X
    Categories: Video Stories

വഞ്ചനയുടെ വര്‍ഗീയ രാഷ്ട്രീയം

എ.വി ഫിര്‍ദൗസ്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനും അക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുമായി ”രാമജന്മഭൂമി ന്യാസ്” ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച സന്യാസി സമ്മേളനത്തില്‍ പങ്കെടുത്തത് മൂവായിരത്തോളം സന്യാസിമാര്‍ മാത്രമാണ്. ഇന്ത്യയില്‍ മൊത്തം എത്ര സന്യാസിമാരാണ് എന്ന കൃത്യമായ ഒരു കണക്ക് ലഭ്യമല്ല. എന്നാല്‍ ചെറുതും വലുതുമായ വിവിധ കുംഭമേളകളില്‍ രണ്ടര ലക്ഷം മുതല്‍ ഇരുപത്തയ്യായിരം വരെ സന്യാസിമാര്‍ പങ്കെടുക്കാറുള്ളത് നമുക്കറിയാം. ഹൈന്ദവ ആദ്ധ്യാത്മികതയും ആചാരാനുഷ്ഠാനങ്ങളും താന്ത്രിക-മാന്ത്രിക മുറകളും അനുഷ്ഠിക്കുന്നവരെ പൊതുവില്‍ ആത്മീയ ബന്ധമുള്ള വ്യക്തി എന്ന അര്‍ത്ഥത്തില്‍ സ്വാമി എന്ന് വിളിക്കുന്ന പതിവിന്നുണ്ട്. എന്നാല്‍ ഇങ്ങനെ സ്വാമി എന്നു വിളിക്കപ്പെടുന്നവരെല്ലാം സന്യാസിമാരല്ലാതിരുന്നിട്ടും അവരെ സന്യാസിമാരായി ചിത്രീകരിക്കുന്ന പതിവും നിലവിലുണ്ട്. രാംലീല മൈതാനിയില്‍ പങ്കെടുത്തവരില്‍ ഏറെപ്പേരും ഇത്തരത്തില്‍ ഉള്ളവരായിരുന്നു. ഇന്ത്യയിലെ ഹൈന്ദവ ആദ്ധ്യാത്മിക വ്യക്തിത്വങ്ങളിലെയും ആത്മീയ പുരുഷന്മാരിലെയും ചെറിയൊരു വിഭാഗത്തിന്റെ പോലും പിന്തുണ ഉറപ്പിക്കാന്‍ അയോധ്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിന് ഇന്നാള്‍വരെയും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവ എന്ന കൊടിയ ജനാധിപത്യ-നിയമവിരുദ്ധ അക്രമത്തിന് ഹൈന്ദവ വൈകാരികതയുടെയും ശ്രീരാമ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ വിശ്വാസത്തിന്റെയും പരിവേഷം പകരുന്നതിനും ആ പരിവേഷം നിലനിര്‍ത്തുന്നതിനും വേണ്ടി വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെ ആര്‍.എസ്.എസ് മുന്‍കൈ എടുത്ത് ആരംഭിച്ച പ്രസ്ഥാനമാണ് രാമജന്മഭൂമി ന്യാസ്. അത് തീര്‍ത്തുമൊരു പരിവാര്‍ ഉപഘടകം എന്നതില്‍ കവിഞ്ഞ് ഇന്ത്യയിലെ മൊത്തം ഹിന്ദുക്കളെയോ, അവരുടെ വിശ്വാസ- വികാരങ്ങളെയോ ഒരു നിലക്കും പ്രതിനിധീകരിക്കുന്നില്ല. അതിലെ അംഗങ്ങള്‍ വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെട്ടവരും സംഘപരിവാറിനെ ആശ്രയിച്ച് നിലനില്‍ക്കുന്നവരും മാത്രമാണ്.
പരിവാറിന്റെ വര്‍ഗീയ-ഫാസിസ്റ്റ് അജണ്ടകള്‍ക്ക് ആത്മീയ നിറം പകരാനുള്ള ഒരുപകരണം മാത്രം. മഹാരാഷ്ട്രയില്‍ ഒക്‌ടോബര്‍ അവസാനം മൂന്ന് ദിവസങ്ങളിലായി നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃസംഗമത്തില്‍ എത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സര്‍സംഘ ചാലക് ഡോ. മാഹന്‍ജി ഭാഗവതും തമ്മിലുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് രാമജന്മഭൂമി ന്യാസിനെ രംഗത്തിറക്കാനുള്ള തീരുമാനത്തിലെത്തിയത്. ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം ഒന്നിച്ചെടുത്ത ഒരു തീരുമാനത്തിന്റെ നടത്തിപ്പിനായി പരിവാറിന്റെ തന്നെ ഒരു ഘടകം നടത്തിയ പരിപാടി മാത്രമായിരുന്നു രാംലീല മൈതാനിയിലെ സന്യാസി സംഗമം. ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രതിനിധികളായിരുന്നില്ല ആ സന്യാസിമാര്‍. ആര്‍.എസ്.എസ് തന്നെ എഴുതിക്കൊടുത്ത പ്രഖ്യാപനങ്ങളാണ് അവര്‍ അവിടെ നടത്തിയത്. ശ്രീ ശ്രീ രവിശങ്കര്‍ ആ സമ്മേളനത്തില്‍ നടത്തിയ ”രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയയാകും” എന്ന അത്യധികം ബാലിശമായ പ്രഖ്യാപനത്തിന്റെ രചയിതാക്കള്‍ പോലും ആര്‍.എസ്.എസിന്റെ ബുദ്ധിജീവികള്‍ തന്നെയാണ്.
ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ആശയ ശ്രോതസ്സും നേതൃഘടകവുമായ ആര്‍.എസ്.എസ് അതിന്റെ തന്നെ മറ്റൊരു ഉപഘടകത്തെ ഉപയോഗിച്ച് നിലവിലിരിക്കുന്ന ഭരണകൂടത്തിനെതിരായി നടത്തിയ സമര നാടകമായിരുന്നു രാംലീല മൈതാനിയിലെ സന്യാസി സംഘം. ഒരാള്‍ തന്റെ ഒരു കൈകൊണ്ട് മറ്റേ കൈപിടിച്ച് സ്വന്തം മുഖത്തടിക്കുന്നതുപോലൊരു അപഹാസ്യമായ പ്രഹസനം. ഇന്ത്യയിലെ കോടിക്കണക്കിന് ഹിന്ദുക്കളെ വഞ്ചിക്കുന്ന ഇത്തരം നാടകങ്ങള്‍ മാത്രമാണ് എക്കാലവും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തിവന്നിട്ടുള്ളത്. രാഷ്ട്രത്തോടോ, ഇവിടത്തെ ജനങ്ങളോടോ, സ്വന്തം രാഷ്ട്രീയത്തിന്റെയും അവകാശവാദങ്ങളുടെയും അടിത്തറയും സ്വഭാവവുമായി അവര്‍ സ്വയം അവകാശപ്പെടുന്ന ഹിന്ദു ധര്‍മ്മത്തോടോ, ആ ധര്‍മ്മത്തിലെ യഥാതദമായ ആദ്ധ്യാത്മിക ധാര്‍മ്മിക മൂല്യങ്ങളോടോ അവര്‍ക്ക് നേരിയ പ്രതിബദ്ധതയോ, താല്‍പര്യമോ, ആത്മാര്‍ത്ഥതയോ ഇല്ല. കഴിഞ്ഞ നാലര വര്‍ഷക്കാലത്തോളം ഇന്ത്യയുടെ അധികാര വര്‍ഗമായി നിലനിന്നത് അത്തരത്തിലൊരു രാഷ്ട്രീയ ധാരയായിരുന്നു. അധികാരമെന്ന ദൈവത്തെ മാത്രം ആരാധിക്കുകയും ആ ദൈവത്തിനുവേണ്ടി ഇന്ത്യയിലെ കോടിക്കണക്കിന് ഹിന്ദുക്കളുടെ വൈവിധ്യ സമ്പന്നമായ ദൈവവിശ്വാസങ്ങളെ അപഹാസ്യമായ വിധത്തില്‍ കരുക്കളാക്കുകയും ചെയ്യുന്ന തരത്തിലുള്ള യഥാര്‍ത്ഥ വിശ്വാസ വഞ്ചനയുടെ രാഷ്ട്രീയമാണ് സംഘപരിവാര്‍ കൈകാര്യം ചെയ്തു വന്നിട്ടുള്ളതും ഇപ്പോഴും കൈകാര്യം ചെയ്തുവരുന്നതും. ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവാസ്തവങ്ങളായ വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉപജാപങ്ങളിലൂടെ ശിഥിലമാക്കിയും കഴിഞ്ഞ നാലര വര്‍ഷക്കാലം അധികാരത്തിലിരിക്കുവാന്‍ സംഘപരിവാറിനു കഴിഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ പടിവാതിലുകള്‍ക്ക് മുന്നിലെത്തി നില്‍ക്കുന്നു. സ്വന്തം ഭരണത്തെക്കുറിച്ച് സ്വയം വിലയിരുത്തുമ്പോഴും, വിവിധ ഏജന്‍സികളെ ഉപയോഗിച്ച് പഠനം നടത്തിനോക്കിയപ്പോഴും കിട്ടുന്ന ഫലങ്ങളും, ജനങ്ങള്‍ സര്‍ക്കാറിനെ എങ്ങനെ വിലയിരുത്തുന്നു എന്ന വിശകലനത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങളും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് ഒട്ടും അനുകൂലമോ വരുന്ന പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പിന്‍ബലം നല്‍കുന്നതോ അല്ല എന്ന യാഥാര്‍ത്ഥ്യബോധം അവര്‍ക്കുണ്ടായിട്ടുണ്ട്. ഈ തിരിച്ചറിവില്‍ നിന്നാണ് അയോധ്യയും ശ്രീരാമക്ഷേത്രവും അല്ലാതെ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ മറ്റു കരുക്കളൊന്നുമില്ല എന്ന നടുക്കമുണ്ടാക്കുന്ന സ്വയം ബോധത്തില്‍ നിന്നാണ് അമിത്ഷായും മോഹന്‍ഭാഗവതും തമ്മിലുള്ള മഹാരാഷ്ട്ര കൂടിക്കാഴ്ച നടന്നതും ഡല്‍ഹി രാംലീലാ മൈതാനത്തേക്ക് കാവി വേഷക്കാര്‍ എത്തിയതും. ബി.ജെ.പി സര്‍ക്കാറിനെതിരെയെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ബി.ജെ.പി അധ്യക്ഷന്റെ ബുദ്ധിയില്‍ നിന്നു പിറന്ന ”സന്യാസി സംഗമം” ഉന്നയിച്ച ആവശ്യങ്ങള്‍ അതേപടി നടപ്പിലാക്കിക്കൊണ്ട് നരേന്ദ്രമോദി ഗവണ്‍മെന്റ് പ്രതികരിക്കുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കു തെറ്റി.
അയോധ്യ വിഷയത്തില്‍ സുപ്രീംകോടതിക്ക് അത്രപെട്ടെന്ന് ഒരന്തിമ തീര്‍പ്പിലെത്താന്‍ കഴിയില്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണ്. ചരിത്രവും വിശ്വാസവും വികാരവും വര്‍ഗീയതയും ഉപജാപക രാഷ്ട്രീയവും അടിച്ചമര്‍ത്തപ്പെടുന്ന ഭരണഘടനാ മൂല്യങ്ങളും എല്ലാം ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ഒരു പ്രശ്‌നത്തില്‍ ഏതെങ്കിലുമൊരു കക്ഷികളുടെ വൈകാരികാഭിനിവേശങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന് സാധിക്കില്ല. അതുകൊണ്ട് തന്നെ അയോധ്യാ കേസിലുള്ള വാദം കേള്‍ക്കല്‍ ജനുവരിയിലേക്കോ, ജനുവരിക്കു ശേഷത്തേക്കോ നീട്ടിവെക്കുക എന്നത് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെ നീട്ടിവെച്ചത് ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കലായിപ്പോയി എന്നാണ് വിശ്വഹിന്ദു പരിഷത്ത്- ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞത്. സത്യത്തില്‍ കോടതിയുടെ ഈ സമീപനം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ മാനിക്കുന്നത് മാത്രമാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകക്കു മുന്നിലിരിക്കുന്ന ഏതാനും പേരെ മാറ്റിനിര്‍ത്തി ചിന്തിച്ചാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹൈന്ദവരെ സംബന്ധിച്ചും ആഗ്രഹവും അഭിലാഷവുമായി അവശേഷിക്കുന്നത് അയോധ്യയും രാമക്ഷേത്രവും ഇനിയും ഇന്ത്യയില്‍ സംഘര്‍ഷങ്ങള്‍ക്കും ശാന്തിഭഗ്‌നങ്ങള്‍ക്കും നിമിത്തങ്ങളാകരുത് എന്ന ശുഭ മനോഭാവമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യഥേഷ്ടം ഉപയോഗിക്കാവുന്ന വിധത്തില്‍ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തെയും അതുമായി ബന്ധപ്പെട്ട ശ്രീരാമഭക്തരുടെ വിചാരങ്ങളെയും വിട്ടുകൊടുക്കുവാന്‍ ബഹുഭൂരിപക്ഷം ഹിന്ദുക്കളും തയ്യാറല്ല.
മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ശ്രീരാമന് ഒരു ക്ഷേത്രം വേണമെന്നും, അത് അയോധ്യ എന്ന പേരിലറിയപ്പെടുന്ന ഫൈസാബാദിലെ പ്രത്യേക പ്രദേശത്ത് ആയിരുന്നാല്‍ നല്ലതാണ് എന്നുമെല്ലാം ആഗ്രഹിക്കുന്നവര്‍ പോലും അതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉരുണ്ടുകൂടുന്നതിനെയോ അതിന്റെ പേരില്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാര്‍ മുതലെടുപ്പ് നടത്തുന്നുതിനെയോ അംഗീകരിക്കുന്നില്ല. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഉയര്‍ത്തുന്ന അട്ടഹാസങ്ങള്‍ക്കും ഭരണഘടനക്കു നേരെയും പരമോന്നത നീതിപീഠത്തിന് വിരുദ്ധമായും ഉയര്‍ത്തുന്ന വിധ്വംസകതാ പ്രസ്താവനകള്‍ക്കും ഇടയില്‍ അവഗണിക്കപ്പെട്ടുപോകുന്ന മേല്‍പ്പറഞ്ഞ വിധത്തിലുള്ള ചില വശങ്ങള്‍ ഉണ്ട്. രാമക്ഷേത്രം നിര്‍മ്മിച്ച് കാണാനാഗ്രഹിക്കുന്നവരില്‍ തന്നെ വലിയൊരു വിഭാഗം സുപ്രീംകോടതി വിധിക്കനുസരിച്ചും, മുസ്‌ലിംകളുടെ അവകാശങ്ങളെ പരിഗണിച്ചും മാത്രമേ ആ നിര്‍മ്മാണം സംഭവിക്കാവൂ എന്നുകൂടി സ്വയം നിഷ്‌കര്‍ഷിക്കുന്നവരാണ്. എന്നാല്‍ ഇവരാരും ആര്‍.എസ്.എസുകാരോ പരിവാര്‍ ഘടകങ്ങളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളവരോ അല്ലാത്തതിനാല്‍ ഇവര്‍ക്ക് രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ ഒട്ടുമില്ല എന്നതും വേറിട്ടുകാണേണ്ടുന്ന വിഷയമാണ്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ ജനതക്ക് മുന്നില്‍ വെച്ചത് മാറ്റങ്ങളുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളായിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ കേന്ദ്ര ഭരണത്തില്‍ എത്തിച്ചത് സത്യത്തില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഹിന്ദുക്കളുടെ ആഗ്രഹങ്ങളോ, സ്വപ്‌നങ്ങളോ ഒന്നുമായിരുന്നില്ല. വികസനവും പുരോഗതിയും സാമ്പത്തിക മാറ്റങ്ങളുമെല്ലാം മുന്‍നിര്‍ത്തിയുള്ള മോഹന വാഗ്ദാനങ്ങളായിരുന്നു. അന്ന് ഉയര്‍ത്തിയ പ്രതീക്ഷകളുടെ പട്ടങ്ങളുടെയെല്ലാം നൂലറ്റുവീണത് വളരെ പെട്ടെന്നാണ്. ഇന്ത്യക്കാരായ കള്ളപ്പണക്കാരുടെ വിദേശ നിക്ഷേപങ്ങള്‍ കണ്ടുകെട്ടി ഇന്ത്യയിലെത്തിച്ച് ഓരോ പൗരന്റെയും അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം വീതം നിക്ഷേപിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. നാലര വര്‍ഷം പിന്നിട്ട ശേഷം ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ അന്നത്തെ ആ വാഗ്ദാനം ഒരു വലിയ തമാശയായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ പറഞ്ഞത് നടക്കാത്തതും കുത്തകകള്‍ക്ക് മുന്നില്‍ തല കുനിക്കുന്ന ഒരു മുതലാളിത്ത സൗഹൃദ ഭരണകൂടത്തിന് നടപ്പിലാക്കാന്‍ കഴിയാത്തതുമാണെന്ന് മനസ്സിലാക്കിയ സംഘപരിവാര്‍ നേതാക്കള്‍ പിന്നീട് ആ വാഗ്ദാനത്തിന് പല പല വ്യാഖ്യാനങ്ങളുമായി രംഗത്തുവന്നു. ഇന്ത്യക്കാര്‍ക്കെല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് വേണമെന്നും, സീറോ ബാലന്‍സ് അക്കൗണ്ട് സംവിധാനമെന്ന നിലയില്‍ ”ജന്‍ധന്‍” അക്കൗണ്ടുകളെ ഉപയോഗപ്പെടുത്തണമെന്നും മോദി ഗവണ്‍മെന്റ് രാജ്യത്തെ ജനങ്ങളോട് പറഞ്ഞപ്പോള്‍ പാവം ജനങ്ങളില്‍ ചിലരെങ്കിലും കരുതിയത് വിദേശത്തുനിന്ന് പിടിച്ചടക്കി കൊണ്ടുവരുന്ന കള്ളപ്പണ വിഹിതമായ പതിനഞ്ച് ലക്ഷം നിക്ഷേപിക്കാനായിരിക്കാം അക്കൗണ്ട് തുടങ്ങാന്‍ പറയുന്നത് എന്നാണ്. പിന്നീട് വാഗ്ദാനങ്ങളുടെ അനേകം പരമ്പരകളിലൂടെയാണ് രാജ്യം കടന്നുപോയത്. മോദി ഭരണകാലത്ത് നിര്‍ലോഭം സംഭവിച്ചുകൊണ്ടിരുന്ന ചില കാര്യങ്ങള്‍ കൗതുകകരങ്ങളാണ്.
നിരന്തരം ആവര്‍ത്തിക്കുന്ന ഇടതടവില്ലാത്ത പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍, അപ്രതീക്ഷിതങ്ങളും ഭാവനാത്മകങ്ങളെന്ന് തോന്നിപ്പിക്കുന്നവയുമായ വാഗ്ദാനങ്ങള്‍, വിവിധ ഏജന്‍സികളെയും സ്ഥാപനങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും കുറിച്ചുള്ള പരസ്യങ്ങള്‍ എന്നിവയാണവ. ഈ മൂന്നു കാര്യങ്ങളിലും മോദി ഭരണക്കാലം സുഭിക്ഷമായിരുന്നു. പ്രധാനമന്ത്രി ഭാവനാശാലിയും കാവ്യാത്മകമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയും ആയിരിക്കുക എന്നത് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് നല്ലകാര്യം തന്നെയാണ്. എന്നാല്‍ എക്കാലവും വ്യാജമായ അവകാശ വാദങ്ങളിലും അപ്രായോഗികങ്ങളായ ജല്‍പ്പനങ്ങളിലും അടിഞ്ഞുകൂടി അധികാരത്തിന്റെ ദിനരാത്രങ്ങളെ ചിവിട്ടിത്തള്ളാന്‍ ഒരു ഭരണാധികാരി ശ്രമിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് ഒട്ടും ഗുണകരമായിരിക്കില്ല എന്ന് മോദിക്കാലം തെളിയിച്ചു. മോദിക്ക് മുമ്പെ എന്‍.ഡി.എയുടെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പെയ് ആ നിലക്ക് ഒരു യഥാര്‍ത്ഥ കവിയും യഥാര്‍ത്ഥ പ്രധാനമന്ത്രിയും ആയിരുന്നു. കാരണം അദ്ദേഹം തന്റെ ഭാവനയും കവിത്വവും ഉപയോഗിച്ചത് യഥാര്‍ത്ഥ കവിതകള്‍ രചിക്കാനാണ്. ജനങ്ങളെ വാഗ്ദാനങ്ങള്‍ കൊണ്ട് വഞ്ചിക്കാനായിരുന്നില്ല.
(തുടരും…..)

ചന്ദ്രിക വെബ് ഡെസ്‌ക്‌: