X
    Categories: Video Stories

പെണ്‍പോരില്‍ തകര്‍ന്ന് ബംഗ്ലാദേശ്

കെ.മൊയ്തീന്‍ കോയ

ബംഗ്ലാദേശിന് ഇനിയും ശാപമോക്ഷം ലഭിച്ചില്ല. പിറവിയെടുത്ത് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും രാഷ്ട്രശില്‍പി ശൈഖ് മുജീബ്‌റഹ്മാന്‍ വിഭാവനം ചെയ്ത ‘സുവര്‍ണ ബംഗ്ല’ ആയിരം കാതം അകലെ തന്നെ. പതിനൊന്നാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രം നീങ്ങുമ്പോഴും ആര്‍ക്കും പ്രതീക്ഷയില്ല, ഈ പ്രതിസന്ധി അവസാനിക്കുമെന്ന്. വനിതാ നേതാക്കള്‍ തമ്മിലുള്ള പോരില്‍ നാള്‍ക്കുനാള്‍ തകരുകയാണ് ഈ ദരിദ്ര രാഷ്ട്രം. ഡിസംബര്‍ 30ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും വലിയ മാറ്റം സംഭവിക്കാനും പോകുന്നില്ല.
എതിരാളികളെ കൊന്നൊടുക്കിയും ജയിലില്‍ അടച്ചും പക തീര്‍ക്കുകയാണ് നിലവിലെ ശൈഖ് ഹസീനയുടെ ഭരണകൂടം. രാഷ്ട്രീയത്തിലെ വന്‍ സ്വാധീനം മുജീബുറഹ്മാന്റെ മകളെ ഏകാധിപതിയാക്കുന്നുവെന്നാണ് ബംഗ്ലാദേശിനകത്തും പുറത്തും വ്യാപകമായ ആരോപണം. എതിരാളികളില്‍ ചിലര്‍ വധശിക്ഷക്ക് വിധേയരായി. മുന്‍ പ്രസിഡണ്ട് ഖാലിദ സിയ ഉള്‍പ്പെടെ പ്രമുഖര്‍ ജയിലില്‍ അടക്കപ്പെട്ടു. മറ്റ് ചിലരാകട്ടെ പുറത്ത് പ്രവാസ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരും. ഭരണഘടന ഭേദഗതി ചെയ്തും അധികാരത്തില്‍ ഇരുപ്പുറപ്പിക്കാനുള്ള നീക്കം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുമെന്ന് ആശങ്കയുണ്ട്.
ശൈഖ് ഹസീന തന്റെ പിതാവ് ഉള്‍പ്പെടെ കുടുംബത്തെ ഇല്ലായ്മ ചെയ്തവരോട് അല്ലെങ്കില്‍ പിന്‍തലമുറയോട് പ്രതികാരം ചെയ്യുന്നു. പാക്കിസ്താന് എതിരെ പട നയിച്ച് ഇന്ത്യന്‍ പിന്തുണയോടെ കിഴക്കന്‍ പാക്കിസ്താനെ മോചിപ്പിച്ച് ‘ബംഗ്ലാദേശ്’ എന്ന രാഷ്ട്രം രൂപീകരിക്കുന്നതില്‍ നേതൃത്വം നല്‍കിയ മുജീബ്‌റഹ്മാന് കേവലം മൂന്നര വര്‍ഷം മാത്രമാണ് ഭരണത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞത്. 1972 ജനുവരി 12ന് പ്രധാനമന്ത്രിയായി. 1975 ആഗസ്റ്റ് 15ന് കുടുംബത്തോടെ വധിക്കപ്പെട്ടു. ശൈഖ് ഹസീന അന്ന് ഇന്ത്യയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. ആ സൈനിക അട്ടിമറിക്ക് പിന്നില്‍ ജനറല്‍ സിയാവുര്‍റഹ്മാന്‍ ആയിരുന്നുവെന്നാണ് ശൈഖ് ഹസീനയുടെയും അവാമി ലീഗിന്റെയും വിശ്വാസം. മുജീബിന് ശേഷം ജനറല്‍ സിയ നേരിട്ട് അധികാരം കയ്യാളിയിരുന്നില്ല. മുശ്താഖ് അഹമ്മദ് ആയിരുന്നു പ്രസിഡണ്ട്. പിന്നീടും രണ്ട് അട്ടിമറി നടന്നു. പരാജയപ്പെട്ടു. തന്ത്രശാലിയായ സിയാവുര്‍റഹ്മാന്‍ സൈനിക മേലങ്കി അഴിച്ച് 1978 ജൂണ്‍ മൂന്നിന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. സിയാവുര്‍റഹ്മാന് കൂടുതല്‍ കാലം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ല. ജനറല്‍ ഹുസയിന്‍ അഹമ്മദ് ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറിയില്‍ വധിക്കപ്പെട്ടു. മുജീബിന്റെ ഘാതകനായി സിയാവുര്‍റഹ്മാനെയും സിയാവുര്‍റഹ്മാന്റെ കൊലയായിളിയായി ജനറല്‍ ഇര്‍ഷാദിനെയും ബംഗ്ലാദേശ് സമൂഹം വീക്ഷിക്കുന്നു. ഹസീനയുടെ പ്രതികാരം സിയയുടെ വിധവ ഖാലിദാ സിയയോടും ഖാലിദയുടെ പക റോഷന്‍ ഇര്‍ഷാദിനോടും തിരിയും. ബംഗ്ലാദേശ് രാഷ്ട്രീയം പെണ്‍ പോരില്‍ രക്തരൂക്ഷമായി. അധികാരം കയ്യടക്കുന്നവര്‍ എതിരാളികളോട് പക തീര്‍ക്കുന്നു. ഖാലിദ സിയയുടെ ഭരണത്തില്‍ ഹസീനക്ക്‌മേല്‍ അഴിമതി ആരോപണവും ജയില്‍ ശിക്ഷയും, തിരിച്ച് ഇപ്പോള്‍ 72കാരിയായ ഖാലിദ സിയക്ക് ജയില്‍ ജീവിതം. ഹസീനക്ക് കൂട്ടിന് ജനറല്‍ ഇര്‍ഷാദിന്റെ വിധവ റോഷനുമുണ്ട്. ഖാലിദ സിയയുടെ മകനും ബംഗ്ലാദേശി നാഷണല്‍ പാര്‍ട്ടി (ബി.എന്‍.പി) ആക്ടിംഗ് ചെയര്‍മാനുമായ താരിഖ് കേസില്‍ കൂട്ടുപ്രതിയാണ്. ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്നു. 300 ഓളം ബി.എന്‍.പി പ്രവര്‍ത്തകരും ജയിലില്‍. 750 പ്രവര്‍ത്തകര്‍ വിവിധ അക്രമ സംഭവത്തില്‍ പൊലീസ് വെടിയേറ്റ് മരിച്ചു. 150 പ്രവര്‍ത്തകരെ കാണാതായി. വിമോചന സമര കാലത്ത് ശൈഖ് മുജീബിന്റെ പോരാട്ടത്തെ സഹായിക്കാതിരുന്ന ജമാഅത്ത് ഏതാനും പ്രമുഖ നേതാക്കള്‍ക്ക് വധശിക്ഷ നല്‍കി.
കഴിഞ്ഞ പത്ത് വര്‍ഷം അധികാരത്തിലിരിക്കുന്ന ശൈഖ് ഹസീന രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുണ്ടാക്കിയെന്നാണ് അവകാശപ്പെടുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയെന്ന് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് വാദിക്കുന്നു. എതിരാളികളെ മര്‍ദ്ദിച്ചൊതുക്കി ഏകാധിപത്യ വാഴ്ചയാണെന്ന ആരോപണത്തിന് ശൈഖ് ഹസീനക്ക് പ്രതികരണമില്ല. 2014ലെ തെരഞ്ഞെടുപ്പ് ബി.എന്‍.പി ഉള്‍പ്പെടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് നിലവിലെ ഭരണകൂടം അധികാരം വിട്ടൊഴിഞ്ഞ് നിഷ്പക്ഷ സര്‍ക്കാറിന് വഴി മാറണം എന്നാണ് ഭരണഘടന വ്യവസ്ഥ. (പാക്കിസ്താനിലും ഇതേ വ്യവസ്ഥയുണ്ട്.) എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ ഈ വ്യവസ്ഥ ഭേദഗതി ചെയ്ത് അധികാരത്തില്‍ ഹസീന കടിച്ചുതൂങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. 350 അംഗ പാര്‍ലമെന്റില്‍ തെരഞ്ഞെടുപ്പ് നടന്ന 300ല്‍ മഹാ ഭൂരിപക്ഷവും അവാമി ലീഗ് നേടി. ഇര്‍ഷാദിന്റെ ജാതിയ പാര്‍ട്ടിക്കും കിട്ടി 24 സീറ്റുകള്‍. 50 സീറ്റുകള്‍ വനിതാ സംവരണമാണ്. രാഷ്ട്രാന്തരീയ നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടുവെങ്കിലും ഹസീന വഴങ്ങിയില്ല. ഏകപക്ഷീയ ഭരണത്തില്‍ ‘സ്വേച്ഛാധിപത്യവാഴ്ച’ സ്വഭാവികം. ബി.എന്‍.പിയുടെ കരുത്തരായ നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ച് 2018ല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഹസീന ശ്രമം നടത്തി. വൈകിയാണെങ്കിലും ബി.എന്‍.പിയും അവരുടെ ജനകീയ മുന്നണിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി. നവംബര്‍ 28ന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് ഡിസംബര്‍ 30ന് മാറ്റി. ഡോ. കമാല്‍ ഹസൈന്റെ നേതൃത്വത്തില്‍ കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ബി.എന്‍.പി മുന്നണി. എതിരാളികള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന ശൈഖ് ഹസീന രാജ്യത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്താണെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു.
‘ബംഗബന്ധു’ എന്നറിയപ്പെട്ടിരുന്ന ശൈഖ് മുജീബിന്റെ രാജ്യം രാഷ്ട്രീയ, ഭരണ പ്രതിസന്ധിയില്‍ ഉഴലുകയാണ്. വനിതാനേതാക്കളുടെ പ്രതികാരവും തിരിച്ചടിയും ഈ ദരിദ്ര രാഷ്ട്രത്തെ തകര്‍ത്തു. മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍ ഏഴ് ലക്ഷത്തോളം ബംഗ്ലാദേശില്‍ കഴിയുന്നു. 24 വര്‍ഷം പാക്കിസ്താന്റെ ഭാഗമായിരുന്ന ‘കിഴക്കന്‍ പാക്കിസ്താന്‍’ ബംഗ്ലാദേശ് ആയി പിറവിയെടുത്തതോടെ വന്‍ പുരോഗതിയിലേക്ക് കുതിക്കുമെന്നായിരുന്നു പ്രതീക്ഷ. നേര്‍വിപരീത ദിശയിലാണിപ്പോള്‍.
പാക്കിസ്താനില്‍ പ്രധാനമന്ത്രി ലിയാഖത്തലി ഖാന് ശേഷം ശിഥിലമായ ഭരണകക്ഷിയുടെ ഒരു ഭാഗമാണ് അവാമി ലീഗിന്. പ്രമുഖ നേതാവായിരുന്ന ഹുസൈന്‍ ശഹീദ് സുഹ്‌റ് വര്‍ദി മുസ്‌ലിം ലീഗിനെ പിളര്‍ത്തിയാണ് അവാമി ലീഗിന് രൂപം നല്‍കിയത്. 1963ല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ ശൈഖ് മുജീബ്‌റഹ്മാന്‍ അവാമി ലീഗ് നേതാവായി. ബംഗാളി ദേശീയതയുടെ വക്താവായി ഉയര്‍ന്നുവന്ന് കിഴക്കന്‍ പാക്കിസ്താന്‍ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ‘സുവര്‍ണബംഗ്ല’ എന്ന സ്വപ്‌നം ബാക്കിവെച്ച് ശൈഖ് മുജീബ് വിടവാങ്ങിയതോടെ സര്‍വത്ര ശൂന്യത. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബംഗ്ലാദേശിന് ഒരു തിരിച്ചുവരവിനുള്ള അവസരം സൃഷ്ടിക്കുമെന്ന് പ്രത്യാശിക്കാം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: