാഹു നോക്കുന്നത്; അവന്റെ ശരീര ചലനങ്ങളിലേക്കല്ല. ‘ഞാന്‍ റമസാന്‍ മുഴുവന്‍ നോമ്പനുഷ്ഠിച്ചു; രാത്രി നമസ്‌കാരം നിര്‍വഹിച്ചു’ എന്നിങ്ങനെ സ്വന്തം കര്‍മ്മങ്ങളെ പൊക്കി പറയുന്നതിനെ നബി നിരോധിച്ചു.
നബിയെപ്പോലെ തന്നെ അനുചരന്മാരും സംശുദ്ധതയാര്‍ജ്ജിച്ച മനസിന്റെ മാതൃകകളായിരുന്നു. മരണാസന്നനായ സന്ദര്‍ഭത്തില്‍ നബിയുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്ന അബൂബക്കര്‍ പറഞ്ഞു: ‘നോക്കൂ, എന്റെ ഈ രണ്ട് വസ്ത്രങ്ങള്‍. ഇത് നിങ്ങള്‍ അലക്കിവെക്കുക. എന്നെ കഫന്‍ ചെയ്യുന്നത് അതിലായിരിക്കണം. പുതിയ വസ്ത്രത്തിന് മയ്യിത്തിനേക്കാള്‍ കൂടുതല്‍ ആവശ്യം ജീവിച്ചിരിക്കുന്നവര്‍ക്കാണ്.’ ഇസ്‌ലാമിന്റെ കടുത്ത വൈരിയും നബിയോട് കഠിന വിരോധവുമുള്ള വ്യക്തിയുമായിരുന്ന ഉമറിന്റെ മനസ്സ് ശുദ്ധീകരിക്കപ്പെട്ടപ്പോള്‍ ഏന്തൊരു മാറ്റമാണ് ദൃശ്യമായത്. മിസ് അബുബ്‌നു ഉമൈര്‍ മക്കയിലെ ഏറ്റവും വലിയ സുഖലോലുപനായിരുന്നു. ഇസ്‌ലാം സ്വീകരിച്ച് മനസ്സ് ശുദ്ധീകരിക്കപ്പെട്ടതോടെ തന്റെ സമ്പത്ത് മുഴുവന്‍ അദ്ദേഹം ദൈവ മാര്‍ഗത്തില്‍ വിനിയോഗിച്ചു; സത്യത്തിന്റെ ശക്തനായ പോരാളിയായി മാറി; ബദറില്‍ രക്തസാക്ഷിയായി. ഉമറുബ്‌നു അബ്ദുല്‍ അസീസ് ഭരണാധികാരിയായി നിയുക്തനായപ്പോള്‍ അധികാരത്തിന്റെ ഭാവം പ്രകടിപ്പിച്ചതിനു പകരം നീതിനിര്‍വഹണത്തിനുള്ള ഒരവസരമായി അതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. മനസ്സ് മാറി വിശുദ്ധിയാര്‍ജ്ജിച്ചതിനുള്ള ഉദാഹരണങ്ങള്‍ ഇപ്പറഞ്ഞതിനുപ്പുറം എത്രയാണുള്ളത്.
എന്നാല്‍ മനസ്സ് എന്നര്‍ത്ഥമുള്ള ‘ഖല്‍ബ്’ എന്ന വാക്കില്‍ മാറിമറിയുന്നത് എന്ന ആശയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മനുഷ്യന്‍ എപ്പോഴും തന്റെ മനസിന്റെ തിന്മയിലേക്കുള്ള മാറ്റം ഭയപ്പെടണം. ഏത് നിമിഷവും ഇത് സംഭവിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് പ്രവാചകന്‍ മനുഷ്യനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്: ‘മനുഷ്യ മനസിനെ മാറ്റിമറിക്കുന്നവനേ, എന്റെ മനസിനെ നീ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ!’. ഒരു ദുര്‍ബല നിമിഷത്തില്‍ മനസ്സ് മാറി തെറ്റിലേക്ക് വഴുതി വീഴുന്ന എത്ര മനുഷ്യരുണ്ട്. തെറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള പ്രവണത മനുഷ്യന്റെ പ്രകൃതിയില്‍തന്നെ ഊട്ടപ്പെട്ടതാണ്. ഈമാനിന്റെ ശക്തി ഒന്നുകൊണ്ട് മാത്രമേ അതിനെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ഉള്ളില്‍ തന്നെയാണ് കുടിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ തത്വങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യ മനസിന് മൂന്ന് അവസ്ഥകളാണുള്ളതെന്ന് വ്യക്തമാകും. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ അവയെ ഇങ്ങനെ വേര്‍തിരിക്കുന്നു. ഒന്ന്: ‘അമ്മാറ’-മനുഷ്യനെ ചീത്തയായ വികാരങ്ങളുടെ ദുഃസ്വാധീനതകള്‍ക്ക് വിധേയനാക്കി തിന്മ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന മനസ്സ്. രണ്ട്: ‘ലവ്വാമ’-ഒരു തെറ്റ് പ്രവര്‍ത്തിച്ചാല്‍ സ്വന്തത്തെ കുറ്റപ്പെടുത്തി പശ്ചാത്തപിക്കുന്ന മനസ്സ്. മൂന്ന്: ‘മുത്മഇന്ന’-തിന്മയോട് കടുത്ത വിരോധവും നന്മയോട് പ്രതിബദ്ധതയുമുള്ള, യാതൊരു ചാഞ്ചല്യവുമില്ലാത്ത, സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ശാന്തത പ്രാപിച്ച മനസ്സ്. നല്ലവരായി ഗണിക്കപ്പെടുന്ന എത്ര മനുഷ്യര്‍ ഒരു പെണ്ണിന്റെ അല്ലെങ്കില്‍ പണത്തിന്റെ മുമ്പില്‍ പതറിപ്പോകുന്നു. പ്രവാചകന്‍ ഈ സത്യം വ്യക്തമാക്കുന്നതിങ്ങനെ: ഒരാള്‍ സ്വര്‍ഗാവകാശിയാകാനുള്ള പ്രവൃത്തികള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അതില്‍ പ്രവേശിക്കാന്‍ ഒരു മുഴം മാത്രം ബാക്കിനില്‍ക്കെ പെട്ടെന്ന് അവന്റെ അവസ്ഥയില്‍ മാറ്റംവന്ന് നരകത്തില്‍ പോകാനുള്ള പ്രവൃത്തികള്‍ ചെയ്ത് അതിനര്‍ഹിക്കുന്നു.
ഭക്തിയെപ്പറ്റിയുള്ള തെറ്റായ സങ്കല്‍പങ്ങളാണ് മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്നത്. ആരാധനകളൊക്കെ കൃത്യമായി നിര്‍വഹിച്ച് വേഷത്തില്‍ പ്രത്യേകത പുലര്‍ത്തി ജനങ്ങള്‍ ഭക്തനെന്ന് വിശേഷിപ്പിക്കാന്‍ പര്യാപ്തമായ മുദ്രകള്‍ സ്വീകരിച്ചാല്‍ ‘തഖ്‌വാ’ പൂര്‍ണമായി എന്ന് ധരിക്കാവതല്ല. സര്‍വോപരി അയാളുടെ പെരുമാറ്റമാണ് പ്രധാനം. സ്രഷ്ടാവുമായുള്ള ബന്ധം പോലെത്തന്നെ മികച്ചതായിരിക്കണം സൃഷ്ടികളുമായുള്ള ബന്ധവും. സ്വന്തം ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും മറ്റു ജനങ്ങളോടുമെല്ലാം മോശമായി പെരുമാറുന്നവന്‍ കൃത്യമായ നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവുമൊക്കെയുണ്ടെങ്കിലും അയാള്‍ ഭക്തനായി ഗണിക്കപ്പെടാവതല്ല. കാരണം പ്രവാചകന്‍ പറയുന്നു: ‘നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിച്ച് ഭക്തനായി ജീവിക്കുക. ഒരു തെറ്റ് ചെയ്താല്‍ ഉടനെ അത് മായ്ച്ചുകളയുന്ന ഒരു നന്മ പ്രവര്‍ത്തിക്കുക. ജനങ്ങളോട് നല്ല സ്വഭാവത്തോടെ പെരുമാറുക. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബന്ധത്തെ വേര്‍തിരിച്ചു കാണാന്‍ പാടില്ല.
വെള്ളം തെളിഞ്ഞതും ശുദ്ധവുമാകണമെങ്കില്‍ അതില്‍ അഴുക്കും കരടുമൊന്നും പാടില്ല. ഒരു വിള തഴച്ചു വളരണമെങ്കില്‍ അതിലെ കളകള്‍ നീക്കം ചെയ്യണം. അതുപോലെ മനസിനെ എല്ലാ മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കി അതില്‍ തഖ്‌വ നിറക്കുമ്പോള്‍ മാത്രമേ മനുഷ്യന് പൂര്‍ണത നേടാന്‍ കഴിയുകയുള്ളു; സൃഷ്ടാവിനോടും സൃഷ്ടികളോടും ഒരേ സമയം നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുകയുള്ളു. റമസാന്‍ അത്തരത്തിലുള്ള ഒരവസ്ഥയെപ്പറ്റിയുള്ള ബോധം വിശ്വാസികളില്‍ സൃഷ്ടിക്കുമാറാകട്ടെ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: