കണ്ണൂര്‍ രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത ദാര്‍ശനിക പ്രതിഭയെയാണ് കെ.എം സൂപ്പി സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയം പഠിച്ചാണ് രാഷ്ട്രീയ നേതാവായത്. സോഷ്യലിസ്റ്റ് കളരിയില്‍ പയറ്റിത്തെളിഞ്ഞു ഹരിത രാഷ്ട്രീയത്തിന്റെ പതാക വാഹകനായി മാറിയ അദ്ദേഹം പി.ആര്‍ കുറുപ്പിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും പിന്നീട് കുറുപ്പിനോളവും അതിനപ്പുറവും ബഹുമാനിക്കപ്പെടുന്ന നേതാവായി വളരുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെ അമരക്കാരനായി പൊതുരംഗത്ത് നിറഞ്ഞു നിന്നപ്പോഴും സാധാരണ പ്രവര്‍ത്തകരുമായി നിരന്തര ബന്ധം കാത്തു സൂക്ഷിച്ചു.
1933 ഏപ്രില്‍ 5 ന്, മമ്മു-പാത്തു ദമ്പനിതകളുടെ മകനായാണ് ജനനം. എസ്.എസ്.എല്‍.സിയും വൈദ്യ വിഭൂഷണവും പാസായ അദ്ദേഹം ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷണറായി രജിസ്റ്റര്‍ ചെയ്തു. അതിനിടയിലാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്കിറങ്ങുന്നത്.
മികച്ച പ്രസംഗകനും കരുത്തുറ്റ ശബ്ദത്തിനുടമയുമായിരുന്നു. എന്നും സാധാരണക്കാരനോടൊപ്പം നിലയുറപ്പിച്ചു നിന്ന് പൊരുതാനും അവകാശങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കാതെ നേടിയെടുക്കാനും കഴിവുള്ള സൂപ്പി സാഹിബ് മുസ്ലിം ലീഗ് നിലപാടുകള്‍ വീറോടെ അവതരിപ്പിക്കുന്ന കണ്ണൂരിലെ പോരാട്ട വീര്യമുള്ള നേതാവ് കൂടിയായിരുന്നു.
1970 മുതല്‍ 1977 വരെയും 1991 മുതല്‍ 1996 വരെയും കേരള നിയമസഭയില്‍ പെരിങ്ങളം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1993-95, 1995-96 കാലയളവില്‍ നിയമസഭയുടെ സബോഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു.
പെരിങ്ങളം മണ്ഡലത്തിന്റെ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകിയത് സൂപ്പി സാഹിബാണ്. പാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് വികസന സമിതി പ്രസിഡണ്ടായും സേവനമനുഷ്ടിച്ച സൂപ്പി സാഹിബ് രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും ഒരുപോലെ മികവു പുലര്‍ത്തി.
പാനൂരിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ബസ്‌സ്റ്റാന്റ് നിലവില്‍ വന്നത് 1990ല്‍ കെ.എം.സൂപ്പി സാഹിബ് പ്രസിഡന്റായ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ്. ഷോപ്പിംഗ് കോംപ്ലക്‌സ്, കിഴക്കേ എലാങ്കോട്ട് സാംസ്‌കാരിക നിലയം, സബ്ട്രഷറി, കെ.എഫ്.സി എന്നിവയും നിലവില്‍ വരികയുണ്ടായി. എം.എല്‍.എ ആയ കാലത്ത് പാനൂരില്‍ നടന്ന സംസ്ഥാന ഗവര്‍ണ്ണര്‍, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്ത വികസനമേള സ്മരണീയമാണ്.
രാഷ്ട്രീയത്തിനൊപ്പം രചനാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പടയണി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, മുസ്ലിം എജുക്കേഷണല്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു.
പാനൂരിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. വര്‍ഷങ്ങളോളം പാനൂര്‍ മഹല്ല് ജമാഅത്തിന് നേതൃത്വം നല്‍കി. കല്ലിക്കണ്ടി എന്‍.എ.എം കോളേജ് ഭരണസമിതി ഭാരവാഹിയയായി വിദ്യാഭ്യാസ രംഗത്തും ശ്രദ്ധ ചെലുത്തി. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ രംഗത്തും പ്രത്യേകിച്ച് പാനൂരിലെ മത വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തും സൂപ്പി സാഹിബ് നല്‍കിയ സേവനം അദ്വിതീയമാണ്.