ലുഖ്മാന്‍ മമ്പാട്
‘നമ്മള്‍ മതത്തെ എതിര്‍ക്കുക തന്നെ വേണം. ഇതാണ് മാര്‍ക്‌സിസത്തിന്റെ എ.ബി.സി. ഒരു മാര്‍ക്‌സിസ്റ്റ് മതദ്രോഹിയായിരിക്കണം. നമ്മുടെ പരിപാടിയുടെ ഒരു അവിഭാജ്യ ഘടകമാണ് നിരീശ്വരത്ത പ്രചാരണം’ -ലെനിന്‍; ദ റിലീജ്യന്‍.
‘മനുഷ്യനാണ് മതത്തെ സൃഷ്ടിക്കുന്നത്. അല്ലാതെ, മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്’ -മതത്തെ പറ്റി; മാക്‌സ്-എംഗല്‍സ്.
‘ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പത്തിന്റെ അടി ഇളക്കാതെ ആധുനിക യന്ത്ര യുഗത്തിന്റെ അത്ഭുതാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ മനുഷ്യന് കഴിയില്ല’ – ഇ.എം.എസ് നമ്പൂതിരിപ്പാട്; സാംസ്‌കാരിക വിപ്ലവം, മാര്‍ക്‌സിസം.
‘ഏത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആധാരമാക്കുന്നത് വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ്. ഈശ്വരനില്ലാത്തത്‌കൊണ്ട് വ്യക്തിക്ക് ഈശ്വര വിശ്വാസം ആവശ്യമില്ല എന്നതാണ് ആദര്‍ശത്തിന്റെ കണ്ടെത്തല്‍. അതിനുവേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിലെ അംഗങ്ങള്‍ മതവിശ്വാസികളാകരുത്’-വി.എസ് അച്യുതാനന്ദന്‍; ചിന്താ വാരിക, 2004 ജൂണ്‍ 4.
പുതിയ ദേശീയ സാഹചര്യത്തില്‍ മതത്തിനെതിരായ യുദ്ധവും ശരീഅത്ത് വിരുദ്ധതയുമൊക്കെ കമ്യൂണിസ്റ്റുകള്‍ അവസാനിപ്പിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് സുപ്രീംകോടതിയില്‍നിന്ന് വിധിയുടെ മഹാപ്രളയവും സി.പി.എമ്മുകാരുടെ സൈദ്ധാന്തിക ഉരുള്‍പൊട്ടലുമുണ്ടായത്. ശബരിമലയില്‍ പ്രായഭേദമന്യെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കി സുപ്രീംകോടതി ഉത്തരവുണ്ടാപ്പോള്‍ സമയമൊട്ടും കളയാതെ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ കൊടിയേരി ബാലകൃഷ്ണന്‍ എഫ്.ബിയില്‍ കുറിച്ച പദങ്ങള്‍ വായിച്ചാല്‍ കഴിച്ച ‘ബീഫ് വരട്ടിയത്’ ഒക്കെ പുറത്തേക്ക് തളളും.
‘…ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴി ചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്‌ലിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്ര്യത്തിനെതിരെയും സി.പി.ഐ എമ്മും ഇ.എം. എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്‌ലിം പ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്‌ലിം സമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്‌പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധ ശബ്ദമുയര്‍ത്തിയപ്പോള്‍ സി.പി.ഐ എം അവര്‍ക്കൊപ്പമാണ്‌നിന്നത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാന്‍ വിമര്‍ശകര്‍ തയ്യാറാവണം…’.
1984 ഏപ്രിലില്‍ സുപ്രീം കോടതി മുസ്്‌ലിം വ്യക്തി നിയമത്തിലേക്ക് കടന്ന് ചില പരാമര്‍ശങ്ങള്‍ നടത്തുകയും ശരീഅത്ത് (വ്യക്തിനിയമം) സാമൂഹ്യക്ഷേമത്തിന് തടസ്സമാവരുതെന്നും വ്യക്തി നിയമങ്ങള്‍ മാറ്റി ഏകീകൃത സിവില്‍ നിയമം രാജ്യത്തുണ്ടാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തകാലത്തെയാണ് കൊടിയേരി സൂചിപ്പിക്കുന്നത്. വിവാഹ മോചിതയായ സ്ത്രീക്ക് മരണം വരെ ജീവിതച്ചെലവ് നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിച്ച് വിധി പ്രസ്താവിച്ചപ്പോള്‍ ഇതിന്റെ പേരില്‍ രാജ്യത്ത് മുസ്്‌ലിംകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന വകവെച്ചു തരുന്ന ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെ യുദ്ധം നയിക്കാന്‍ മുന്നില്‍ നിന്നത് സി.പി.എമ്മായിരുന്നു. ഇസ്്‌ലാമിക ശരീഅത്തിന് എതിരെ ഉറഞ്ഞുതുള്ളിയ ഇ.എം.എസ് നമ്പൂതിരിപ്പാട്, ‘നാലു പെണ്ണുകെട്ടുന്ന ഏര്‍പ്പാട് തെമ്മാടിത്തമാണ്, മുത്തുനബിയല്ല അള്ളാ പറഞ്ഞാലും അത് അനുവദിക്കില്ല’ എന്ന് നയം വ്യക്തമാക്കിയതൊക്കെ പഴയ കഥയാണെന്ന് കരുതിയവരെ തിരുത്തുന്നതാണ് കൊടിയേരി ബാലകൃഷ്ണന്റെ ശരീഅത്ത് വിരുദ്ധ ചരിത്രത്തെ ഓര്‍മ്മപ്പെടുത്തല്‍.
എന്നാല്‍, മതവിരുദ്ധരായ സി.പി.എമ്മുകാര്‍ക്ക് ശബരിമലയില്‍ യുവതികളും പോകണമെന്നും ആരാധന ചെയ്യണമെന്നും വല്ലാത്ത മോഹവുമുണ്ടത്രെ. കൊടിയേരി പറയുന്നു: ‘സ്ത്രീവിവേചനം എല്ലാ മേഖലയില്‍നിന്നും അവസാനിപ്പിക്കുന്നതിന് സഹായകമായ വിധിയാണ് ശബരിമല സ്ത്രീ പ്രവേശന കേസില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചത്. സ്ത്രീകളെ വിവേചനത്തോടെ കാണുന്നതും വിവിധ മേഖലകളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതുമായ സമീപനത്തിനെതിരായ ശ്രദ്ധേയമായ വിധിന്യായമാണ് സുപ്രീംകോടതിയുടേത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ഇതില്‍ എല്‍.ഡി.എഫിന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഈ നിലപാടിന് അനുസൃതമായ വിധിയാണ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. വിധി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രായോഗിക നടപടികള്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ച് നടപ്പിലാക്കാണ്ടതുണ്ട്.’
വൈരുധ്യാധിഷ്ഠിത ബൗദ്ധികവാദമെന്നത് ഇരട്ടച്ചങ്കുള്ള ഇരട്ടത്താപ്പാണോയെന്ന് കൊടിയേരിയുടെ സ്വന്തം ഫെയ്‌സ്ബുക്ക് കുറിപ്പുകൊണ്ട് സംശയം തീരാത്തവര്‍ക്ക് പാര്‍ട്ടി പത്രത്തില്‍ ആഴ്ച ഒന്നായപ്പോള്‍ അയലിന്മേല്‍ കയറിയ നയം വ്യക്തമാക്കലുമുണ്ട്. ‘സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സി.പി.ഐ.എം ഇടപെടില്ല… ഈ വിധിയില്‍ പതറുകയല്ല വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. ഇതാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്’ (കൊടിയേരി ബാലകൃഷ്ണ്‍; ദേശാഭിമാനി 2018 ഒക്ടോബര്‍ 5). പത്തു മുതല്‍ 50 വയസുവരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന 1965ലെ നിയമത്തിലെ (കേരള ഹിന്ദു പ്ലെയ്‌സസ് ഓഫ് പബ്ലിക് വേര്‍ഷിപ് ആക്ട്) റൂള്‍ 3 (ബി) ഭരണഘടനാവിരുദ്ധമാണെന്നും അയ്യപ്പഭക്തന്മാരെ ഹിന്ദുമതത്തിനുള്ളിലെ പ്രത്യേക വിഭാഗമായി കാണാനാകില്ലെന്നും മതവിശ്വാസം സംബന്ധിച്ച് ഭരണഘടനയുടെ 25-ാം അനുച്ഛേദം നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ഉള്ളതാണെന്നുമാണ് കോടതി വിധിച്ചത്. അതേസമയം, ‘ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകള്‍ കയറുമെന്ന് തോന്നുന്നില്ലെന്നും സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും’ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ മലക്കം മറിയുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍, ഓരോ മതക്കാര്‍ക്കും അവരവരുടേതായ വിശ്വാസപ്രമാണങ്ങളും ആചാരങ്ങളും പിന്തുടരുവാന്‍ ഭരണഘടനാപരമായി അവകാശമുള്ള രാജ്യമാണിത്. കോടതികള്‍ വ്യാഖ്യാനിക്കുമ്പോള്‍ ഭൂരിപക്ഷ പ്രകാരം വിധിയായി വരുന്നതെല്ലാം അവസാനവാക്കല്ലതാനും. ശബരിമലയില്‍ പ്രായഭേദമന്യെ എല്ലാവര്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കുന്ന വിധിയോട് വിയോജിച്ചത് ആ ബെഞ്ചിലെ ഹൈന്ദവ വിശ്വാസമുള്ള വനിതാ ജഡ്ജിയാണ്. പള്ളികള്‍ക്ക് ഇസ്‌ലാമില്‍ പ്രത്യേക സ്ഥാനമില്ലെന്ന ഭൂരിപക്ഷ വിധിയില്‍ വിയോജിച്ചത് ആ ബെഞ്ചിലെ മുസ്‌ലിമായ ജഡ്ജിയാണ്. ബ്രിട്ടീഷ് ഭരണകാലത്തും മുമ്പും വിശ്വാസ ആചാരങ്ങളില്‍ കൈകടത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറായിട്ടില്ല. സതി പോലുള്ള അനാചാരങ്ങള്‍ക്കെതിരെ ആ മതത്തില്‍നിന്ന്തന്നെ തിരുത്ത് ഉയര്‍ന്നുവരികയായിരുന്നു. വിവിധ മതങ്ങളുടെ അടിസ്ഥാന ഭാവങ്ങളില്‍ മാറ്റമില്ലാതെ പല പരിഷ്‌കരണങ്ങള്‍ക്കും വിധേയമാകുന്നുവെന്നതാണ് ചലനാത്മകമായി അവയെ നിലനിര്‍ത്തുന്നത്. ഇതിന്റെയെല്ലാം പശ്ചാത്തലം ഉള്‍കൊണ്ടാണ് ഭരണഘടന മനഃസാക്ഷിക്കുള്ള സ്വാതന്ത്ര്യവും മതവിശ്വാസം വെച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യവും ഉറപ്പുനല്‍കിയത്. വ്യത്യസ്ത വിശ്വാസ ആചാരങ്ങള്‍ വിവിധ മതങ്ങള്‍ക്കും ജാതികള്‍ക്കും ഇടയിലുണ്ട് എന്നതുപോലെ ഒരേ മതത്തിലും ജാതിയിലും വ്യത്യസ്ത ആചാരഅനുഷ്ഠാനങ്ങളുണ്ട്.
ഏക സിവില്‍കോഡ് വൈവിധ്യങ്ങളുടെ പൂങ്കാവനമായ ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന വിലയിരുത്തലിന്റെ പ്രാധാന്യവും ഇതാണ്. ഏക സിവില്‍കോഡിനായി കരുക്കള്‍ നീക്കുന്ന ആര്‍.എസ്.എസിന്റെ മുഖപത്രമായ ജന്മഭൂമിയില്‍ (2018 സെപ്റ്റംബര്‍ 30) സ്വാമി ചിദാനന്ദ പുരി, ‘വൈവിധ്യങ്ങള്‍ നിലനില്‍ക്കണം; നിലനിന്നേ മതിയാവൂ. ഇത്തരം വൈവിധ്യങ്ങളാണ് ഹിന്ദുധര്‍മവ്യവസ്ഥയുടെ സവിശേഷത. നാനാത്വത്തിലുള്ള ഏകത്വത്തിന്റെ ചരടാണ് ഹിന്ദു ധര്‍മവ്യവസ്ഥ. വൈവിധ്യങ്ങളുണ്ടെങ്കിലേ ഭാരതമുള്ളൂ; സൗന്ദര്യവും സംസ്‌കാരവും ഉള്ളൂ. ഒരു വഴി, ഒരു വിധാനം എന്നായാല്‍ ധര്‍മം മാറി മത വ്യവസ്ഥയാകും’ എന്ന് പറയുന്നത് കാവ്യനീതിയായിട്ടുണ്ട്.
ഹൈന്ദവ വിശ്വാസ ആചാര പ്രകാരം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതും സ്ത്രീകള്‍ മുഖ്യകാര്‍മ്മികരായുള്ളതുമായ ക്ഷേത്രങ്ങള്‍ രാജ്യത്തുണ്ട്. മണ്ണാറശ്ശാല ക്ഷേത്രത്തില്‍ സ്ത്രീകള്‍ പൂജ കഴിക്കുന്നതാണ് ഉത്തമമെന്നാണ് വിശ്വാസം. പയ്യന്നൂരിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ സന്യാസിമാര്‍ക്ക് പ്രവേശനമില്ല. പൂജാപുഷ്പങ്ങള്‍ക്കും നേദ്യങ്ങള്‍ക്കും മന്ത്രങ്ങള്‍ക്കും വിധാനങ്ങള്‍ക്കുമൊക്കെ വിവിധ അമ്പലങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. വിഷ്ണുക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ വെളിച്ചപ്പാട് ഉണ്ടാവില്ല. രജോഗുണ പ്രധാനമായ മൂര്‍ത്തികള്‍ ആരാധിക്കപ്പെടുന്നിടത്ത് വെളിച്ചപ്പാട് ഉണ്ടാകും. എല്ലാ ക്ഷേത്രത്തിലും നിവേദ്യമായി പാല്‍പ്പായസം പറ്റില്ല. ഇത്തരം ആചാരത്തിന്റെ ഭാഗമായി ശബരിമലയില്‍ ആര്‍ത്തവ സാധ്യതയുള്ള പ്രായത്തില്‍ പ്രവേശനം നിയന്ത്രിക്കുന്നത് ആ വിഭാഗത്തിന്റെ ആഭ്യന്തര കാര്യമാണ്. പുരുഷനായാലും സ്ത്രീയയായും 40 ദിവസത്തെ വ്രതം അനുഷ്ഠിച്ച് വാവരെയും തൊഴുത് പതിനെട്ടാം പടി ചവിട്ടി സായൂജ്യമടയുന്ന വിശ്വാസികളെ അവരുടെ പാട്ടിന് വിടുന്നതാണ് നല്ലത്. മറ്റു മത വിശ്വാസികളോ മതമില്ലാത്തവരോ അതില്‍ ഇടപെടുന്നത് ദുഷ്ടലാക്കാണ്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയതോടെ മുസ്‌ലിം പള്ളികളും വനിതകള്‍ക്ക് ഉപാധിയില്ലാതെ തുറന്നുകൊടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ചര്‍ച്ച ഉയരുന്നുണ്ട്. ഇതിലും സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഇസ്‌ലാം പറയുന്നില്ലെന്നത് തര്‍ക്കമില്ലാത്തതാണ്. മക്കയിലെയും മദീനയിലെയും പള്ളികളില്‍ സ്ത്രീകള്‍ പോകുന്നുണ്ട്. അശുദ്ധിയുടെ അവസ്ഥയില്‍ സ്ത്രീയും പുരുഷനും അവിടെ തങ്ങരുതെന്നും നിഷ്‌കര്‍ഷിക്കുന്നു. മറ്റു മതത്തില്‍ പെട്ട വനിതകള്‍ പ്രവേശിക്കുന്നത് പോലും വിലക്കില്ല. പെണ്ണുങ്ങള്‍ക്ക് ആരാധനക്ക് ഉത്തമം പള്ളിയോ വീടോ എന്നതിലെ അഭിപ്രായ വ്യത്യാസമൊള്ളൂ. മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളി പ്രവേശനത്തിന് കോടതി ഉത്തരവിട്ടാലും ഇപ്പോഴുള്ളതില്‍ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടാവില്ല. പോകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പോകാവുന്ന എത്രയോ പള്ളികള്‍ ഇവിടെയുണ്ട്താനും. ശബരിമലയിലെ വിളക്കില്‍ നിന്ന് കൈപൊളളിയ കൊടിയേരി പള്ളിയിലെ ഹൗളില്‍ കൈമുക്കിയിട്ടൊന്നും കാര്യമില്ല.
ശബരിമലയെ ഇത്രകാലവും ചവിട്ടിത്താഴ്ത്തിയവര്‍ സ്ത്രീകള്‍ക്ക് നിരുപാധിക പ്രവേശനം അനുവദിച്ചത് കൊട്ടിഘോഷിക്കുന്നതും എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് ഉപാധിയില്ലാതെ പ്രവേശനം അനുവദിക്കണമെന്ന് പറയുന്നവരും നല്ല ഉദ്ദേശത്തോടെയല്ല. പുണ്യവും പവിത്രതയും വിശ്വസിക്കാത്തവര്‍ കോടതി വിധിയുടെ ബലത്തില്‍ എത്തുമ്പോള്‍ അതിന്റെ താല്‍പര്യം വിശ്വാസികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. സ്വവര്‍ഗ രതിക്ക് നിയമ പരിരക്ഷ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ, ഭാര്യക്കും ഭര്‍ത്താവിനും ആരുമായും ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന കോടതി നിരീക്ഷണം ആഹ്ലാദപൂര്‍വം സ്വാഗതം ചെയ്ത സി.പി.എം അര്‍ത്ഥമാക്കുന്ന ധാര്‍മ്മികത എന്തെന്ന് ചിന്തിക്കുന്നതും നല്ലതാണ്.
ഇക്കാര്യത്തില്‍ കോടതി വിധികളെയും അതിന്റെ പ്രായോഗിക തലങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കാനും ജാഗ്രത പുലര്‍ത്താനും സാധിക്കണം. വിശ്വാസികളുടെ ആചാരങ്ങളില്‍ അവിശ്വാസികള്‍ ഇടപെടേണ്ടെന്ന് പറയുമ്പോള്‍ കരുപൊട്ടുന്ന കൊടിയേരിമാരുടെ സംഘടാ നടപടിക്രമങ്ങള്‍ മറ്റു പാര്‍ട്ടിക്കാര്‍ തീരുമാനിച്ചാല്‍ അവര്‍ അംഗീകരിക്കുമോ. വിശ്വാസ കേന്ദ്രങ്ങള്‍ നിരീശ്വരക്കാരുടെ ഉല്ലാസകേന്ദ്രമാക്കാമെന്നും ‘പാര്‍ട്ടിഓഫീസ് നിലവാരത്തിലേക്ക്’ തരം താഴ്ത്താമെന്നും കണക്കുകൂട്ടുന്ന ശശിമാരുടെ ഇംഗിതം കോടതി വിധിയുടെ മറവില്‍ വേണ്ട. സുപ്രീംകോടതി കവാടങ്ങള്‍ തുറക്കുകമാത്രമാണ് ചെയ്തത്. വേണ്ടവര്‍ക്ക് അതിലൂടെ പോകാമെന്ന് മാത്രം. ഭര്‍ത്താവിനെ തള്ളി ഭാര്യക്കും ആചാരം തെറ്റിച്ച് ശബരിമലയിലേക്കും പ്രകൃതിയെ ധിക്കരിച്ച് സ്വവര്‍ഗ രതിയിലേക്കും പോകുന്നവര്‍ക്ക് പോകാം. കുടുംബ വ്യവസ്ഥിതിയെ തകര്‍ക്കപ്പെടേണ്ട ഫ്യൂഡല്‍ സംവിധാനമായി കരുതുന്ന മതത്തിലും ജാതിയിലും ആചാരത്തിലും വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റുകളുടെ ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പും അവസരവാദവും ആര്‍പ്പുവിളിയും പൂരപ്പറമ്പിലെ പീപ്പി വില്‍പ്പനക്കാരന്റെ ബഹളം മാത്രമായി ഇപ്പോള്‍ കണ്ടാല്‍ മതിയാവും. പക്ഷേ, ഏക സിവില്‍ കോഡിന്റെ വാള്‍ മൂര്‍ച്ച കൂട്ടുന്നതിന്റെ രാഗമാണ് അതിന് പശ്ചാത്തല സംഗീതമൊരുക്കുന്നതെന്നത് അത്ര നിസ്സാരമല്ല.
ഹൈന്ദവ രാഷ്ട്ര നിര്‍മ്മിതിക്കായി പാടുപെടുന്നവര്‍ മറയില്ലാതെ പറയുന്നതിന് പുരോഗമനത്തിന്റെ കുപ്പായമിടുന്ന ദൈവ നിഷേധികള്‍ വളം വെക്കുന്നത് രാജ്യത്തെ എവിടെ എത്തിക്കുമെന്നത് ആശങ്കയുയര്‍ത്തുന്നതാണ്. മതവിശ്വാസത്തെ കുറിച്ചും ഹൈന്ദവ ആചാരങ്ങളെകുറിച്ചും ശരീഅത്തില്‍ അധിഷ്ഠിതമായ വ്യക്തിനിയമത്തെ കുറിച്ചും തങ്ങള്‍ക്ക് അവസരവും അധികാരവും ലഭിച്ചാല്‍ ഏതുവഴിക്കാണ് സി.പി.എമ്മുകാര്‍ നീങ്ങുകയെന്നതിന്റെ വ്യക്തതയാണ് മാക്‌സ് മുതല്‍ കൊടിയേരിവരെ സംശയലേശമന്യെ വിളിച്ചുപറയുന്നത്. ജനവിരുദ്ധമായ മോദി സര്‍ക്കാറിനെതിരായ വികാരത്തിന് പുറത്ത് ചെങ്കൊടിയേന്തുന്നവര്‍ ഒടുവില്‍ എത്തിപ്പെടുന്ന വൈരുധ്യാധിഷ്ഠിത, പ്രത്യുല്‍പാദനം മുറിച്ച് ഷണ്ഡീകരിക്കപ്പെട്ട അധാര്‍മ്മിക ഭൂമികയാവും.
മതം മാറിയ ഹാദിയയെ പിതാവിന്റെ കൂടെ വിട്ടപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് വീട്ടുതടങ്കല്‍ സൃഷ്ടിച്ചതു മുതല്‍ മതം മാറി ചേരമാന്‍ പള്ളിയിലെ മണ്ണോട് ചേരാന്‍ കൊതിച്ച കൊടുങ്ങല്ലൂരിലെ നജ്മല്‍ ബാബുവിനെ കരിച്ചുകളഞ്ഞ ഭരണകൂട ഭീകരതവരെ നടന്നത് സംഘ്പരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ല; കേരളത്തിലാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21ഉം 25ഉം 2018ലെ ഹൈക്കോടതി ഉത്തരവും സാമാന്യ യുക്തിയും കാറ്റില്‍പറത്തി സൈമണ്‍മാസ്റ്ററെയും നജ്മല്‍ബാബുവിനെയും പിണറായി ഭരണം മരണാനന്തരവും പേടിക്കുമ്പോള്‍ അതിനെ യുക്തിവാദമെന്നോ നിരീശ്വരവാദമെന്നോ വിളിച്ച് ചെറുതാക്കാമോ. കമ്യൂണിസത്തെ കുറിച്ച് ഇന്ത്യയിലും വിദേശത്തും ആധികാരികമായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത കെ.എന്‍.എ ഖാദര്‍ എം.എല്‍.എ നിയമ സഭയില്‍ ഉന്നയിച്ച ഒരു ചോദ്യം പ്രസക്തമാണ്: ‘ബി.ജെ.പിക്ക് ഇന്നുള്ളതിന്റെ പത്തിലൊന്ന് ഭരണ ശക്തി സി.പി.എമ്മിന് രാജ്യത്തുണ്ടായിരുന്നെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പും ജനാധിപത്യവും ഇന്നുള്ളതുപോലെ നിലനില്‍ക്കുമോ.’