X
    Categories: Video Stories

ബി.ജെ.പിയുടെ കടന്നാക്രമണവും ന്യൂനപക്ഷ വിരുദ്ധ അജണ്ടയും

രാംപുനിയാനി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭൂരിഭാഗവും ക്രിസ്ത്യന്‍ മിഷനറിമാര്‍ അതിവേഗത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതിന് ഉദാഹരണമാണെന്ന പ്രചാരണം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ലഘുലേഖകളിലൂടെയും കൈപ്പുസ്തകങ്ങളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബാധം തുടരുകയാണ്. ഇന്ത്യയിലാകമാനം ഇത്തരം പ്രചാരണം പ്രത്യേകിച്ചും ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് വ്യാപകമാണ്. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള വിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ് ഇത്തരം പ്രചാരണങ്ങള്‍. ഭയാനകമായ കണ്ഡമാല്‍ കലാപ വേളയില്‍ പാസ്റ്റര്‍ ഗ്രഹാം സ്റ്റ്യുവര്‍ട്ട് സ്റ്റെയിന്റെ പൈശാചികമായ കൊലപാതകം നാം കണ്ടതാണ്. രാജ്യത്താകമാനം നേരിയതോതില്‍ ക്രിസ്തീയ വിരുദ്ധ കലാപങ്ങളും ചര്‍ച്ചുകള്‍ക്കുനേരെ അക്രമങ്ങളും അരങ്ങേറി. എങ്കില്‍ ബി.ജെ.പി എങ്ങനെ വന്നു, രാമക്ഷേത്രത്തെയും പശു മാതാവിനെയും ആഘോഷിച്ചുനടക്കുന്ന പാര്‍ട്ടിയാണ് അവരുടേത്. ക്രിസ്തുമതത്തിന് നല്ല സ്വാധീനമുള്ള, ഭക്ഷണ ശീലത്തിന്റെ ഭാഗമായി ബീഫ് കഴിക്കുന്ന, വ്യത്യസ്ത ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന, വ്യത്യസ്ത ഗോത്രക്കാര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഏറ്റുമുട്ടുന്ന, വിവിധ വിഭാഗങ്ങള്‍ തങ്ങളുടെ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന, വിവിധ സംഘടനകള്‍ രൂപീകരിച്ച് അവരുടെ അഭിലാഷങ്ങള്‍ അവതരിപ്പിക്കുന്ന പല സംസ്ഥാനങ്ങളിലും ഹൈന്ദവ ദേശീയത കടന്നുവന്നിട്ടുണ്ട്.
ഓരോ സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമാണെങ്കിലും ബി.ജെ.പി തന്ത്രത്തിന് ഒരു രീതിയുണ്ട്. അത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തുന്നതും വന്‍തോതില്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതും തികഞ്ഞ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സംവിധാനമുള്ളതും മാതൃ സംഘടനക്ക് ഉറച്ച പിന്തുണ നല്‍കുന്ന സ്വയംസേവകരുള്ളതുമാണ്. അസമില്‍ പ്രധാനമായും ബംഗ്ലാദേശി കുടിയേറ്റ പ്രശ്‌നങ്ങള്‍ക്കാണ് അവര്‍ ഊന്നല്‍ നല്‍കിയത്. മുസ്‌ലിംകള്‍ സംസ്ഥാനത്ത് അനധികൃത കുടിയേറ്റം നടത്തുകയും അതിലൂടെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന ഭീഷണി നിലനില്‍ക്കുകയുമാണെന്നവര്‍ പ്രചാരണം നടത്തി. വിഘടനവാദ സംഘടനകളുമായി പോലും സഖ്യത്തിലേര്‍പ്പെടാനുള്ള തന്ത്രം വ്യക്തമായിരുന്നു. സംസ്ഥാനത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍പോലും വികസനപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നില്ല. പ്രത്യേക സംസ്ഥാനങ്ങള്‍ക്കായോ അല്ലെങ്കില്‍ പ്രത്യേക വിഭാഗത്തിനായോ വാദിക്കുന്നവരുമായി സഖ്യമുണ്ടാക്കാന്‍പോലും ‘ദേശവിരുദ്ധ’രെന്ന വിവാദ വിഷയം ദുരുപയോഗം ചെയ്യുന്ന ബി.ജെ.പിക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. നിര്‍ദോഷമായ റെക്കോര്‍ഡുണ്ടായിട്ടും ത്രിപുരയിലെ ഇടതു സര്‍ക്കാര്‍ സംവരണ വിഷയങ്ങളില്‍ ഗിരിവര്‍ഗ, ഒ.ബി.സി വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇടതു സര്‍ക്കാര്‍ ദയനീയ പരാജയമായത് വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നതിനും വികസനത്തിന്റെ മിഥ്യ ഒരുക്കുന്നതിനും ബി.ജെ.പിക്ക് കളമൊരുക്കുന്നതിനു സഹായകരമായി.
ഇവിടെ ബി.ജെ.പി പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധയൂന്നിയത്. ഒന്ന് വികസന വാഗ്ദാനമാണ്. രാജ്യമെമ്പാടും ഉയര്‍ത്തിയ വികസന മുദ്രാവാക്യം കൂടുതല്‍ വോട്ട് നേടാനുള്ള വെറും മുദ്രാവാക്യം മാത്രമായി മാറിയിട്ടുണ്ടെങ്കിലും വടക്കുകിഴക്കന്‍ മേഖലയില്‍ ഇപ്പോഴും വികസന നായകനായാണ് മോദി വില്‍ക്കപ്പെടുന്നത്. പുതിയ ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതില്‍ മണിക് സര്‍ക്കാര്‍ പരാജയപ്പെട്ടത് വലിയ ജന വിഭാഗത്തെ നിരാശപ്പെടുത്തിയിരുന്നു. ഏഴാം ശമ്പള കമ്മീഷനെക്കുറിച്ച് വ്യാപക ചര്‍ച്ച നടക്കുമ്പോഴും ത്രിപുരയിലെ ജനങ്ങള്‍ നാലാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതിനായി സമരം ചെയ്യുകയായിരുന്നു. ത്രിപുരയില്‍ ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളാണെന്നും ബംഗാളിലെ ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മുസ്‌ലിംകള്‍ നുഴഞ്ഞുകയറുകയാണെന്നുമുള്ള പ്രചാരണം വ്യാപകമായി. സ്‌കൂളുകള്‍ ആരംഭിക്കുക തുടങ്ങിയ പരിപാടികളിലൂടെ ആദിവാസി മേഖലയില്‍ ആര്‍.എസ്.എസ് സ്വയംസേവകര്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിച്ചു. ഗിരിവര്‍ഗക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മണിക് സര്‍ക്കാര്‍ ഭരണകൂടം അമ്പേ പരാജയമായിരുന്നു. ബീഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പി സ്വീകരിച്ചത് നഗ്നമായ കാപട്യത്തിന്റെ വഴിയാണ്. പശുവിനെ കശാപ്പുചെയ്യുന്നതും പശുമാംസം ഭക്ഷിക്കുന്നതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശനമായി നിരോധിച്ച ബി.ജെ.പി പക്ഷേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കിയില്ല. ആര്‍.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തിയ പല പ്രശ്‌നങ്ങളെയും പോലെ, വിശുദ്ധ പശു വിഷയവും സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ആയുധം മാത്രമായിരുന്നു.
ഇറാഖിലെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 46 നഴ്‌സുമാരുടെയും ഫാദര്‍ അലക്‌സ് പ്രേംകുമാറിന്റെയും മോചനം സംബന്ധിച്ച മോദിയുടെ വാക്കുകളാണ് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ ഒരാള്‍ക്ക് എന്താണ് പറയാന്‍ കഴിയുക? അവര്‍ ഇന്ത്യക്കാരായതിനാലാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അവര്‍ ഒരു പ്രത്യേക മതത്തിന്റെ ഭാഗമായിരുന്നതിനാല്‍ രക്ഷപ്പെടുത്തുകയായിരുന്നോ? ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും വിദേശികളായി കണക്കാക്കുന്നതാണ് അവരുടെ സിദ്ധാന്തം. അതേസമയംതന്നെ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുവേണ്ടി ഈ സ്വത്വം അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. ബംഗ്ലാദേശി വിരുദ്ധ വികാരത്തിനൊപ്പം പൊള്ളയായ വികസന വാഗ്ദാനങ്ങളുമാണ് ത്രിപുരയില്‍ ബി.ജെ.പി വിജയത്തിന് വഴിയൊരുക്കിയത്.
മേഘാലയയില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചത്. യുക്തിസഹമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം അവര്‍ക്കാണ് അര്‍ഹതപ്പെട്ടത്. എന്നാല്‍ സംഘ്പരിപാരത്തിന് ചൂട്ടുപിടിക്കുന്ന ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിക്കുന്നതിനു പകരം ബി.ജെ.പി ഉള്‍പ്പെടുന്ന സഖ്യത്തില്‍പെട്ട രണ്ടാമത്തെ വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുകയായിരുന്നു. ഇവിടെ ബി.ജെ.പിയുടെ പരാജയം തെരഞ്ഞെടുപ്പ് മറികടന്നുള്ള വിജയത്തിനുള്ള വലിയ നിയമാനുസൃതപ്രമാണ ഫലമാണ്. കോണ്‍ഗ്രസുമായി സൗഹാര്‍ദമോ ബന്ധമോ ഇല്ലാത്ത ഏത് പ്രാദേശിക പാര്‍ട്ടിയുമായും അധികാരത്തിലെത്താന്‍ സഖ്യത്തിലാകുന്ന ദയനീയ കാഴ്ചയാണ് ബി.ജെ.പിയില്‍ നിന്നുണ്ടാകുന്നത്. പണവും പേശിബലും ഉള്‍പ്പെടെ ബി.ജെ.പിയുടെ സകലകലാ പ്രകടനമാണ് ഈ കഥയുടെ അടിയൊഴുക്ക്.
ത്രിപുരയിലെ പരാജയത്തില്‍ നിന്ന് ഇടതുപക്ഷത്തിന് പഠിക്കാന്‍ ധാരാളമുണ്ട്. യുവാക്കളുടെയും ഗിരിവര്‍ഗങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ പ്രാധാന്യം നല്‍കണം. ഇതുകൂടാതെ അധികാരത്തിലെത്താനുള്ള എല്ലാ കൃത്രിമ വഴികളും നടത്തുന്ന ബി.ജെ.പി തന്ത്രം അവഗണിക്കുന്നത് ഇടതുപക്ഷത്തിനും മറ്റു പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് രംഗത്ത് വലിയ ക്ഷീണമാണ് വരുത്തിവെക്കുക. ഒരു പക്ഷേ അധികം വൈകാതെതന്നെ വരും കാലങ്ങളില്‍ ഇടതുപക്ഷം തീര്‍ച്ചയായും തിരുത്തേണ്ടിവരുന്ന, കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന കാരാട്ട് ലൈന്‍ എന്താണ് അടയാളപ്പെടുത്തുന്നത്. കാരാട്ട് ലൈന്‍ ബി.ജെ.പി-ആര്‍.എസ്.എസ് ഗൂഢ അജണ്ടയെ കുറച്ചുകാണുന്നതാണ്.
ലെനിന്റെ പ്രതിമ തകര്‍ത്തതിലൂടെയും സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടതിലൂടെയും ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വൈകാരിക രാഷ്ട്രീയം ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. ഈ അവസരത്തില്‍ ജനാധിപത്യ ശക്തികള്‍ ഉണര്‍ന്നില്ലെങ്കില്‍ ഈ മേഖലയില്‍ ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോ?

ചന്ദ്രിക വെബ് ഡെസ്‌ക്‌: