കെ.മൊയ്തീന്‍ കോയ
സഖ്യരാഷ്ട്രങ്ങള്‍ വരെ അമേരിക്കയുടെ നിലപാടിനെതിരെ കടുത്തസമീപനം സ്വീകരിച്ച സാഹചര്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അത്യപൂര്‍വമാണ്. കമ്യൂണിസ്റ്റ് രാഷ്ട്ര ബ്ലോക്കിന്റെ തകര്‍ച്ചക്ക് ശേഷവും ഭദ്രവും ശക്തവുമായിരുന്ന അമേരിക്കന്‍ (മുതലാളിത്ത) ചേരി ഡൊണാള്‍ഡ് ട്രംപിന്റെ വികലമായ നയം മൂലം വന്‍ പ്രതിസന്ധി നേരിടുന്നു. ഇറാന് എതിരെ ആഗസ്റ്റ് 7ന് പുനരാരംഭിച്ച ഉപരോധം യൂറോപ്യന്‍ യൂണിയന്‍ തള്ളിക്കളഞ്ഞു. തുര്‍ക്കിയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ട്രംപിന്റെ ഉത്തരവ് സഖ്യ-സൗഹൃദ രാഷ്ട്രങ്ങള്‍ അവഗണിക്കുകയും ചെയ്തതോടെ ലോക രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്ന സ്ഥിതിയിലേക്കാണ്.
2015ല്‍ അമേരിക്കയും പഞ്ചമഹാശക്തികളും സംയുക്തമായി ഇറാനുമായി ഒപ്പുവെച്ച ആണവ കരാറില്‍നിന്ന് ഇക്കഴിഞ്ഞ മെയ് മാസം ഏകപക്ഷീയമായി പിന്‍മാറിയ അമേരിക്കയുടെ നിലപാടിനെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇതര രാഷ്ട്രങ്ങള്‍. കരാറുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ തന്നെയാണ് അവരുടെ തീരുമാനം. കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്ക ഇറാനെതിരെ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ആഗസ്റ്റ് ഏഴു മുതല്‍ പുനരാരംഭിച്ചു. അമേരിക്കയുടെ ഉപരോധ തീരുമാനത്തോട് എല്ലാ രാഷ്ട്രങ്ങളും യോജിക്കണമെന്നായിരുന്നു ട്രംപിന്റെ ശാഠ്യം. ഇറാനുമായി വ്യാപാരബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളും രാജ്യങ്ങളും ‘വിവരമറിയും’ എന്നാണ് ഏറ്റവും ഒടുവിലത്തെ ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ കഴിഞ്ഞകാലങ്ങളിലെ പോലെ യൂറോപ്പ് തയാറില്ല. ഇറാനുമായുള്ള ബന്ധം ശിഥിലമായാല്‍ വന്‍ നഷ്ടം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കമ്മീഷന്‍ തലവന്‍ ഫെഡറിക് മൊഗേരിനി വ്യക്തമാക്കിയത് ട്രംപിന് പ്രഹരമായി. ഒറ്റപ്പെട്ട ചില കമ്പനികള്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാന്‍ സാധ്യതയുണ്ട്. സമാന നിലയില്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയയുടെ വിദേശമന്ത്രി ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ താല്‍പര്യം ചൈനയും റഷ്യയും തള്ളിക്കളഞ്ഞിട്ടുമുണ്ട്.
പാരീസ് കാലാവസ്ഥ ഉടമ്പടി, കുടിയേറ്റ നിയമം, ഇറക്കുമതി തീരുവ വര്‍ധന തുടങ്ങിയവയും അമേരിക്ക-യൂറോപ്പ് ഏറ്റുമുട്ടലിന് നേരത്തെ സാഹചര്യം ഒരുക്കിയതാണ്. കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്‍മാറിയതാണ്. യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി ബന്ധം വഷളാക്കി. തിരിച്ചടിച്ച് അമേരിക്കയുടെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്പുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് ഇതേ തന്ത്രം ചൈനക്കെതിരെ പ്രയോഗിച്ച് നോക്കിയതാണ്. ‘അമേരിക്ക ഫസ്റ്റ്’ എന്ന ട്രംപിന്റെ മുദ്രാവാക്യം കടുത്ത അമേരിക്കന്‍ വിരുദ്ധ വികാരമാണ് ലോകമെമ്പാടും സൃഷ്ടിക്കുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ഇന്ത്യയോടും അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും തീരുമാനം അനിശ്ചിതമായി നീണ്ടുപോകുന്നുണ്ട്. പതിറ്റാണ്ടുകളായി അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന തുര്‍ക്കിയെ പോലും ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഉപരോധത്തിലൂടെ ലോക സമൂഹത്തെ ഒന്നടങ്കം നിയന്ത്രിക്കാമെന്നാണത്രെ ട്രംപ് സ്വപ്‌നം കാണുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമാണ് തുര്‍ക്കി.
സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഒരു വിഭാഗം സൈന്യം നടത്തിയ നീക്കത്തിന് പിറകിലുള്ളതെന്ന് തുര്‍ക്കി സംശയിക്കുന്ന മത പണ്ഡിതനായ ഫത്തഹുല്ല ഗുലാന്‍ പ്രവാസജീവിതം നയിക്കുന്നത് അമേരിക്കയിലാണ്. അദ്ദേഹത്തെ തുര്‍ക്കിക്ക് വിട്ടുനല്‍കണമെന്ന് രണ്ട് വര്‍ഷത്തോളമായി തുര്‍ക്കി ആവശ്യപ്പെടുന്നു. അട്ടിമറി ശ്രമത്തില്‍ പങ്കാളികള്‍ എന്ന നിലയില്‍ ഒന്നര ലക്ഷത്തോളം പേര്‍ ജയിലിലാണ്. പലര്‍ക്കും സര്‍ക്കാര്‍ ജോലി നഷ്ടമായി. അട്ടിമറി നീക്കത്തെ തുടര്‍ന്ന് അന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ കഴിഞ്ഞ മാസമാണ് പിന്‍വലിച്ചത്. ഗുലാനുമായി ബന്ധം പുലര്‍ത്തുന്നുവെന്ന് തുര്‍ക്കി സംശയിക്കുന്ന അമേരിക്കന്‍ പുരോഹിതന്‍ ആന്‍ഡ്രൂബ്രന്‍സണിനെ തുര്‍ക്കി ജയിലില്‍ അടച്ചതോടെ അമേരിക്ക ഭീഷണിയും സമ്മര്‍ദ്ദവുമായി രംഗത്തുവന്നു. സിറിയന്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷ വിഭാഗത്തോടൊപ്പം ഒന്നിച്ച്‌നിന്ന അമേരിക്കയും തുര്‍ക്കിയും പിന്നീട് തര്‍ക്കമായി. തുര്‍ക്കിക്ക് പതിറ്റാണ്ടുകളായി തലവേദന സൃഷ്ടിക്കുന്ന ഖുര്‍ദ്ദിഷ് പോരാളികള്‍ക്ക് ആയുധവും സാമ്പത്തിക സഹായവും അമേരിക്ക അനുവദിച്ചത് തുര്‍ക്കിയെ ഞെട്ടിച്ചു. അമേരിക്കയുടെ സമ്മതം കാത്തുനില്‍ക്കാതെ ഖുര്‍ദ്ദിഷ് പോരാളികളെ സിറിയന്‍ പ്രദേശത്ത് തുര്‍ക്കി സൈന്യം നേരിട്ട് ഓടിച്ചു. സിറിയയിലെ പ്രതിപക്ഷ മേഖലയില്‍ അമേരിക്ക-തുര്‍ക്കി സൈനികര്‍ ഏറ്റുമുട്ടുന്ന ഘട്ടം വരെ തര്‍ക്കം എത്തിയിരുന്നുവെങ്കിലും ഒഴിവായി. സിറിയന്‍ പ്രതിപക്ഷത്തെ റഷ്യന്‍ നേതൃത്വത്തിലുള്ള സമാധാന ശ്രമവുമായി സഹകരിപ്പിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ഉറുദുഗാന്‍ രംഗത്തിറങ്ങിയത് അമേരിക്കയെ പ്രയാസത്തിലാക്കി. അവരുടെ നയതന്ത്ര വീഴ്ചയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.
ഏറ്റവും അവസാനം പുരോഹിതന്റെ അറസ്റ്റ് വിവാദമാക്കി അമേരിക്ക തുറന്ന പോരിന് മുന്നിലെത്തി. തുര്‍ക്കിയുടെ ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഇരട്ടിയാക്കിയത് തുര്‍ക്കിക്ക് പ്രതിസന്ധി സൃഷ്ടിച്ചു. തുര്‍ക്കി നാണയമായ ‘ലിറ’യുടെ മൂല്യം തകര്‍ക്കുന്നു. സമ്പദ് വ്യവസ്ഥ തകിടം മറിക്കാനുള്ള അമേരിക്കയുടെ നീക്കം മറികടക്കാന്‍ പുതിയ സഖ്യകക്ഷി തേടുമെന്ന് വരെ നാറ്റോ രാജ്യമായ തുര്‍ക്കി പ്രഖ്യാപിച്ചു. റഷ്യ, ചൈന, ഇറാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായുള്ള ബന്ധം വിപുലമാക്കാനുള്ള ഉറുദുഗാന്റെ നീക്കം വലിയ പ്രത്യാഘാതമാണ് അമേരിക്കന്‍ ചേരിക്കുണ്ടാക്കുന്നത്. സാമ്പത്തിക അസ്ഥിരത മുന്നില്‍ കാണുന്ന തുര്‍ക്കി, അവ മറികടക്കാനുള്ള നീക്കം വിജയം കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ്. ഖത്തറിന്റെ സഹായം തുര്‍ക്കി വലിയ പ്രാധാന്യം നല്‍കുന്നു. 1500 കോടി ഡോളറിന്റെ നിക്ഷേപം തുര്‍ക്കിയില്‍ നടത്താന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ഹമദ് അല്‍താനി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ പ്രഖ്യാപിച്ചതോടെ ലിറയുടെ മൂല്യം ഉയര്‍ന്നു. ഉറുദുഗാന്റെ നീക്കം വ്യാപകമാവുന്നതോടെ തുര്‍ക്കി സമ്പദ് വ്യവസ്ഥ പ്രതിസന്ധിയെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, അമേരിക്കയും കടുത്ത നീക്കത്തിലാണ്. തുര്‍ക്കിക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ഇറാന്‍ ഭീഷണി’ ഉയര്‍ത്തികാണിച്ച് സുന്നി മുസ്‌ലിം രാഷ്ട്രങ്ങളെ കൂടെ നിര്‍ത്താനും മധ്യപൗരസ്ത്യ ദേശത്ത് ആയുധ വില്‍പ്പന വിപുലമാക്കാനുമാണ് ട്രംപിന്റെ അണിയറ നീക്കം. ‘അറബ് നാറ്റോ സഖ്യം’ എന്ന പദ്ധതി ഉയര്‍ത്തി നാല് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നിവയെ അണിനിരത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇസ്രാഈലിന് സഹായകമായ നിലയില്‍ ജോര്‍ദ്ദാനിലെ രണ്ട് കോടിവരുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികളെ ഒഴിവാക്കാനും തന്ത്രപരമായ നീക്കമുണ്ട്. ട്രംപിന്റെ മരുമകനും മധ്യപൗരസ്ത്യ ദേശത്തേക്കുള്ള പ്രത്യേക ഉപദേഷ്ടാവുമായ ജാരട് കുഷ്‌നര്‍ ആണ് ഇതിന് പിന്നില്‍. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ പദ്ധതിക്ക് അമേരിക്കന്‍ സാമ്പത്തിക സഹായം 125 മില്യന്‍ ഡോളറില്‍ നിന്ന് 65 മില്യന്‍ കുറച്ചതും കുഷ്‌നറുടെ ബുദ്ധിയാണ്.
ഇറാന് പുറമെ തുര്‍ക്കിക്ക് എതിരായും ട്രംപിന്റെ ഭീഷണി ഉയര്‍ന്നതോടെ മുസ്‌ലിം ലോകത്തിന്റെ ഒറ്റക്കെട്ടായ പിന്തുണ അമേരിക്കക്ക് നഷ്ടമാകും. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചതും ലോക രാഷ്ട്രീയത്തിലുള്ള മാറ്റത്തിന്റെ നാന്ദിയായി. ജി.8 ഉച്ചകോടിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട റഷ്യ ലോക രംഗത്ത് മേല്‍കൈ നേടുംവിധമാണ് പുതിയ സംഭവ വികാസം. റഷ്യയുമായി അടുക്കാന്‍ തുര്‍ക്കിയും ചില യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്ന നീക്കം ഇത്തരം സൂചന നല്‍കുന്നു.