X
    Categories: Video Stories

ജനങ്ങളുടെ കീശയില്‍ കയ്യിടും മുമ്പ്

സിദ്ദീഖ് നദ്‌വി ചേരൂര്‍

പ്രളയക്കെടുതിക്ക് ശേഷം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഓരോ കേരളീയനും ഒരു മാസത്തെ ശമ്പളം ഈ ആവശ്യത്തിലേക്ക് നീക്കിവെക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനക്കു പിന്നിലെ ഉദ്ദേശ്യശുദ്ധി അംഗീകരിക്കുന്നു. കേരളത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമ്പോള്‍ അതിന്റെ പിന്നിലെ ആത്മാര്‍ത്ഥത നോക്കി എല്ലാവരും സഹകരിക്കുമെന്നുറപ്പാണ്. പ്രളയം നമ്മുടെ മണ്ണിലും മനസിലും വരുത്തിയ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാവട്ടെ പുനര്‍നിര്‍മാണ പ്രക്രിയകള്‍ എന്നുകൂടി ആശിക്കുന്നു. ഒപ്പം മുഖ്യമന്ത്രിയുടെ സഹായാഭ്യര്‍ത്ഥന ആത്മാര്‍ത്ഥമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ചില നടപടികള്‍കൂടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്.
പ്രഥമമായി, പാഴ് ചെലവുകളുടേയും കെടുകാര്യസ്ഥതയുടേയും ഉദാഹരണങ്ങളായാണ് പല സര്‍ക്കാര്‍ കാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന സത്യം ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ചില വകുപ്പുകളില്‍ ആവശ്യത്തിന് ജോലിക്കാരുണ്ടാവില്ല. എന്നാല്‍ പലയിടത്തും ജീവനക്കാരുടെ പെരുപ്പം കാരണം നിന്നു തിരിയാന്‍ ഇടമുണ്ടാവില്ല. രാഷട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തട്ടിക്കൂട്ടുന്ന ബോര്‍ഡുകളും ബോഡികളും പലപ്പോഴും വെറും നോക്കുകുത്തികളായി മാറുകയാണ്. അവയിലെ നിയമനങ്ങള്‍ പലതും അതത് രാഷ്ട്രീയ പാര്‍ട്ടികളിലെ ശല്യക്കാരെ ഒതുക്കാനും രാഷ്ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്താനും ഉള്ളതാണ്. പലരും ചൂണ്ടിക്കാട്ടിയ ഭരണ പരിഷ്‌കാര കമ്മീഷന്‍ മാത്രമല്ല, ഇവിടെ സൂചന. മന്ത്രിമാരുടെ എണ്ണപ്പെരുപ്പവുമല്ല. സി.പി.എം പോലുള്ള പാര്‍ട്ടികള്‍ നേതൃത്വം നല്‍കുമ്പോള്‍ പോലും മന്ത്രിമാരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യത്ത് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ എത്രത്തോളം കീഴ്‌പ്പെടുത്തിയിരിക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഒപ്പം ഓരോ മന്ത്രിമാരുടേയും സ്റ്റാഫ് അംഗങ്ങളുടെ കണക്കൊന്നു പരസ്യപ്പെടുത്തുക. കുറച്ചു വര്‍ഷം മുമ്പ് ഓരോ മന്ത്രിമാരുടെയും കീഴില്‍ 30 വരെ ജീവനക്കാരുണ്ടെന്നാണ് പ്രമുഖ പത്രം നടത്തിയ സര്‍വേ വെളിപ്പെടുത്തിയത്. ജനങ്ങളുമായി നേരില്‍ ഇടപെടേണ്ട പ്രത്യേക ജോലികള്‍ ഇല്ലാത്ത ചീഫ് വിപ്പിന് വരെ ഇത്രയും ജീവനക്കാര്‍ ഉള്ളതായി മുമ്പ് പി.സി ജോര്‍ജ് ആ പദവി വഹിച്ചപ്പോള്‍ പത്രങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇവരില്‍ പലര്‍ക്കും നിശ്ചിത ഡ്യൂട്ടിയൊന്നുമില്ല. ചില പാര്‍ട്ടി അംഗങ്ങളെയും സ്വന്തക്കാരെയും ഇത്തരം തസ്തികകളില്‍ നിയമിച്ചു നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കി ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹരാക്കുന്ന വിദ്യയെ കുറിച്ചും പത്രങ്ങള്‍ എഴുതിയിരുന്നു.
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ആശ്രിതരും ദുരുപയോഗിക്കുന്ന സംഭവങ്ങളും വ്യാപകമായി നടക്കുന്നു. ചില പ്രമുഖ ഉദ്യോഗസ്ഥര്‍ വീട്ടിലെ ജോലിക്കടക്കം തങ്ങള്‍ക്ക് കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തുന്ന കാര്യവും പരസ്യമായിരുന്നു. ചികിത്സയുടെ പേരിലും മറ്റും ഔദ്യോഗിക പദവികള്‍ വഹിക്കുന്ന ജനപ്രതിനിധികളും മറ്റു പ്രമുഖരും നടത്തുന്ന കൊള്ളയും ധൂര്‍ത്തും ഈയിടെ വലിയ വിവാദം സൃഷ്ടിച്ചതാണ്. അറുപതിനായിരത്തോളം രൂപക്ക് കണ്ണട വാങ്ങിയവരും വനിതാ മന്ത്രിയുടെ ഭര്‍ത്താവ്, റിട്ടയര്‍ഡ് ഉേദ്യാഗസ്ഥനും വിവിധ ഔദ്യോഗിക പദവികള്‍ വഹിച്ചതിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനും ആയിട്ടും ഭാര്യയുടെ കെയറോഫില്‍ ലക്ഷക്കണക്കിനു രൂപയുടെ ചികില്‍സാചെലവുകള്‍ എഴുതി വാങ്ങിയ സംഭവങ്ങള്‍ ഈ അടുത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സര്‍ക്കാര്‍ പദവികളും സംവിധാനങ്ങളും കയ്യണഞ്ഞാല്‍ ‘കാട്ടിലെ മരം, തേവരുടെ ആന വലിയെടാ വലി….’ എന്ന മനോഭാവത്തോടെ കൈകാര്യം ചെയ്യുന്നവരുടെ ലോകത്ത് അതിനു ഒരു മാറ്റവും വരുത്താന്‍ ശ്രമിക്കാതെ ജനങ്ങളുടെ കീശയിലേക്ക് എത്തിനോക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടാതെ വയ്യ. ഓരോരുത്തരും തങ്ങള്‍ക്ക് പരമാവധി വെട്ടിച്ചുരുക്കാന്‍ കഴിയുന്ന ചെലവുകളുടെ കണക്ക് നല്‍കട്ടെ. അല്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ പരിധി നിശ്ചയിക്കട്ടെ. മുമ്പൊക്കെ സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ ഔദ്യോഗിക മേഖലയില്‍ നിന്ന് തന്നെ ചെലവ് വെട്ടിച്ചുരുക്കുന്ന നീക്കങ്ങള്‍ കാണാറുണ്ട്. എന്നാല്‍ ഈ ദുരന്തങ്ങളുടെ ഭീകരാനുഭവങ്ങള്‍ക്ക് ശേഷവും ഭരണ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിനെ പറ്റി ചര്‍ച്ച പോലും കേള്‍ക്കുന്നില്ല. മറിച്ചു പുതിയ മന്ത്രിയെ വാഴിച്ചു ചെലവു കൂട്ടുകയാണ് ചെയ്തത്. മുണ്ടു മുറുക്കിയുടുക്കാന്‍ ജനങ്ങളെ ഉപദേശിക്കുന്നതിന് മുമ്പ് സ്വയം അതിന് തയ്യാറാകണം. ചെലവു ചുരുക്കലിന് മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്തു മാതൃക കാട്ടുന്നതാകും നല്ലത്. മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ എന്ന പേരില്‍ കുറേ ഉപദേശികളെ തീറ്റി പോറ്റുന്നുണ്ടല്ലോ. ഇപ്പോള്‍ രണ്ട് വര്‍ഷം അവരുടെയൊക്കെ ഉപദേശങ്ങള്‍ കേട്ടു കാര്യങ്ങള്‍ പാകപ്പെട്ടിരിക്കുമല്ലോ. കുട്ടികള്‍ക്ക് പോലും നടക്കാന്‍ എല്ലാ കാലത്തും വാക്കറിന്റെ ആവശ്യം വരാറില്ലല്ലോ. ആ നിലക്ക് ഇനിയുള്ള കാലം ഉപദേശികള്‍ ഇല്ലെങ്കിലും ഭരിച്ചു പോകാമെന്ന ആത്മവിശ്വാസം ഇതിനകം നേടിയിട്ടുണ്ടെങ്കില്‍ അവരെ നന്ദിപൂര്‍വം പറഞ്ഞയക്കുക. അവരില്‍ ആരും ഈ തൊഴില്‍ ഇല്ലെങ്കില്‍ കഞ്ഞി കുടി മുട്ടിപ്പോകുന്ന അവസ്ഥയിലല്ലല്ലോ.
പിന്നെ നമ്മുടെ അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷണന്റെ തലപ്പത്ത് വേണമെങ്കില്‍ തുടരാന്‍ അനുവദിക്കാവുന്നതാണ്. പക്ഷേ, ഒരു കണ്ടീഷന്‍ വെക്കണം. വര്‍ഷത്തില്‍ ഈ കമ്മീഷന്റെ പേരില്‍ ചെലവാകുന്നതിനേക്കാള്‍ വലിയ തുക മിച്ചം പിടിക്കാന്‍ പാകത്തില്‍ ഭരണ രംഗത്തെ പാഴ്‌ചെലവുകളും മാമൂല്‍ മുറകളും ഒഴിവാക്കാന്‍ പാകത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കട്ടെ. അതിന് കഴിയുന്നില്ലെങ്കില്‍ എന്തിനാണിങ്ങനെയൊരു വെള്ളാനയെ തീറ്റിപ്പോറ്റുന്നതെന്ന് കൂടി ചിന്തിക്കണം. പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരിക്കുമ്പോഴും എല്ലാ തരം പരിഷ്‌ക്കാരങ്ങള്‍ക്ക് നേരെയും പുറം തിരിഞ്ഞുനിന്ന ഒരാളെ പിടിച്ചു ഭരണ പരിഷ്‌കാര കമ്മീഷന്റെ തലപ്പത്തുവെച്ചതിന് പിന്നില്‍ പ്രത്യേക രാഷ്ട്രീയ അജണ്ടയൊന്നുമില്ലെന്ന് മാലോകരെ ധരിപ്പിക്കാനെങ്കിലും അതാവശ്യമാണ്.
ഏതായാലും ജനങ്ങളെല്ലാം സര്‍വാത്മനാ സഹകരിക്കേണ്ട ഒരു ഘട്ടമാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന് ഭരിക്കുന്നവരും രാഷ്ട്രീയ ചിന്തകള്‍ മാറ്റിവച്ച് രംഗത്തിറങ്ങണം. പാര്‍ട്ടി അണികളെയും അക്കാര്യം ബോധ്യപ്പെടുത്തണം. അല്ലാതെ എല്ലാവരും കൈ മെയ് മറന്ന് അധ്വാനിച്ച ശേഷം ക്രഡിറ്റ് ചിലരുടെ മാത്രം എക്കൗണ്ടില്‍ വരുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ പണി പാളും. പിന്നെ ആരെയും കുറ്റപ്പെടുത്തിയിയിട്ട് കാര്യമുണ്ടാവില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: