പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജി ലബനാനിനെ മാത്രമല്ല, മധ്യ പൗരസ്ത്യ ദേശത്ത് നിലവിലെ സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. മേഖലയില്‍ മേധാവിത്വം സ്ഥാപിക്കാനുള്ള ഇറാന്‍ നീക്കത്തിന് കനത്ത പ്രഹരം കൂടിയാണിത്. രാജി തീരുമാനം, ലബനാന്‍ രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അനിശ്ചിതത്വത്തിലാക്കും.
ഹരീരിയുടെ രാജിക്ക് പിന്നില്‍ സഊദി അറേബ്യയും അമേരിക്കയും ശക്തമായി നിലകൊള്ളുന്നുണ്ട്. ലബനാന്‍ രാഷ്ട്രീയത്തെ സ്വന്തമാക്കാനുള്ള ഇറാന്റെയും സഹയാത്രികരുടെയും തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് രാജിക്ക് പിന്നിലുള്ള താല്‍പര്യം. ‘തന്റെ ജീവന് ഇറാനില്‍ നിന്നും ഇറാന്‍ പിന്തുണയുള്ള ലബനനാനിലെ ശിയാ തീവ്രവാദ പ്രസ്ഥാനമായ ഹിസ്ബുല്ലയില്‍ നിന്നും കടുത്ത ഭീഷണിയുണ്ടെന്നു ആരോപിച്ച് ഹരീരി നടത്തിയ പ്രഖ്യാപനം, രാഷ്ട്രാന്തരീയ രംഗത്ത് ഇറാന് എതിരായ വലിയ ആയുധമാക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനും സഖ്യ രാഷ്ട്രങ്ങള്‍ക്കും സാധിക്കുമെന്ന് ഉറപ്പാണ്. ഹരീരിയുടെ പ്രസ്താവനയുടെ പ്രതിധ്വനി ലോകമെമ്പാടും ചലനം സൃഷ്ടിക്കും. പ്രധാനമന്ത്രിയായിരുന്ന റഫീഖ് ഹരീരി 2005 ഫെബ്രുവരിയില്‍ തലസ്ഥാനമായ ബൈറൂത്തിലാണ് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സഅദ് ഹരീരിയുടെ പിതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ഹിസ്ബുല്ലയും സിറിയന്‍ ഭരണകൂടവുമാണെന്ന് ആരോപണം ഉയര്‍ന്നതാണ്. യു.എന്‍ നിയോഗിച്ച പ്രത്യേക കോടതി ഹിസ്ബുല്ലയുടെ പങ്ക് ചൂണ്ടിക്കാണിക്കുകയുമുണ്ടായി. എന്നാല്‍ ലബനാന്‍ ഭരണഘടനയുടെ സവിശേഷതമൂലം മന്ത്രിസഭയില്‍ ഹിസ്ബുല്ലയെ കൂടി പങ്കാളികളാക്കാന്‍ സഅദ് ഹരീരി നിര്‍ബന്ധിതനായി. (പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ക്ക് ആനുപാതിക പ്രാതിനിധ്യം മന്ത്രിസഭയിലും നല്‍കണം). ഹിസ്ബുല്ലയുടെ പങ്കാളിത്തമുള്ള ഭരണകൂടമായതിനാല്‍ സഅദ് ഹരീരിക്ക് സ്വന്തം പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് പോലും ഗൗരവപൂര്‍വമായ അന്വേഷണം നടത്താന്‍ കഴിയാതെ പോയി.
സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് കൂട്ടായ്മക്കെതിരായ നിഴല്‍ യുദ്ധമാണ് ഇറാന്‍ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് ആരോപണം. ഇറാഖിലും സിറിയയിലും സ്വാധീനം ഉറപ്പിച്ച ഇറാന്‍ ലബനാനില്‍ ഹിസ്ബുല്ല വഴി ഭരണതലത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതായി എതിരാളികള്‍ക്ക് അഭിപ്രായമുണ്ട്. നിലവിലെ പ്രസിഡണ്ട് മൈക്കല്‍ ഔനുമായി ഹിസ്ബുല്ലക്ക് അടുത്ത ബന്ധമുണ്ട്. മൈക്കലിനെ സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് അവര്‍ വഹിച്ചിട്ടുണ്ട്. മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇറാന്‍ സ്വാധീനത്തെ ആശങ്കയോടെയാണ് അറബ് ലോകം വീക്ഷിക്കുന്നത്. സിറിയയില്‍ ശിയാ വിഭാഗക്കാരനായ ബശാറുല്‍ അസദ് ഭരണകൂടം ആഭ്യന്തര യുദ്ധത്തില്‍ മഹാഭൂരിപക്ഷമുള്ള സുന്നികള്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ചതോടെയാണ് ഇറാന്‍ സ്വാധീനത്തിന്റെ ആശങ്ക വര്‍ധിച്ചത്. ലബനാന്‍ രാഷ്ട്രീയത്തില്‍കൂടി അവര്‍ക്ക് മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അറബ് ലോകത്തുള്ള ശിയാ മേഖലകളില്‍ അസ്വസ്ഥത വര്‍ധിക്കുമോ എന്നും ഉത്കണ്ഠയുണ്ട്. ഈ സാഹചര്യത്തില്‍ സഅദ് ഹരീരിയുടെ രാജിക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അറബ് ലോകത്തെ ‘സ്വിറ്റ്‌സര്‍ലാന്റ്’ എന്നറിയപ്പെട്ട ലബനാന്‍ ആഭ്യന്തര സംഘര്‍ഷംമൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഭരണ പ്രതിസന്ധി വല്ലാതെ ബാധിക്കുന്നു. പ്രധാനമന്ത്രിമാര്‍ രാജിവെച്ചൊഴിയുക പതിവാണ്. ഭരണഘടനയനുസരിച്ച് മറോനൈറ്റ് ക്രിസ്ത്യന്‍ ആയിരിക്കണം പ്രസിഡണ്ട്. (പ്രബല ക്രിസ്ത്യന്‍ വിഭാഗമായ മറോനൈറ്റ് മഹാ ഭൂരിപക്ഷം വരുന്നു) സുന്നി മുസ്‌ലിം പ്രധാനമന്ത്രിയും ശിയാ മുസ്‌ലിം സ്പീക്കറുമാണ് ഭരണഘടന അനുസരിച്ച് വീതം വെയ്പ്. 128 അംഗ പാര്‍ലമെന്റില്‍ നിരവധി പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യമുണ്ട്. ആനുപാതികമായി ഇവര്‍ക്ക് മന്ത്രിസഭയിലും അംഗങ്ങളുണ്ടാകണം.
പുരാതന സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ ‘ഫിനീഷ്യ’ ആണ് ലബനാന്‍ എന്നറിയപ്പെടുന്നത്. ഖലീഫ ഉമറിന്റെ കാലത്ത് തന്നെ ഇസ്‌ലാം പ്രവേശിച്ചു. തീരപ്രദേശങ്ങളില്‍ മുസ്‌ലിം ആധിപത്യവും പര്‍വത താഴ്‌വരകളില്‍ ക്രിസ്ത്യന്‍ മേധാവിത്വവും നിലനില്‍ക്കുന്നു. 1109-1290 വരെ കുരിശു യുദ്ധ കാലഘട്ടത്തില്‍ ലാത്തിന്‍ ക്രിസ്ത്യന്‍ ഭരണത്തിലായിരുന്ന ലബനാന്‍ പിന്നീട് ഉസ്മാനിയ ഭരണത്തിന് കീഴിലായി. ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് ഫ്രാന്‍സ് കീഴടക്കി. അവരുടെ നേതൃത്വത്തില്‍ 1926ല്‍ രൂപം നല്‍കിയ ഭരണഘടനയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. 1941 നവംബര്‍ 26 ന് സ്വാതന്ത്ര്യം നേടിയ ലബനാനില്‍, 75 വര്‍ഷം പിന്നിടുമ്പോഴും രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമില്ല. ഫ്രഞ്ച് ഭരണത്തിന് കീഴിലുണ്ടായ ജനസംഖ്യ കണക്കനുസരിച്ച് 53 ശതമാനം ക്രിസ്ത്യാനികളും 47 ശതമാനം മുസ്‌ലിംകളുമായി കണക്കാക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ട്.
ലബനാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ചൂഷണം ചെയ്യുന്നത് ഇസ്രാഈല്‍ ആണ്. സ്ഥിതിയില്‍ ഇപ്പോഴും മാറ്റമില്ല. ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിരന്തരം ഇസ്രാഈല്‍ നടത്തിവന്ന വ്യോമാക്രമണത്തില്‍ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇറാന്റെ വര്‍ധിച്ച് വരുന്ന സൈനിക ശക്തിയില്‍ അറബ് രാജ്യങ്ങളേക്കാള്‍ ആശങ്ക ഇസ്രാഈലിനാണ്. ഇറാനും ഹിസ്ബുല്ലയും ഇസ്രാഈലിന് എതിരെ നിരന്തരം പോരാട്ടത്തിലാണ്. 2006ല്‍ ഹിസ്ബുല്ലയും ഇസ്രാഈലും ഏറ്റവും അവസാനം ഏറ്റുമുട്ടിയപ്പോഴും ലബനാന്‍ സംഘര്‍ഷ ഭൂമിയായി. ഇസ്രാഈലിന് വന്‍ നാശം സംഭവിച്ചിട്ടുണ്ട്.
ഇറാന് എതിരെ കടുത്ത നിലപാട് സ്വീകരിച്ച് വരുന്ന ഡൊണാള്‍ഡ് ട്രംപിന് പുതിയൊരു ആയുധമാണ് ഹരീരിയുടെ രാജി. ആണവ കരാറില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുന്ന ട്രംപ്, സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും ഒറ്റപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. ഏക കൂട്ട് ഇസ്രാഈല്‍. ലബനാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഫ്രാന്‍സ് അമേരിക്കയോടൊപ്പം നില്‍ക്കാനാണ് സാധ്യത. പഴയ കോളനിയായ ലബനാനില്‍ ഫ്രഞ്ച് താല്‍പര്യങ്ങള്‍ ധാരാളമാണ്. ലബനാന്‍ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് സഖ്യരാഷ്ട്രങ്ങളെയും അറബ് ലോകത്തെയും ഇറാന് എതിരെ അണിനിരത്താനുള്ള ട്രംപിന്റെ നീക്കം വിജയിച്ചാല്‍ അമേരിക്കക്ക് നയതന്ത്ര രംഗത്ത് വന്‍ നേട്ടമായിരിക്കും.
ലബനാന്‍ ഒരിക്കല്‍ കൂടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് പതിച്ച് കൊണ്ടിരിക്കുകയാണ്. സഅദ് ഹരീരിയുടെ രാജിയോടെ മധ്യ പൗരസ്ത്യ ദേശത്ത് നിലവിലെ സംഘര്‍ഷ നിര്‍ഭരമായ അന്തരീക്ഷത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവ വികാസം. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഇസ്രാഈല്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. വ്യത്യസ്ത മതങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ലബനാനില്‍ വീണ്ടും അത്തരമൊരു ആഭ്യന്തര സംഘര്‍ഷം വളര്‍ന്നു വന്നുകൂട. ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് യു.എന്‍ ഇടപെടുകയാണ് അത്യാവശ്യം. അറബ് ലീഗിന് നിര്‍ണായക പങ്ക് വഹിക്കാനും ലബനാനില്‍ സമാധാനം വീണ്ടെടുക്കാനും പ്രതിസന്ധി അവസാനിപ്പിക്കാനും കഴിയട്ടെ എന്ന് പ്രത്യാശിക്കാം.