കെപി ജലീല്‍
കൂട്ടക്കൊലകളുടെയും വെട്ടിപ്പിടിത്തത്തിന്റെയും മധ്യയുഗ ഇരുണ്ട കാലത്തിലേക്ക് മനുഷ്യന്‍ തിരിഞ്ഞുനടക്കുകയാണോ എന്ന വിധത്തില്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിളിക്കുന്ന സത്യാനന്തര (പോസ്റ്റ്ട്രൂത്ത്) കാലഘട്ടത്തിലാണ് നാമിന്ന്. ധര്‍മത്തിനും സത്യത്തിനും നീതിക്കുമൊന്നും പുല്ലുവിലപോലുമില്ലാതാകുകയും കയ്യൂക്കും സമ്പത്തുമുള്ള വിവരദോഷികള്‍ സമൂഹത്തെ കീഴടക്കുകയും ചെയ്യുന്ന കാലത്തെ ഉദാഹരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്്-നരേന്ദ്രമോദി-അമിത്ഷാദി ഭരണകൂടങ്ങള്‍. ഇന്ത്യയെ രണ്ടായി മുറിച്ച സ്വാതന്ത്ര്യകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സാമൂഹികമായിക്കൂടി രാജ്യത്തെ ഇഞ്ചിഞ്ചായി വിഭജിച്ചുകൊണ്ടിരിക്കുകയാണ് സമകാലിക ഇന്ത്യന്‍ ഭരണകൂടം. ഇന്ത്യയിലെ പതിതകോടികളുടെ പ്രത്യാശയായിരുന്ന അര്‍ധനഗ്നനായ ഫഖീര്‍ എന്ന വിളിപ്പേരുള്ള മഹാത്മാവിന്റെ വധത്തിനുശേഷം മതേതരത്വത്തിന്റെ പ്രതിരൂപമായ അയോധ്യയിലെ ബാബരിമസ്ജിദ് തകര്‍ത്തവര്‍ അവിടെ പള്ളി നിര്‍മിച്ചുനല്‍കുകയോ ആ സമുദായത്തിന് നീതി തിരിച്ചുനല്‍കുകയോ ചെയ്തില്ല. ഇതിനുപകരം മസ്ജിദിന്റെ അതേസ്ഥാനത്ത് രാമക്ഷേത്രം ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ അതേ പ്രതിലോമശക്തികള്‍. മസ്ജിദ് ധ്വംസനത്തിന്റെ 26വര്‍ഷം പൂര്‍ത്തിയാകുന്ന ദിനങ്ങളില്‍.
വര്‍ഷങ്ങളോളമെടുത്ത് സാധാരണക്കാരില്‍ പലവിധ മാധ്യമങ്ങളിലൂടെ കുത്തിനിറച്ച വര്‍ഗീയവിഷം സിരകളില്‍ പിടിച്ചതിന്റെ പരിണിതഫലമായിരുന്നു 1992 ഡിസംബര്‍ ആറിലെ ചരിത്രത്തിലെ ആ കറുത്തദിനം. രാജ്യത്തെ ഉന്നതരെന്ന് നടിക്കുന്ന നേതാക്കള്‍തന്നെ മുന്‍കയ്യെടുത്ത് ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞ സംഭവത്തിന് ശേഷം ഇന്ത്യ പഴയ സാഹോദര്യഭാവത്തിലേക്ക് ഇനിയും തിരിച്ചുചെന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് രാജ്യത്തിന്റെ പലഭാഗത്തും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയആക്രമണങ്ങളും വ്യാജ ഏറ്റുമുട്ടലുകളും. വെറും പതിനെട്ടരകോടി വരുന്നൊരു സമുദായത്തെ നോക്കി നൂറുകോടിയിലധികം വരുന്നൊരു സമുദായത്തിന്റെ പേരില്‍ പയറ്റുന്ന തന്ത്രം, വര്‍ഗീയതയെ അസമാധാനത്തിന്റെയും ഹിംസയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പശുപ്രേമത്തിന്റെയും പുരാണത്തിന്റെയുമൊക്കെ മൂശയിലിട്ട് പുറത്തെടുക്കുന്ന കാവിശൂലങ്ങളില്‍ പിടയുകയാണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യന്‍ മതേതരത്വം. ഇവിടെത്ത മതസാഹോദര്യത്തിന്റെ നൂറ്റാണ്ടുകളുടെ ഇതിഹാസത്തിന് പകരം വെക്കാന്‍ ഹിന്ദുത്വഭീകരത മതിയാകുമെന്ന് ധരിച്ചുവശായവരാണ് നാഗ്പൂരിലും ഇന്ദ്രപ്രസ്ഥത്തിലുമിരുന്ന് കുതന്ത്രങ്ങള്‍ ചമച്ചുകൊണ്ടിരിക്കുന്നത്. ബാബരികേസില്‍ നീണ്ട കാല്‍നൂറ്റാണ്ടിനു ശേഷം കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ബി.ജെ.പി നേതാക്കള്‍ ഇന്നും രാഷ്ട്രത്തിന്റെ അധികാരസോപാനങ്ങളുടെ സുഖശീതളിമയില്‍ വാഴുന്നു. മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍സിംഗ്, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനി , കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങിയവരെല്ലാം സുഖമായി വാഴുന്നു. അവരിന്നും രാമക്ഷേത്രത്തിനുള്ള ഇഷ്ടികകളുടെ പണിപ്പുരയിലാണെന്നതുതന്നെയാണ് ഈ രാജ്യത്തിന്റെ സങ്കടം. അഞ്ഞൂറുകൊല്ലത്തോളം മസ്ജിദ് നിലനിന്ന ഫൈസാബാദ് ജില്ലയുടെ പേരുതന്നെ അയോധ്യയെന്നാക്കി മാറ്റുന്നു. അവിടെ ഇനി ഉയരാന്‍ പോകുന്നത് ത്രേതായുഗത്തിലെ ശ്രീരാമന്റെ കൂറ്റന്‍പ്രതിമയത്രെ. സര്‍വകലാശാലയും വിമാനത്താവളവുമൊക്കെ രാമന്റെയും പിതാവ് ദശരഥന്റെയും പേരിലാകും.
മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള കേസില്‍ സുപ്രീംകോടതി വിചാരണക്ക് തീയതി നിശ്ചയിക്കാനിരിക്കെ ക്ഷേത്രം പണിയാന്‍ നിയമനിര്‍മാണം നടത്തണമെന്നാണ് സംഘപരിവാറുകളുടെ അടിയന്തര ആവശ്യം. അതിന് കഴിയില്ലെന്ന് തുറന്നുപറയാതിരിക്കുകയും ക്ഷേത്രത്തിന് തടസ്സംനില്‍ക്കുന്നത് കോണ്‍ഗ്രസാണെന്ന് പറയുകയും ചെയ്യുന്ന ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രിയുടെ ഉള്ളിലിരിപ്പ് ആര്‍ക്കും മനസ്സിലാകും. 2014 ലെ പൊതുതെരഞ്ഞെടുപ്പുസമയത്ത് നല്‍കിയ വാഗ്്ദാനം ഇനിയും പ്രാവര്‍ത്തികമാക്കിയില്ലെന്ന് പരാതി പറയുന്ന സംഘപരിവാരവും ശിവസേനയും വരുന്ന തെരഞ്ഞെടുപ്പിനുള്ള പുതിയ ആയുധം രാകിമിനുക്കി മൂര്‍ച്ചയാക്കുകയാണ്. അതുവഴി ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് അവരുടെ ശ്രദ്ധ തിരിക്കാമെന്ന സ്ട്രാറ്റജിയാണ് മോദിയും അമിത്ഷായും മോഹന്‍ഭഗവതും ഉദ്ധവ് താക്കറെയും പയറ്റുന്നത്. കഴിഞ്ഞ നാലേമുക്കാല്‍വര്‍ഷത്തെ മോദി സര്‍ക്കാര്‍ തലയിലേറ്റിവെച്ച വര്‍ധിതജീവിതഭാരത്തെയും ഭരണ പരാജയത്തെയും എങ്ങനെയാണ് രാമന്റെ പേരില്‍ ഇറക്കിവെക്കാന്‍ കഴിയുക എന്ന ലളിതമായ പരീക്ഷണമാണിത്. ക്ഷേത്രത്തിന്റെ പേരില്‍ കഴിഞ്ഞയാഴ്ച അയോധ്യ വിടേണ്ടി വന്ന മുസ്്‌ലിം കുടുംബങ്ങളുടെയും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും മതേതരവിശ്വാസികളുടെയും നെഞ്ചിലേക്ക് ഭയംവിതറുക എന്ന തന്ത്രം കൂടിയുണ്ടിതില്‍. മുംബൈയും ഗുജറാത്തും കോയമ്പത്തൂരും പടിഞ്ഞാറന്‍ യു.പിയും രാജസ്ഥാനും മുസഫര്‍നഗറും കാശ്മീരും ഇപ്പോള്‍ ബുലന്ദ്്ഷഹറും വിതറാന്‍ ശ്രമിക്കുന്നതും ആ പേടിയാണ്. ഇല്ലാത്ത ബീഫിന്റെ പേരില്‍ കല്ലുകൊണ്ടിടിച്ചു കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെയും ഗോരക്ഷയുടെ പേരില്‍ പൊതുനിരത്തുകളില്‍ നിന്ന് നേരെ ഖബര്‍സ്ഥാനുകളിലേക്ക് പോകാന്‍ വിധിക്കപ്പെട്ട എഴുപതോളം മുസ്്‌ലിം യുവാക്കളുടെയും ജീവബലി ഉന്നയിക്കുന്നത് ഇനിയും ഈ സംഘപരിവാര്‍ പേക്കൂത്തുകള്‍ക്ക് രാജ്യത്തെ തീറെഴുതണമോ എന്ന ചോദ്യമാണ്.
ഈ ഭയപ്പാടില്‍ നിലവിളിക്കുന്നത് കേവലം മുസ്്‌ലിം മാത്രമല്ല, ക്രിസ്ത്യാനിയും സിഖും പാഴ്‌സിയും ജൈനനും ദേശീയവാദികളും മതേതരവിശ്വാസികളും ‘ഓംശാന്തി’ മന്ത്രം മുഴക്കുന്ന ഹിന്ദുവും കൂടിയാണ്. ‘അരുതേ വിളികള്‍ക്ക്’ കാതോര്‍ക്കാതെ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്ന് നോട്ടുനിരോധനത്തിന്റെയും നികുതികളുടെയും പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ തുച്ഛവരുമാനം പിടിച്ചുവാങ്ങുകയും സമ്പന്നന്റെ കൊള്ളലാഭത്തിനുവേണ്ടി ഇറക്കുമതിക്ക് അനുവാദം കൊടുത്ത് നാമമാത്ര കര്‍ഷകന്റെ അരിക്കും ഗോതമ്പിനും ഉള്ളിക്കും തക്കാളിക്കുമൊക്കെ വില ഇടിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഇവിടെ തുണിയുരിയപ്പെട്ട് നില്‍ക്കുന്നത്. അഖ്‌ലാക്കിനെ കൊന്നവന് ദേശീയപതാക പുതച്ചവര്‍ ഘാതകരെ പിടികൂടാന്‍ ശ്രമിച്ചതിന് വധിക്കപ്പെട്ട സുബോധ്കുമാര്‍ സിംഗിന്റെ സഹോദരി ചോദിച്ചതുപോലെ ഇനിയുമെത്രയെത്രപോരാണ് മോദിയുടെയും യോഗിയുടെയും നേര്‍ക്ക് ആ ചോദ്യമെറിയുക. ഒരു ഇന്‍സ്‌പെക്ടര്‍ വെടിയേറ്റുവീഴുമ്പോള്‍ എവിടെയായിരുന്നു സഹപ്രവര്‍ത്തകരും ഭരണകൂടവും? സുബോധ് കുമാറിന്റെ രണ്ടുകുട്ടികളുടെയും ഭാര്യയുടെയും വായടക്കാന്‍ ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് എടുത്തെറിയാമെങ്കിലും അതുകൊണ്ട് തീരില്ല മോദീ പതിനായിരങ്ങളെ കൊന്നതിന്റെ പാപഭാരം. ഇനി മാസങ്ങളുടെ മാത്രം ആയുസ്സേ ഉള്ളൂ, ഏഴുപതിറ്റാണ്ടുകാലത്തെ ജനാധിപത്യഭാരതം ഇങ്ങനെ നിലകൊള്ളണോ എന്ന കോടിക്കണക്കിനുഡോളര്‍ മൂല്യമുള്ള ചോദ്യത്തിന്റെ മറുപടി ലഭിക്കാന്‍.