X
    Categories: Video Stories

സംഘ്പരിവാറിന് മായ്ക്കാനാവില്ല നെഹ്‌റുവിന്റെ മഹത്വം

സി.ഇ മൊയ്തീന്‍കുട്ടി

സ്വാതന്ത്ര്യസമരനായകന്‍, ഭരണാധികാരി, എഴുത്തുകാരന്‍, ചരിത്രകാരന്‍, അഭിഭാഷകന്‍, ചിന്തകന്‍, ജനാധിപത്യവിശ്വാസി, ശാസ്ത്രകുതുകി, കലാസ്‌നേഹി, രാജ്യതന്ത്രജ്ഞന്‍ തുടങ്ങി അനവധി വിശേഷണങ്ങള്‍ നെഹ്‌റുവിനുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍നിന്നും പഠനം പൂര്‍ത്തിയാക്കി 1912ല്‍ നെഹ്‌റു ഇന്ത്യയില്‍ എത്തിയപ്പോള്‍ രാജ്യം സ്വാതന്ത്ര്യതൃഷ്ണയില്‍ ഉരുകി തിളച്ചുമറിയുകയായിരുന്നു. 1916ലെ ലക്‌നൗ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കാണുന്നതും ബന്ധം സ്ഥാപിക്കുന്നതും. ആ ആത്മബന്ധമാണ് ഒരു രാജ്യത്തിന്റെ പിറവിയിലേക്കും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിലേക്കും വെളിച്ചമേകിയത്.
നെഹ്‌റുവിന്റെ രാഷ്ട്രസേനവത്തില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്. സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം, ഭരണഘടന നിര്‍മ്മാണസഭയിലെ പങ്കാളിത്തം, രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിലെ പങ്കാളിത്തം. ഈ മൂന്നിലും നെഹ്‌റുവിന്റെ സേവനങ്ങള്‍ ഇന്ത്യാചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. നെഹ്‌റു യൗവനം മുഴുവന്‍ ചെലവഴിച്ചത് സ്വാതന്ത്ര്യ സമര പോരാട്ടത്തിനായിരുന്നു. 35 വര്‍ഷത്തെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ 10 വര്‍ഷത്തിലധികം നെഹ്‌റു ബ്രിട്ടീഷ് ജയിലിലാണ് ജീവിച്ചത്. പലപ്പോഴും രോഗിയായ ഭാര്യയെ ശുശ്രൂഷിക്കാനോ ചികിത്സിക്കാനോ ജയിലിലായിരുന്ന നെഹ്‌റുവിന് സാധിച്ചിരുന്നില്ല. 20 വര്‍ഷം മാത്രമായിരുന്നു നെഹ്‌റുവിന്റെ വിവാഹജീവിതം. 1936ല്‍ ഭാര്യ കമല നെഹ്‌റു അന്തരിച്ചു.
സ്വാതന്ത്ര്യസമരപോരാട്ടം നെഹ്‌റു കുടുംബത്തിന് ആവേശമായിരുന്നു. രാജ്യത്തിനുവേണ്ടി ജയില്‍വാസമനുഷ്ഠിച്ചവരായിരുന്നു ആ കുടുംബം. മോത്തിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ധിരാഗാന്ധി തുടങ്ങി പലരും സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ കിടന്നവരാണ്. ലോക ചരിത്രത്തില്‍ വലിയ അവഗാഹം നേടിയ വ്യക്തിയായിരുന്നു നെഹ്‌റു.
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും ഉറപ്പുവരുത്തുന്നതിന് സാഹോദര്യമെന്ന ലക്ഷ്യം ഭരണഘടനയുടെ ആമുഖത്തില്‍ ഊന്നിപ്പറയുന്നുണ്ട്. സ്വാതന്ത്ര്യത്തെപ്പോലെ, സമത്വത്തെപ്പോലെ സാഹോദര്യവും നിലനിര്‍ത്താനായാലേ രാജ്യത്തിന് നിലനില്‍പ്പുള്ളൂ. എല്ലാ പൗരന്മാരും ഉള്‍ക്കൊള്ളുന്ന ഒരു സാഹോദര്യം ഉണ്ടെങ്കില്‍ മാത്രമേ രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ഒരേ മാതൃഭൂമിയുടെ മക്കളാണെന്നും തമ്മില്‍ സഹോദരങ്ങളാണെന്നും എല്ലാവര്‍ക്കും തോന്നണം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ലോകത്തിലെ മറ്റു ഭരണഘടനാ ആമുഖങ്ങളേക്കാള്‍ ഏറ്റവും മികച്ചതാണ്. ആശയങ്ങളിലും ആദര്‍ശങ്ങളിലും ആശയപ്രകാശനത്തിലും അതിനോട് കിടപിടിക്കാന്‍ മറ്റൊന്നില്ല. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളും പ്രമാണങ്ങളും ജവഹര്‍ലാല്‍ നെഹ്‌റു ഒരു രാഷ്ട്രതന്ത്രജ്ഞന്റെ, ഭരണഘടനാവിദഗ്ധന്റെ ശൈലിയില്‍ മനോഹരമായ രൂപത്തില്‍ ആമുഖത്തില്‍ സംക്ഷിപ്തമായി ഉള്‍ക്കൊള്ളിച്ചു. 395 ആര്‍ട്ടിക്കിളുകളുടെ സംക്ഷിപ്തരൂപം 90ല്‍ താഴെ വാക്കുകളില്‍ നെഹ്‌റു എഴുതി.
ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് 1948 ഡിസംബര്‍ 10 നാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമായി മാറിയ, ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് 1946 ഡിസംബര്‍ 13 നായിരുന്നു. നെഹ്‌റുവിന്റെ സ്വന്തം സൃഷ്ടിയായ പ്രമേയം ഭരണഘടനാ നിര്‍മ്മാണ സഭ 1947 ജനുവരി 22 ന് ഐകകണ്‌ഠ്യേന പാസാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യാവകാശങ്ങളുടേയും മാനവസ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും രത്‌നചുരുക്കമാണ്.
സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളേക്കാള്‍ നെഹ്‌റു വിലമതിച്ചത് വിശാല ജനാധിപത്യ-മനുഷ്യാവകാശങ്ങളെയായിരുന്നു. സങ്കുചിത രാഷ്ട്രീയ താല്‍പര്യം നെഹ്‌റുവിനുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണത്തിനനുസൃതമായ രീതിയില്‍ ഭരണാഘടനാ ആമുഖം എഴുതാമായിരുന്നു. ഏകകക്ഷി ഭരണം ഉറപ്പാക്കുന്ന ഭരണഘടനയുള്ള രാജ്യങ്ങള്‍ ഇന്നും ലോകത്തുണ്ട്. പക്ഷേ ബഹുസ്വരതയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്ത നെഹ്‌റു ഇന്ത്യന്‍ ഭരണഘടനയെ, മനുഷ്യാവകാശങ്ങള്‍ വിലമതിക്കുന്ന, ആദരിക്കപ്പെടുന്ന വിശ്വോത്തര ഭരണഘടനയാക്കി മാറ്റുകയാണ് ചെയ്തത്. നെഹ്‌റുവിന്റെ ഹൃദയവിശാലതകൊണ്ടു മാത്രമാണ് സ്വാതന്ത്ര്യ സമരത്തിന് യാതൊരുവിധ സംഭാവനയും നല്‍കാത്ത, സ്വാതന്ത്ര്യ സമരം ഭ്രാന്താണെന്ന് പറഞ്ഞ പ്രസ്ഥാനത്തോട് കൂറ് പുലര്‍ത്തുന്ന പല പ്രമുഖര്‍ക്കും ഇന്ന് ഭരണഘടനാപദവികളിലും അധികാര കസേരയിലും ഇരിക്കാന്‍ സാധിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്ര പുനര്‍നിര്‍മാണത്തിലും തങ്ങളുടെ സംഭാവന എന്ത് എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുന്നുമില്ല. അതുകൊണ്ടാണ് ഇവര്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഒക്‌ടോബര്‍ 21 ന് ന്യൂഡല്‍ഹിയില്‍ ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ 75 ാം വാര്‍ഷിക ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം. ഒരു കുടുംബത്തെ മഹത്വവത്കരിക്കാന്‍ മറ്റുള്ളവരെ തമസ്‌കരിച്ചു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നെഹറു കുടുംബത്തെ മഹത്വവത്കരിക്കാന്‍ സര്‍ദാര്‍ പട്ടേല്‍, ബി.ആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കള്‍ സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവന തമസ്‌കരിക്കപ്പെട്ടതായി മോദി ആരോപിക്കുന്നു. 1925 ല്‍ രൂപീകൃതമായ ആര്‍.എസ്.എസ്. ആശയങ്ങളോട് ഒരു തരത്തിലുമുള്ള കൂറ് പുലര്‍ത്തിയിരുന്നില്ല ഈ മൂന്ന് പേരും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായിരുന്നു മൂവരും. നെഹ്‌റു മന്ത്രിസഭയില്‍ സര്‍ദാര്‍ പട്ടേലും ബി.ആ. അംബേദ്കറും സമുന്നത പദവികള്‍ വഹിച്ചവരാണ്. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലാണ് നാട്ടു രാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് ഐക്യഭരണം സൃഷ്ടിച്ചത്. മരണം വരെ അദ്ദേഹം ഇന്ത്യന്‍ ഉപപ്രധാനമന്ത്രിയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പ്പിയായി അറിയപ്പെടുന്ന ബി.ആര്‍ അംബേദ്കര്‍ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമ മന്ത്രിയുമായിരുന്നു. സുഭാഷ് ചന്ദ്ര ബോസ് രണ്ടു തവണ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സമുന്നത സ്വാതന്ത്ര്യ സമരനായകനായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയോ സര്‍ക്കാറോ ഈ മഹദ് വ്യക്തികളെ ഒരിക്കലും തമസ്‌കരിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കറിയാം. സ്വന്തമായി അഭിമാനിക്കാവുന്ന ഒരു ചരിത്രമോ, ചരിത്ര പുരുഷനോ ഇല്ലാത്ത പ്രസ്ഥാനക്കാര്‍ എത്ര ശ്രമിച്ചാലും ചരിത്രത്തെ വളച്ചൊടിക്കാന്‍ സാധിക്കില്ല. നെഹ്‌റു കുടുംബത്തിന്റെ മഹത്വം കൃത്രിമമായി പടച്ചുണ്ടാക്കിയതല്ല. അത് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഈ കുടുംബത്തിലെ മുഴുവന്‍ പേരും പങ്കാളികളായിട്ടുണ്ട്. ആ കുടുംബത്തിലെ സ്ത്രീകളും പുരുഷന്മാരും രാജ്യത്തിനുവേണ്ടി നിരവധി തവണ ജയില്‍വാസം അനുഷ്ഠിച്ചവരാണ്. അങ്ങിനെയുള്ള മറ്റൊരു കുടുംബം ഇന്ത്യാചരിത്രത്തിലോ ലോക ചരിത്രത്തിലോ ഇല്ല.
പട്ടിണി, ദാരിദ്ര്യം, നിരക്ഷരത, അനാരോഗ്യം ഇവയെല്ലാം ബാക്കിവെച്ചാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ജവഹര്‍ലാല്‍ നെഹ്‌റു ആവിഷ്‌കരിച്ച പഞ്ചവത്സര പദ്ധതികളിലൂടെ നാം വികസനത്തിന്റെ പാതയിലൂടെ ബഹുദൂരം മുന്നേറി. 1950ല്‍ നെഹ്‌റു ആദ്യത്തെ ആസൂത്രണ കമ്മീഷന്‍ രൂപീകരിച്ചു. 2017 മാര്‍ച്ചോടെ 12 പഞ്ചവത്സര പദ്ധതികള്‍ രാജ്യം പൂര്‍ത്തീകരിച്ചു. 12 പഞ്ചവത്സര പദ്ധതികള്‍ പൂര്‍ത്തീകരിച്ച രാജ്യത്ത് ആസൂത്രണ കമ്മീഷന്റെ പ്രസക്തിയും പ്രാധാന്യവും ഏറെയായിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ പകരം കൊണ്ടുവന്ന നീതി ആയോഗിന്റെ ഘടനയും ലക്ഷ്യവും പ്രവര്‍ത്തനവുമെല്ലാം അനിശ്ചിതത്വത്തിലാണ്. സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യ ഒരു അവികസിത രാജ്യമായിരുന്നു. എന്നാല്‍ ഇന്ത്യ ഇന്ന് ലോകത്തിലെ നാലാമത് സാമ്പത്തിക ശക്തിയാണ്. സാമ്പത്തിക രംഗത്ത് കുതിച്ചുചാട്ടം നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞത് സ്വാതന്ത്ര്യാനന്തരം ഇന്ത്യ സ്വീകരിച്ച നയങ്ങളുടെയും പ്രവര്‍ത്തനത്തിന്റേയും ഫലമാണ്.
സമ്മിശ്ര സമ്പദ്‌വ്യവസ്ഥയും ആസൂത്രണാധിഷ്ഠിത സാമ്പത്തികപ്രവര്‍ത്തനങ്ങളുമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ. ഇന്ത്യയില്‍ ആസൂത്രണ സംവിധാനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സംഘടനയാണ് ആസൂത്രണകമ്മീഷന്‍. പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതും ആസൂത്രണ കമ്മീഷനാണ്. 17 വര്‍ഷത്തോളം ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നെഹ്‌റു രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. സ്വാതന്ത്ര്യലബ്ധി സമയത്ത് രാജ്യത്തിന്റെ സാക്ഷരതാനിരക്ക് കേവലം 12 ശതമാനമായിരുന്നു. നെഹ്‌റു ആവിഷ്‌കരിച്ച പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യം സമസ്ത മേഖലയിലും വന്‍കുതിച്ചു ചാട്ടമാണ് നടത്തിയത്. 30 വര്‍ഷംകൊണ്ട് കാര്‍ഷിക-വ്യാവസായിക-വിദ്യാഭ്യാസ-ശാസ്ത്രസാങ്കേതിക-തൊഴില്‍ മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തി. സാക്ഷരതാനിരക്ക് നാലുമടങ്ങ് വര്‍ധിച്ചു. 1974ല്‍ രാജ്യം ആദ്യത്തെ അണുപരീക്ഷണം വിജയകരമായി നടത്തി. 1987ല്‍ ഇന്ത്യയില്‍നിന്നും ഉപഗ്രഹവിക്ഷേപണം നടത്തി. 1969 ലാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം നിലവില്‍വന്നത്. 1975ല്‍ തന്നെ രാജ്യം ഉപഗ്രഹവിക്ഷേപണം ആരംഭിച്ചു. ശാസ്ത്രസാങ്കേതികരംഗത്ത് രാജ്യം ഇന്ന് വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. അന്തര്‍ദേശീയരംഗത്തെ നെഹ്‌റുവിന്റെ ഇടപെടലുകള്‍ അദ്ദേഹത്തെ വിശ്വപൗരനാക്കി മാറ്റി.
രണ്ടാം ലോകയുദ്ധത്തിന് ശേഷം രൂപംകൊണ്ട രണ്ടു ശാക്തികചേരികളായിരുന്നു അമേരിക്കയും സോവിയറ്റ് യൂണിയനും. പുതുതായി സ്വാതന്ത്ര്യം നേടിയ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ വന്‍ശക്തികള്‍ രൂപീകരിച്ച സൈനിക സഖ്യങ്ങളില്‍നിന്നും വിട്ടുനിന്നു. ഇത് ചേരിചേരാപ്രസ്ഥാനത്തിന്റെ ഉദയത്തിന് വഴിവെച്ചു. 1956ല്‍ യൂഗോസ്ലോവ്യയില്‍ നടന്ന നെഹ്‌റു-നാസ്സര്‍-ടിറ്റോ കൂടിക്കാഴ്ച ചേരിചേരാപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് തുടക്കമിട്ടു. 1961ല്‍ കെയ്‌റോവില്‍ കൂടിയ യോഗത്തില്‍ 20 രാഷ്ട്രങ്ങള്‍ പങ്കെടുത്തു. നെഹ്‌റു-നാസര്‍-ടിറ്റോ ത്രിമൂര്‍ത്തികള്‍ രൂപംനല്‍കിയ ചേരിചേരാപ്രസ്ഥാനം ഇന്ന് ലോകത്തെ 90ലധികം രാജ്യങ്ങളുടെ മഹത്തായ പ്രസ്ഥാനമായി വികസിച്ചു. പണ്ഡിറ്റ്ജി ലോകത്തിന് നല്‍കിയ സന്ദേശമാണ് ചേരിചേരാനയം. ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമാണ് ചേരിചേരാപ്രസ്ഥാനം. ചേരിചേരാനയത്തില്‍ അധിഷ്ഠിതമായ വിദേശനയമാണ് സ്വതന്ത്ര ഇന്ത്യക്കുവേണ്ടി നെഹ്‌റു രൂപംനല്‍കിയത്. മാനവരാശിയുടെ സുരക്ഷക്കും ലോകസമാധാനത്തിനും നെഹ്‌റുവിന്റെ വിലപ്പെട്ട സംഭാവനയാണ് ചേരിചേരാപ്രസ്ഥാനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: