ഇഖ്ബാല്‍ വാവാട്
ബി.ജെ.പിയുടെയും മോദിയുടെയും ഭരണം രാജ്യത്ത് സൃഷ്ടിച്ച അസ്ഥിരതയുടെയും അസഹിഷ്ണുതയുടെയും പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടാന്‍ വഴികള്‍ തേടുകയാണ് ജനങ്ങളും സംഘ്പരിവാര്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളും. ബി.ജെ.പി ഇനിയും അധികാരത്തില്‍ എത്തിയാല്‍ ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സാധ്യമായ എല്ലാ വഴികളും തേടുകയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും സമാന മനസ്‌കരായ ഇതര പാര്‍ട്ടികളും. 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കടിഞ്ഞാണിടാന്‍ സാധിച്ചാല്‍ ബി.ജെ.പി ഭരണത്തിന്റെ സാധ്യകള്‍ക്ക് തിരിച്ചടി നല്‍കാനാവുമെന്ന പ്രതീക്ഷയുടെ ഫലമെന്നോണം സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നു. ബി.ജെ.പിക്ക് തിരിച്ചടിയും മറുപക്ഷത്തിന് ഉണര്‍വും നല്‍കുന്ന ഈ തീരുമാനത്തിന്റെ അനുരണനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉടന്‍ പ്രകടമായേക്കും.
2009ലെ 10 സീറ്റുകളില്‍നിന്ന് 2014ലെ 71 എന്ന മാര്‍ജിനിലേക്ക് കുതിച്ചുയര്‍ന്ന ബി.ജെ.പിയെ തടുത്തുനിര്‍ത്താന്‍ പാകമായരീതിയില്‍ യു.പിയുടെ രാഷ്ട്രീയ മണ്ണ് പാകപ്പെട്ടുവരുന്നു എന്നത് തന്നെയാണ് എസ്.പിയെയും ബി.എസ്.പിയെയും ഒന്നിപ്പിക്കുന്നത്. 2009ലെ 18ല്‍ നിന്ന് 5 സീറ്റുകളിലേക്ക് ഒതുങ്ങിയ എസ്.പിയും 20ല്‍ നിന്ന് സംപൂജ്യരാവേണ്ടി വന്ന ബി.എസ്.പിയും തങ്ങളുടെ നിലനില്‍പ്‌പോലും അപകടകരമാണെന്ന തിരിച്ചറിവിലാണ് കൈകോര്‍ക്കാന്‍ മുന്നോട്ട്‌വന്നത്. ബാബരി ധ്വംസനാനന്തരം 1993ല്‍ ഒന്നിച്ച് 1995ല്‍ ശത്രുക്കളായി മാറിയ എസ്.പിയും ബി.എസ്.പിയും വീണ്ടും ഒന്നിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയ ഭാവിയില്‍ മാറ്റമുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. മുലായംസിങ് എന്ന നേതാവില്‍നിന്ന് അഖിലേഷ് എന്ന പക്വതയും പ്രായോഗികതയും പ്രകടമാക്കുന്ന യുവ നേതാവിലേക്കുള്ള നേതൃമാറ്റംകൂടി സഖ്യം സാധ്യമായതിന് പിന്നിലുണ്ട്.
2014ല്‍ 43 ശതമാനത്തോളം വോട്ട് നേടിയാണ് ബി.ജെ.പി 71 സീറ്റുകള്‍ നേടിയത് എന്ന യാഥാര്‍ത്ഥ്യത്തിനപ്പുറത്ത് എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്ര സും ഒറ്റക്ക് മത്സരിച്ചത് കൊണ്ടാണ് ആ വിജയം സാധ്യമായത് എന്ന വസ്തുത പ്രകടമായി നില്‍ക്കുന്നുണ്ട്. അന്ന് എസ്.പിയും ബി.എസ.്പിയും നേടിയ വോട്ട് വിഹിതം ചേര്‍ത്ത്‌വെക്കുമ്പോള്‍ പകുതി സീറ്റുകളില്‍ ബി.ജെ.പിയെ അനായാസം മറികടക്കാന്‍ കഴിയും. മാത്രമല്ല, ഇത്തരമൊരു സഖ്യം അണികളില്‍ ഉണ്ടാക്കുന്ന ആവേശം മറ്റു സീറ്റുകളിലും പ്രതിഫലനമുണ്ടാക്കുമെന്നതില്‍ സംശയമില്ല.
ഏറെ നാളത്തെ സന്ദേഹത്തിനൊടുവില്‍ രൂപംകൊണ്ട സഖ്യം പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുന്നുണ്ട്. രാജ്യത്ത് ബി.ജെ.പിക്കെതിരെ വിശാല സഖ്യം ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനുള്ള തീരുമാനമാണ് അതില്‍ പ്രധാനം. ബി.ജെ.പിയെ തോല്‍പിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെങ്കിലും കോണ്‍ഗ്രസിനെതിരെ മായാവതി ഉയര്‍ത്തിയ ആരോപണങ്ങളും സഖ്യം വേണ്ട എന്ന തീരുമാനവും ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ കാണാനിരിക്കുന്നതേ ഉള്ളൂ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഖ്യത്തെ സ്വാഗതം ചെയ്യുകയും കോണ്‍ഗ്രസ് ശക്തമായി പോരാടുമെന്ന് പറയുകയും ചെയ്തതിന്റെ തുടര്‍ച്ചയായി 80 സീറ്റുകളിലും മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുകഴിഞ്ഞു. കോണ്‍ഗ്രസുമായി മുമ്പ് സഖ്യമുണ്ടാക്കിയത് എസ്.പിക്കും ബി.എസ്.പിക്കും ഗുണം ചെയ്തില്ലെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് മായാവതി പറഞ്ഞത്. അഥവാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍, പ്രത്യേകിച്ചും മുന്നാക്ക വിഭാഗക്കാരുടെത്, പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന എസ്.പിക്കും ബി.എസ്.പിക്കും കിട്ടുന്നില്ലെന്നാണ് കണക്കുകള്‍ നിരത്തി അവര്‍ വാദിക്കുന്നത്.
അമേത്തിയും റായ്ബറേലിയും കോണ്‍ഗ്രസിനായി ഒഴിച്ചിടുകവഴി തങ്ങള്‍ കോണ്‍ഗ്രസിനെ ബഹുമാനിക്കുമെന്നും തിരഞ്ഞെടുപ്പിന്‌ശേഷം വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും വായിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. പക്ഷേ 80 സീറ്റുകളില്‍ മത്സരിക്കാനുള്ള കോണ്‍ഗ്ര സ് തീരുമാനം സഖ്യത്തിന്റെ വോട്ടുകളെ ബാധിക്കുമോ എന്നാണ് അറിയേണ്ടത്. മുന്നാക്ക വോട്ടുകള്‍ ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ തന്ത്രത്തെ പ്രതിരോധിക്കാനുള്ള അടവായും കോണ്‍ഗ്രസ് നീക്കത്തെ കാണാനാവും. എസ്.പി-ബി.എസ്.പി സഖ്യത്തിന് കിട്ടില്ലെന്ന് ഉറപ്പുള്ള മുന്നാക്ക വോട്ടുകളില്‍ ഒരു ശതമാനം തങ്ങളുടെ പെട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ അത് സഖ്യത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും. അതേ സമയം കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും ഒരു സഖ്യമായാല്‍ മുന്നാക്ക വിഭാഗക്കാര്‍ ഒന്നടങ്കം ബി.ജെ.പിക്ക് വോട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഈ സാധ്യതക്കപ്പുറത്ത് മുസ്‌ലിം ദലിത് പിന്നാക്ക വോട്ടുകള്‍ കുറച്ചെങ്കിലും കോണ്‍ഗ്രസ് പിടിക്കുമെന്ന വസ്തുത നിലവിലിരിക്കെ അത് കുറച്ച് മണ്ഡലങ്ങളിലെങ്കിലും സഖ്യത്തിന്റെ സാധ്യതകളെ അട്ടിമറിക്കുകയും ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമൊരുക്കുകയും ചെയ്‌തേക്കും. ഇങ്ങനെ സംഭവിച്ചാല്‍ അതിന്റെ പഴി കോണ്‍ഗ്രസിന്റെ തലയിലാവും. ഇതിനെ പ്രതിരോധിക്കാന്‍ വോട്ട്മറിക്കല്‍ അടക്കമുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ആവിഷ്‌കരിക്കേണ്ടിവരും. ബി.ജെ.പിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തിലേക്ക് അത് ഉപകരിച്ചേക്കും.
യു.പി.എ ഘടകകക്ഷിയായിരുന്ന രാഷ്ട്രീയ ലോക്ദള്‍, സഖ്യത്തിന്റെ ഭാഗമാവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച്കഴിഞ്ഞു. തങ്ങളെ സഖ്യം അവഗണിക്കില്ലെന്നും കുറച്ച് സീറ്റുകള്‍ കിട്ടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സഖ്യം അത് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. സീറ്റ് കിട്ടിയില്ലെങ്കിലും സഖ്യത്തോടൊപ്പം ഉറച്ച്‌നില്‍ക്കുമെന്ന പ്രസ്താവന അവരുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിനെതിരെ മായാവതി ചില ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും എസ്.പി നേതാവ് അഖിലേഷ് യാദവ് മൗനം പാലിച്ചത് അദ്ദേഹം കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു എന്നതിന്റെ തെളിവായി കാണാവുന്നതാണ്. കോണ്‍ഗ്രസുമായി സഖ്യമാവുന്നത് താഴ്ന്ന ജാതികളുടെ വോട്ടുകള്‍ ഏകീകരിക്കുന്നതിന് തടസമാവുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തുന്ന തീരുമാനത്തിലേക്ക് നയിച്ചത്. ദലിത്പിന്നാക്ക മുസ്‌ലിം വോട്ടുകള്‍ നേടിയാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മായാവതിയും അഖിലേഷും. തിരഞ്ഞെടുപ്പിന്‌ശേഷം കോണ്‍ഗ്രസിനും ബി.ജെ.പിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാഹചര്യം ഉണ്ടായില്ലെങ്കില്‍ സമാന മനസ്‌കരായ പ്രാദേശിക കക്ഷികളെചേര്‍ത്ത് മൂന്നാം മുന്നണി എന്ന ആശയത്തെ പൊടി തട്ടിയെടുക്കാനും സര്‍ക്കാര്‍ ഉണ്ടാക്കാനുംവരെ എസ്.പി-ബി.എസ്.പി സഖ്യം ശ്രമിച്ചേക്കും. അന്ന് കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങിയശേഷം വഞ്ചിച്ചു എന്ന ആരോപണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഈ കോണ്‍ഗ്രസിതര സഖ്യം എന്ന ആശയം സഹായിക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പിന്‌ശേഷം കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ തയാറായ മായാവതിയുടെ ബി.എസ്.പിയും കഴിഞ്ഞ യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമായ അഖിലേഷിന്റെ എസ്.പിയും എല്ലാ സാധ്യതകളെയും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി സഖ്യമായത് എന്ന് സാരം.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടിയത് ബി.ജെ.പിക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കിയിരുന്നു. ഒറ്റക്ക് 312 സീറ്റ് നേടി അധികാരമുറപ്പിക്കുകവഴി യു.പി തങ്ങളുടെ അധീനതയിലായിരിക്കുന്നു എന്ന പ്രതീതി ഉയര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. പക്ഷേ, 2018ല്‍ ഖോരക്പൂര്‍, ഫുല്പൂകര്‍, ഖൈറാന എന്നീ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ കാര്യങ്ങള്‍ മാറിമറിയുന്നുവെന്നും ബി.ജെ.പിയെ തോല്‍പ്പിക്കല്‍ അസാധ്യമല്ലെന്നുമുള്ള ധാരണക്ക് ശക്തി പകര്‍ന്നു. 2014ല്‍ ഖോരക്പൂര്‍, ഫുല്പൂര്‍, ഖൈറാന എന്നിവിടങ്ങളില്‍ യഥാക്രമം 51.8, 52.4, 50.6 ശതമാനം വോട്ടുകള്‍ നേടിയ ബി.ജെ.പി ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തും തോറ്റു. ഇതെല്ലാം ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു എന്ന വസ്തുത മറക്കരുത്. നിലവിലെ യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെ അഞ്ച് തവണ തുടര്‍ച്ചയായി വിജയിപ്പിച്ച മണ്ഡലമാണ് ഖോരക്പൂര്‍. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്നു ഫുല്‍പൂ ര്‍. ഈ തോല്‍വികളും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തോല്‍വികളുമാണ് പ്രതിപക്ഷത്തെ ഊര്‍ജസ്വലമാക്കിയതും ഇപ്പോള്‍ എസ്.പി-ബി.എസ്.പി സഖ്യം വരെ എത്തി നില്‍ക്കുന്നതും. ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ എല്ലാവരും ഒരുമിച്ച് നിന്നത് കൊണ്ടാണ് വിജയം സാധ്യമാത് എന്ന വസ്തുതയില്‍ നിന്ന് അവര്‍ പാഠമുള്‍കൊണ്ടിരിക്കുന്നു. ഖോരക്പൂരിലും ഫുല്‍പൂരിലും എസ്.പിയാണ് വിജയിച്ചതെങ്കില്‍ ഖൈറാനയില്‍ ആര്‍.എല്‍.ഡി ആണ് വിജയിച്ചത്. നിലവില്‍ 38 സീറ്റുകള്‍ വീതം മത്സരിക്കാന്‍ തീരുമാനിച്ച എസ്.പിയും ബി.എസ്.പിയും ഖൈറാനയെങ്കിലും ആര്‍.എല്‍.ഡിക്ക് നല്‍കാനുള്ള സാധ്യത വിദൂരമല്ല.
പക്ഷേ, ഒരു സഖ്യം ഉണ്ടായത് മാത്രം വിജയത്തിന് നിദാനമാവില്ലെന്ന ബോധ്യം മായാവതിക്കും അഖിലേഷിനും ഉണ്ട്. സ്വന്തം പാര്‍ട്ടികളുടെ നിലനില്‍പ്പ് അപകടത്തിലാവുകയും ബി.ജെ.പി തങ്ങളുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തപ്പോള്‍ മാത്രം സഖ്യത്തിന് തയാറായ ഇവര്‍ ബി.ജെ.പി വിരുദ്ധത എന്നതിനപ്പുറത്ത് എന്താണ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നത് എന്നത് ഫലത്തെ സ്വാധീനിക്കും. സഖ്യത്തിന്റെ അപകട സാധ്യത മുന്‍കൂട്ടികണ്ട് എല്ലാ രീതിയിലും അതിനെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കും. അതിന്റെ ഭാഗമായി മുന്നാക്ക വിഭാഗത്തിനെ പ്രീതിപ്പെടുത്തുന്ന നടപടികള്‍ അവര്‍ കൈക്കൊണ്ടേക്കും. ഇപ്പോള്‍ പാസാക്കിയ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണം അവര്‍ മുഖ്യ പ്രചാരണ വിഷയമാക്കിയേക്കും. ഈ ഭീതിയാണ് സംവരണത്തെ പിന്തുണക്കാന്‍പോലും കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. മുന്നാക്കക്കാരെ പരിഗണിക്കാന്‍ തങ്ങളും തയാറാണെന്ന സന്ദേശം വഴി ബി.ജെ.പി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തേണ്ടത്. ഇതിന് പകരമായി തിരഞ്ഞെടുപ്പിന്‌ശേഷം സഖ്യത്തിന്റെ പിന്തുണ ഉറപ്പാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ അതൊരു രാഷ്ട്രീയ വിജയമാവും. യു.പിയില്‍ 30ല്‍ താഴെ സീറ്റുകളിലേക്ക് ബി.ജെ.പിയെ ഒതുക്കിയാല്‍പോലും മറ്റു സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്തുക വഴി അധികാരത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് കഴിയും.
സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ അപകടം മണത്ത ബി.ജെ.പി പ്രവര്‍ത്തന മികവില്ലാത്ത എം.പിമാരെ മാറ്റിയേക്കുമെന്ന വാര്‍ത്ത പുറത്ത്‌വന്ന് കഴിഞ്ഞു. ഇത് ബി.ജെ.പിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും കുറച്ച് നേതാക്കളെങ്കിലും എതിര്‍ ക്യാമ്പില്‍ എത്തുകയും ചെയ്താല്‍ വലിയ നേട്ടമാവും. യു.പിയിലെ എസ്.പി-ബി.എസ്.പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലെ സഖ്യങ്ങളില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയേക്കില്ല. കാരണം കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ സഖ്യത്തിന് തയാറാവും എന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. മൂന്നാം മുന്നണി ശ്രമം നടത്തുന്ന സി.പി.എം, ടി.ആര്‍.സ്, ബി.ജെ.ഡി എന്നീ കക്ഷികളാണ് ഇതിന് അപവാദം. പക്ഷേ, യു.പിയില്‍ ബി.ജെ.പി തോല്‍ക്കുനമെന്ന തോന്നല്‍ എല്ലാ പാര്‍ട്ടികളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.