X
    Categories: Video Stories

സാമ്പത്തിക സംവരണം സാധുതയും സാധ്യതയും

സുഫ്‌യാന്‍ അബ്ദുസ്സലാം

സാമ്പത്തിക സംവരണം രാജ്യത്ത് വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. വിഷയത്തിന്റെ സാധ്യതയെ കുറിച്ചോ സാധുതയെ കുറിച്ചോ മുന്‍ പിന്‍ ആലോചനകളില്ലാതെ തിടുക്കത്തോടെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ ചുട്ടെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച മെയ്‌വഴക്കത്തിന് പിന്നില്‍ ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. ഒരിക്കലും നടപ്പില്‍വരാന്‍ സാധ്യതയില്ലാത്തതും ഭരണഘടനാനുസൃതമോ രാജ്യത്തിന്റെ കീഴ്‌വഴക്കങ്ങളോ അനുസരിച്ച് സാധൂകരിക്കപ്പെടാത്തതോ ആയ ബില്‍ അവതരിപ്പിച്ച് ജനങ്ങളില്‍ അമിതാവേശം ജ്വലിപ്പിച്ചും അവരില്‍ അമിതമായ ആശകളും പ്രതീക്ഷകളും വളര്‍ത്തിയാണ് ഇക്കാലമത്രയും നരേന്ദ്ര മോദി സര്‍ക്കാര്‍ പിടിച്ചുനിന്നത്. ഒരു മേഖലയും തകരാന്‍ ബാക്കിയില്ലാതെ നില്‍ക്കുമ്പോഴും രാജ്യത്തെ പരകോടി ജനങ്ങളെ ഏതോ ഒരു കാലത്ത് ഒരു ‘അച്ഛാദിന്‍’ വരുമെന്ന് സ്വപ്‌നം കാണാന്‍ ശീലിപ്പിക്കുകയും വീണ്ടും വീണ്ടും പറഞ്ഞുപറ്റിക്കുകയും ചെയ്യാന്‍ സാധിക്കുകയെന്നത് നരേന്ദ്രമോദിക്കും പരിവാരങ്ങള്‍ക്കും മാത്രം സാധിക്കുന്ന കാര്യങ്ങളാണ്. അച്ഛാ ദിന്‍ തൊട്ടു ഇപ്പോള്‍ സാമ്പത്തിക സംവരണം വരെ എത്തി നില്‍ക്കുന്ന വാഗ്ദാന പെരുമഴകള്‍ക്ക് പിന്നില്‍ വോട്ടുകളും നോട്ടുകളും മാത്രമാണെന്ന് മനസ്സിലാക്കാന്‍ രാജ്യത്തെ ‘ബാലഭാസ്‌കരന്മാര്‍ക്ക്’ സാധിക്കാതെ പോകുന്നതാണ് ഏറെ ഖേദകരം. സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ മൂന്നു വോട്ടുകള്‍ക്കെതിരെ മൃഗീയ ഭൂരിപക്ഷത്തിനു പാസായി എന്ന് പറയുമ്പോള്‍ എന്‍.ഡി.എ യുടെ സഖ്യകക്ഷികള്‍ മാത്രമല്ല, പ്രതിപക്ഷ കക്ഷികള്‍ പോലും മോദിയുടെ ഗിമ്മിക്കില്‍ വീണുപോയി എന്നാണ് വ്യക്തമാവുന്നത്. രാഷ്ട്രപതി ഒപ്പുവെച്ച ബില്ലിന്മേലുള്ള ശക്തമായ വാദങ്ങളും മറുവാദങ്ങളുമായി രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വരും ദിവസങ്ങളില്‍ ശബ്ദമുഖരിതമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടന ഭേദഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഭേദഗതികൊണ്ട് മാത്രം സാമ്പത്തിക സംവരണം നടപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ കോടതികളില്‍ ശക്തമായ വാഗ്വാദങ്ങളായിരിക്കും അരങ്ങേറുക.
സംവരണമെന്ന ആശയം ഉടലെടുത്ത പശ്ചാത്തലം വിലയിരുത്താതെയാണ് ഇപ്പോള്‍ പലരും സാമ്പത്തിക സംവരണത്തിന്‌വേണ്ടി വാദിക്കുന്നത്. ജാതീയമായ തൊട്ടുകൂടായ്മകൊണ്ടും വര്‍ണ്ണാശ്രമം ഭാരതീയ സമൂഹത്തില്‍ ചെലുത്തിയ ദുഃസ്വാധീനങ്ങള്‍കൊണ്ടും സവര്‍ണ്ണവിഭാഗങ്ങളുടെ അധീശത്വം കൊണ്ടും പിന്നാക്കം പോയ സമുദായങ്ങളെ ഭരണ ഉദ്യോഗ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തികൊണ്ടുവരാന്‍ രാജ്യം സ്വതന്ത്രമാവുന്നതിനുമുമ്പ് തന്നെ നിലനിന്നിരുന്ന ആശയമാണ് സംവരണം. വരേണ്യ വര്‍ഗങ്ങള്‍ മാത്രം കയ്യടക്കി വെച്ചിരുന്ന ഉദ്യോഗ, ഭരണ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിശ്ചിത ശതമാനം സീറ്റുകള്‍ സംവരണം നല്‍കി സാമൂഹിക സന്തുലിതത്തം നടപ്പാക്കാനുള്ള ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തില്‍ സംവരണമെന്ന ആശയം അംഗീകരിക്കപ്പെട്ടത്. സാമുദായികമായി നിശ്ചയിക്കപ്പെട്ട ഈ സംവരണാനുകൂല്യത്തില്‍ വെള്ളം ചേര്‍ത്ത് അതിലേക്ക് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയെ കൂട്ടിച്ചേര്‍ക്കാനുള്ള ഇപ്പോഴത്തെ ശ്രമം രാഷ്ട്രശില്‍പികള്‍ മനസ്സില്‍ കണ്ട സംവരണമെന്ന ആശയത്തിന് കടകവിരുദ്ധമാണ്. ബുദ്ധമതത്തെ തകര്‍ത്ത് ബ്രഹ്മണിസം സാമൂഹികമണ്ഡലത്തെ കീഴ്‌പ്പെടുത്തുകയും ഭരണ ഉദ്യോഗസ്ഥ മേഖലകളെ കൈയടക്കുകയും ചെയ്തത് ചരിത്രമാണ്. നായര്‍ സമുദായത്തിന് പോലും പ്രാതിനിധ്യം നല്‍കാതെ കേരളത്തിലെ ബ്രാഹ്മണരും തമിഴ് ബ്രാഹ്മണരടക്കമുള്ള കേരളത്തിന് പുറത്തുള്ള സവര്‍ണരും കേരളത്തിലെ ഉദ്യോഗസ്ഥമേഖലയെ കുത്തകയാക്കി വെച്ചപ്പോഴായിരുന്നു തിരുവിതാംകൂറില്‍ ഉദ്യോഗസ്ഥ രംഗങ്ങളില്‍ മലയാളികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന ആവശ്യവുമായി 1891 ല്‍ മലയാളികള്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാളിനു മെമ്മോറാണ്ടം നല്‍കിയത്. ‘മലയാളി മെമ്മോറിയല്‍’ എന്ന പേരിലറിയപ്പെടുന്ന ഈ നിവേദനത്തില്‍ ജാതി മത പരിഗണന കൂടാതെ ഉദ്യോഗസ്ഥ രംഗങ്ങളില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലത്തില്‍ മലയാളി മൊമ്മോറിയലിന്റെ ഗുണങ്ങള്‍ നായര്‍ സമുദായത്തിന് മാത്രം അനുഭവിക്കാനായിരുന്നു യോഗം. ഹൈന്ദവ വിഭാഗങ്ങളില്‍ എണ്ണം കൊണ്ട് ഏറ്റവും കൂടുതലുള്ള ഈഴവ സമുദായം അകറ്റിനിര്‍ത്തപ്പെടുകയുണ്ടായി. ബ്രിട്ടനില്‍ പോയി വൈദ്യശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടിയ ഡോ. പത്മനാഭ പല്‍പ്പുവിനോട് ഈഴവ സമുദായക്കാരനായത് കൊണ്ടുമാത്രം ‘കുലത്തൊഴില്‍’ ചെയ്താല്‍ മതിയെന്ന് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരുന്നുവെന്നു പ്രമുഖ ചരിത്രകാരന്‍ ഡോ. എം.എസ് ജയപ്രകാശ് രേഖപ്പെടുത്തുന്നു. ഇതിനെത്തുടര്‍ന്നാണ് 1896 ല്‍ ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ‘ഈഴവ മെമ്മോറിയല്‍’ സമര്‍പ്പിക്കപ്പെട്ടത്. ഈഴവ സമുദായത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഡോ. പല്‍പ്പുവാണ് 1903 ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം (എസ്.എന്‍.ഡി.പി) സ്ഥാപിച്ചത്.
പക്ഷേ കാര്യങ്ങള്‍ ഇതുകൊണ്ടൊന്നും പരിഹരിക്കപ്പെട്ടിരുന്നില്ല. ബ്രിട്ടീഷുകാര്‍ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 1888ല്‍ ചില നാട്ടുരാജ്യങ്ങള്‍ക്ക് നിയമനിര്‍മ്മാണസഭകള്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കി. തിരുവിതാംകൂറില്‍ നിയമ നിര്‍മ്മാണസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവകാശം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, നായര്‍ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നല്‍കപ്പെട്ടിരുന്നത്. ജനസംഖ്യയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഈഴവര്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടു. 1933 ല്‍ ഇതിനെതിരെ ഈഴവ മുസ്‌ലിം ക്രിസ്ത്യന്‍ ജനവിഭാഗം ഒന്നിച്ചു പ്രക്ഷോഭം നയിച്ചു. ഇതാണ് നിവര്‍ത്തന പ്രക്ഷോഭം എന്ന പേരില്‍ അറിയപ്പെടുന്നത്. ദിവാനായിരുന്ന സര്‍ സി പി നിവര്‍ത്തന പ്രക്ഷോഭത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചെങ്കിലും വെല്ലസ്ലി പ്രഭുവിന്റെ ഇടപെടല്‍ വഴി പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ എല്ലാ സമുദായക്കാര്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചു. സര്‍ക്കാര്‍ സര്‍വീസിലേക്ക് കഴിവും സമുദായമുന്‍ഗണനയും പരിഗണിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നിയോജക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്തു. ഈഴവര്‍, ക്രൈസ്തവര്‍, മുസ്‌ലിംകള്‍ എന്നിവര്‍ക്ക് നിയമസഭയിലെ നിശ്ചിത ശതമാനം സീറ്റുകള്‍ സംവരണം ചെയ്തു. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള അവകാശങ്ങള്‍ക്കുപുറമെ സ്വന്തം സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ലക്ഷ്യം ഏറെക്കുറെ സാധൂകരിക്കപ്പെട്ടു. മാത്രവുമല്ല, ഈ പ്രക്ഷോഭമാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ (പി.എസ്.സി) രൂപീകരണത്തിലേക്ക് നയിച്ചത്. ഈ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത് സംവരണം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം മാത്രം ആവിഷ്‌കരിക്കപ്പെട്ടതല്ലെന്നും അത് സാമൂഹിക പിന്നാക്കാവസ്ഥയെ ഇല്ലായ്മ ചെയ്യാന്‍വേണ്ടി കൊണ്ടുവന്നതാണെന്നും സാമ്പത്തിക പരാധീനതകള്‍ പരിഹരിക്കുന്നതിന്‌വേണ്ടി സംവിധാനിച്ചതല്ലെന്നുമുള്ള യാഥാര്‍ഥ്യങ്ങളാണ്.
രാജ്യം സ്വതന്ത്രമാവുകയും ഭരണഘടന നിലവില്‍ വരികയും ചെയ്ത സന്ദര്‍ഭത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം വിഭാവനം ചെയ്തുകൊണ്ടാണ് ഭരണഘടന രൂപം കൊണ്ടത്. ജാതീയവും സാമുദായികവുമായ വിവേചനം ശക്തമായിരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അത്തരത്തിലുള്ള വിവേചനങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്ന ശക്തമായ നിര്‍ദ്ദേശം ഭരണഘടനയുടെ മൗലികാവകാശങ്ങളിലെ 15ാം അനുച്ഛേദത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടതുതന്നെ സവര്‍ണ്ണ വിഭാഗങ്ങള്‍ കുത്തകയാക്കിവെച്ചിരുന്ന അവസരങ്ങളില്‍ അവര്‍ണ്ണര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കപ്പെടുന്നതിനുവേണ്ടിയായിരുന്നു. പക്ഷേ പ്രസ്തുത അനുച്ഛേദം സംവരണത്തെ കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിരുന്നില്ല. ഭരണഘടനയിലെ അനുച്ഛേദം 16 (4)ല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെകുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും ഏതു തരത്തിലുള്ള പിന്നാക്കാവസ്ഥയാണെന്നു വ്യക്തമായിരുന്നില്ല. ഭരണഘടനയിലെ ഈ പോരായ്മ മുതലെടുത്ത് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിവിധ ജാതി സമുദായങ്ങള്‍ക്ക് സംവരണം ഭരണഘടന നിര്‍ദ്ദേശിക്കുന്നില്ലെന്നു ഭരണഘടന നിര്‍മ്മാണ സമിതിയില്‍ അംഗമായിരുന്ന അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ പോലെയുള്ളവര്‍ വാദിച്ചിരുന്നു. അതേസമയം മദിരാശി പ്രവിശ്യ, തിരുവിതാംകൂര്‍ പോലെയുള്ള ചില നാട്ടുരാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വാതന്ത്ര്യത്തിനുമുമ്പ് തന്നെ ഉണ്ടായിരുന്ന സാമുദായിക സംവരണം സ്വാതന്ത്ര്യത്തിനുശേഷവും തുടര്‍ന്നുവരികയും ചെയ്തിരുന്നു.
1950 ല്‍ മദിരാശിയിലെ ചെമ്പകം ദുരൈരാജന്‍ എന്ന വിദ്യാര്‍ത്ഥിനി മദ്രാസ് ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. താന്‍ ബ്രാഹ്മണജാതിയില്‍ പിറന്നതുകൊണ്ട് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചില്ലെന്നും അതിനുള്ള കാരണം മദിരാശിയില്‍ നിലനില്‍ക്കുന്ന സംവരണ വ്യവസ്ഥയാണെന്നും അത് ഭരണഘടനയുടെ 15ാം അനുച്ഛേദത്തിന് കടകവിരുദ്ധമാണെന്നുമായിരുന്നു അവരുടെ പരാതി. ചെമ്പകം കേസ് കൊടുത്തതിന്റെ പിന്നില്‍ സവര്‍ണ്ണ മേധാവിത്ത്വത്തിന്റെ കുടില തന്ത്രങ്ങളായിരുന്നു. ചെമ്പകം യോഗ്യതാപരീക്ഷ പാസായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു മെഡിക്കല്‍ കോളജിലും അപേക്ഷ നല്‍കാന്‍ സാധിച്ചിരുന്നുമില്ല. വ്യാജ പരാതി നല്‍കിയ അവര്‍ക്ക് വേണ്ടി കേസ് വാദിച്ചിരുന്നത് അല്ലാടി കൃഷ്ണസ്വാമി അയ്യരായിരുന്നു. ഈ കേസ് പരിഗണിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി സംവരണം ഭരണഘടന വിരുദ്ധമാണെന്നു വിധിച്ചു. വിധിക്കെതിരെ മദ്രാസ് ഗവണ്‍മെന്റ് അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീംകോടതിയും മദ്രാസ് കോടതിയുടെ വിധിയെ ശരിവെക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മദ്രാസ് സര്‍ക്കാരിന്റെ വാദത്തെ അംഗീകരിക്കുകയും സ്വാതന്ത്ര്യത്തിനുമുമ്പ് നിലവിലുള്ള സംവരണം തുടരേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.അതിനായി ഭരണഘടന ഭേദഗതി ചെയ്യാന്‍ കേന്ദ്രം തയ്യാറായി. അങ്ങനെയാണ് പാര്‍ലമെന്റ് ആദ്യ ഭരണഘടനാ ഭേദഗതി 1951 ല്‍ പാസാക്കിയത്. മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന വകുപ്പിന്റെ തുടര്‍ച്ചയായി ഒരു പുതിയ ഉപവകുപ്പ് എഴുതിച്ചേര്‍ത്തു: (154). ‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വര്‍ഗങ്ങളുടെയും പട്ടികജാതികളുടെയും പട്ടികവര്‍ഗങ്ങളുടെയും ഉന്നമനത്തിനായി എന്തെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതിന് ഈ വകുപ്പിലുള്ളതൊന്നും തടസ്സമാവില്ല.’ ഈ ഭേദഗതിയോടെയാണ് സ്വാതന്ത്ര്യത്തിനുമുമ്പേ നിലവിലുണ്ടായിരുന്ന പിന്നാക്ക സംവരണത്തിനു ഭരണഘടനയുടെ സംരക്ഷണം ലഭിച്ചത്. അങ്ങനെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മുഴുവന്‍ വിഭാഗങ്ങള്‍ക്കും ഒരു പ്രത്യേക വ്യവസ്ഥ ഉണ്ടാക്കണമെന്ന ഈ അനുച്ഛേദമാണ് സംവരണത്തിലേക്ക് നയിച്ചത്. മറ്റൊരു വ്യവസ്ഥയും ആര്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല. മാത്രവുമല്ല 16 (4) ല്‍ reservation എന്ന പദം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.
(തുടരും)

ചന്ദ്രിക വെബ് ഡെസ്‌ക്‌: