മതേതര സംസ്‌കാരം രൂപപ്പെടുത്തുന്നതിലും വര്‍ഗീയ രോഗാണുക്കളില്‍ നിന്നും നാടിനെ രക്ഷിക്കുന്നതിലും സ്‌കൂള്‍ കലോത്സവങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണ്. കലോത്സവ വേദികളില്‍ അരങ്ങേറുന്ന കലാരൂപങ്ങളില്‍ പലതും വിവിധ മതങ്ങളുടെ ആചാരങ്ങളുമായി ബന്ധങ്ങളുണ്ട്. എന്നാല്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം കലകളെ വാരിപ്പുണരുകയും ആസ്വദിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കാണാറുള്ളത്.
തോമാശ്ലീഹയുടെ ചരിത്രം പറയുന്ന മാര്‍ഗം കളിയിലും ഗീവര്‍ഗീസ് പുണ്യാളന്റെയും ദാവീദ് രാജാവിന്റെയും വിജയം പരാമര്‍ശിക്കുന്ന ചവിട്ടു നാടകത്തിലും ക്രൈസ്തവര്‍ മാത്രമല്ല പങ്കാളികളാവാറുള്ളത്. അമൃത കുംഭം തട്ടിയെടുത്ത അസുരന്മാരെ വശീകരിച്ച് കീഴ്‌പ്പെടുത്താന്‍ മഹാവിഷ്ണു മോഹിനി രൂപം പൂണ്ടതിന്റെ ഓര്‍മ്മകളാണ് മോഹിനിയാട്ടത്തിന്റെ ഇതിവൃത്തം. പാരമ്പര്യ ലാസ്യ നൃത്തകലയായ മോഹിനിയാട്ടത്തില്‍ വേഷം കെട്ടുന്നവര്‍ ഹൈന്ദവര്‍ മാത്രമല്ല. ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, അറബന മുട്ട്, മാപ്പിളപ്പാട്ട് എന്നിവയെല്ലാം മുസ്‌ലിം കലാരൂപങ്ങളാണ്. ഒപ്പനയില്‍ മണവാട്ടിയും മണവാളനുമായി അണിഞ്ഞൊരുങ്ങുന്നവരുടെയും ദഫ് മുട്ടുന്നവരുടെയും കോലെടുക്കുന്നവരുടെയും ജാതിയും മതവും ആരും തിരക്കാറില്ല.
കലകളേയും കലാകാരന്മാരെയും ജാതിക്കും മതത്തിനും അതീതമായി നെഞ്ചിലേറ്റുന്ന പൈതൃകത്തിനുടമകളാണ് മലായാളികള്‍. അമ്പാടിയിലെ ഉണ്ണികൃഷ്ണനെ മനോഹരമായി വര്‍ണ്ണിച്ചെഴുതിയ യൂസഫലി കേച്ചേരിയുടെ വരികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതില്‍ ഹൈന്ദവ മത വിശ്വാസികള്‍ ലവലേശം മടികാട്ടിയിട്ടില്ല. യേശുദാസിന്റെ അനുഗൃഹീതമായ സ്വരമാധുര്യത്താലുള്ള ഈശ്വര കീര്‍ത്തനങ്ങളാല്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്ന ക്ഷേത്രങ്ങള്‍ നിരവധിയാണ്. അറബി ഭാഷയുടെ ഉച്ചാരണ ശാസ്ത്രത്തിന്റെ നിയമാവലികള്‍ ഒട്ടും ചോരാതെയുള്ള യേശുദാസിന്റെയും പി. ജയചന്ദ്രന്റെയും കെ.എസ്. ചിത്രയുടെയും പി.സുജാതയുടെയും മാപ്പിളപ്പാട്ടുകള്‍ കര്‍ണ്ണാനന്ദകരമാണ്. ശ്രീകോവിലില്‍ തിരുനടയില്‍ കര്‍പ്പൂരമലകള്‍, കൈകൂപ്പി തൊഴുതുരുകുമ്പോള്‍, പത്മരാഗ പ്രഭവിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും, കൃഷ്ണതുളസി പൂക്കളാല്‍ വരുന്നു ഞങ്ങള്‍. ദൈവനിഷേധത്തിന്റെ പാളയത്തില്‍ കാലുറപ്പിച്ച് മതഭ്രമത്തിനെതിരായി ആഞ്ഞടിച്ച വയലാര്‍ തന്നെയാണ് ഈ വരികളും എഴുതിയിട്ടുള്ളത്. കലാകാരന്മാരുടെ എക്കാലത്തേയും കലഹം നീതിക്കുവേണ്ടിയാണ്. അവര്‍ നിലയുറപ്പിക്കുന്നത് മാനവ പക്ഷത്താണ്. കൗമാര പ്രതിഭകള്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ അണിയാനുള്ള ചിലങ്ക കെട്ടുമ്പോള്‍ കലാകാരന്മാരുടെ കഴുത്തില്‍ വെടികൊള്ളുന്ന ശബ്ദമാണ് കേരളത്തിന്റെ പുറത്തുനിന്നും കേള്‍ക്കുന്നത്. കലാകാരന്മാരുടെ ജാതകം പരിശോധന നടത്തി രാജ്യം വിടാനുള്ള ആക്രോശങ്ങളും അങ്ങിങ്ങായി മുഴങ്ങുകയാണ്. അത്തരം ദുരന്തം ഇവിടെ ഇല്ലാതിരിക്കണം. അതിനായി എല്ലാവരും ഒന്നിച്ചു ചേരുന്ന മതേതര ഇടമായി കലോത്സവത്തെ പരിപോഷിപ്പിക്കേണ്ടതുണ്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേള എന്നാണ് കേരളത്തിലെ സ്‌കൂള്‍ കലോത്സവത്തെപ്പറ്റി മേനി പറയാറുള്ളത്. പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ടും ഇനങ്ങളുടെ വൈവിധ്യം കൊണ്ടും സംഘാടനത്തിലെ വൈഭവം കൊണ്ടും അത് കലകളുടെ മാമാങ്കം തന്നെയാണ്. സാഹിത്യം-സംഗീതം-അഭിനയം – രാഷ്ട്രീയം തുടങ്ങിയ വിവിധ രംഗങ്ങളില്‍ ഇന്ന് തലയെടുപ്പോടുകൂടെ നിലകൊള്ളുന്ന ഒട്ടേറെ മഹദ്‌വ്യക്തികളുടെ താരോദയത്തിന് സ്‌കൂള്‍ കലോത്സവം സാക്ഷ്യം വഹിച്ചിട്ടുണ്ട്. യേശുദാസ്, പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, പി. സുജാത തുടങ്ങിയവരെല്ലാം വിവിധ വര്‍ഷങ്ങളിലെ കലോത്സവ വിജയികളായിരുന്നു. മഞ്ജുവാര്യര്‍, കാവ്യ മാധവന്‍, നവ്യ നായര്‍, ബിന്ദുജാമേനോന്‍, അമ്പിളി ദേവി, നീന പ്രസാദ്, വിനീത്, ഇടവേള ബാബു, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ അഭിനയ രംഗത്തെ പ്രതിഭകളുടെ സര്‍ഗശേഷി മാറ്റുരച്ചതും കലോത്സവ വേദിയിലാണ്. പാര്‍ലമെന്റ് അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ 1962 ലെ സ്‌കൂള്‍ കലോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു. പില്‍ക്കാലത്ത് വിദ്യാഭ്യാസ മന്ത്രിയായും ഏഴ് തവണ സ്‌കൂള്‍ കലോത്സവത്തിന് ചുക്കാന്‍ പിടിക്കാനും ഈ രംഗത്ത് ഒട്ടേറെ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു. സി.കെ കോശി, ജിജി തോംസണ്‍ തുടങ്ങി ഭരണ രംഗത്ത് നൈപുണ്യം പ്രകടിപ്പിച്ച പലരും കലോത്സവ വേദിയിലൂടെ വരവറിയിച്ചവരാണ്.
കലോത്സവ വേദികളില്‍ നിന്നും അസ്വസ്ഥതകള്‍ നിറഞ്ഞ വാര്‍ത്തകളാണ് പലപ്പോഴും കേള്‍ക്കാറുള്ളത്. മണിക്കൂറുകളോളം മേയ്ക്കപ്പിട്ട് തലകറങ്ങി വീഴുന്ന കുട്ടികള്‍, ഉണ്ണാനും ഉറങ്ങാനും എന്തിനേറെ നിവര്‍ന്നു നില്‍ക്കാന്‍പോലും പൊലീസിന്റെ അകമ്പടിയോടെ വിധിയെഴുത്ത് നടത്തുന്ന വിധികര്‍ത്താക്കള്‍, ലക്ഷങ്ങള്‍ മുടക്കാന്‍ കഴിയാത്ത മത്സരാര്‍ത്ഥിക്ക് മേളകള്‍ അപ്രാപ്യമാകും തരത്തിലുള്ള പണക്കൊഴുപ്പുകള്‍, അഴിമതി ആരോപണങ്ങള്‍ അങ്ങിനെ പലതും കലോത്സവത്തിന്റെ നിറംകെടുത്തി കളയുകയാണ്.
അപ്പീലുകളുടെ പ്രളയം സൃഷ്ടിക്കുന്ന തലവേദനകളും ചെറുതല്ല. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ദേശീയ ചലച്ചിത്ര അവാര്‍ഡ്, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലൊന്നും അപ്പീലിന് ഇടമില്ല. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ മുതല്‍ വിവിധ കോടതികള്‍ വരെ അപ്പീലിനായി കയറിയിറങ്ങുന്ന അവസ്ഥക്ക് അറുതിവരേണ്ടതുണ്ട്. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശനത്തിന്റെ പടികടക്കാനുള്ള പാസ്‌പോര്‍ട്ടായും ഗ്രേസ്മാര്‍ക്ക് കരസ്ഥമാക്കാനുള്ള നെട്ടോട്ടമായും കലകളെ കാണുന്ന അവസ്ഥയില്‍ നിന്നു കലോത്സവം മോചിക്കപ്പെടണം. 30 വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റുകൊടുത്തതെങ്കില്‍ 30 മാര്‍ക്കിന് വേണ്ടി കുട്ടികളും രക്ഷിതാക്കളും വിധികര്‍ത്താക്കളും മാധ്യമ പ്രവര്‍ത്തകരും പരസ്പരം ശത്രുക്കളായി മാറുന്ന അവസ്ഥയും ഇല്ലാതാകണം. കുട്ടികള്‍ തമ്മില്‍ ഓരോ ഇനത്തിലും ആരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നതിന് പകരം വിധികര്‍ത്താക്കളും രക്ഷിതാക്കളും പരിശീലകരും മത്സരാര്‍ത്ഥിയായി മാറുന്ന അവസ്ഥയും ഒഴിവാക്കപ്പെടണം. കുട്ടികള്‍ മത്സരിക്കണം, കലമാത്രം ജയിക്കണം. ഈ ചിന്തയിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്.