X

സാമൂഹ്യ സാമ്പത്തിക ജാതി സര്‍വേ സര്‍ക്കാരിന്റെ ബാധ്യത

ഡോ. എം.കെ മുനീര്‍
(പ്രതിപക്ഷ ഉപനേതാവ്)

പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമവും പുരോഗതിയും പരിഷ്‌കൃത ജനാധിപത്യത്തിന്റെ ചുമതലകളില്‍ പ്രധാനമാണ്. ചരിത്രപരവും ജാതീയവുമായ കാരണങ്ങളാല്‍ പിന്നാക്കം പോയവരെ സംവരണത്തിലൂടെ പരിഗണിക്കുകയും അവസര സമത്വം ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ ഒഴികെയുള്ള ജാതി/സമുദായ സംവരണമാണ് പിന്നാക്ക വിഭാഗ സംവരണം. രാജ്യം സ്വതന്ത്രമായി 72 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പിന്നാക്ക വിഭാഗങ്ങളുടെ ദുരവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചില വിഭാഗങ്ങള്‍ അര്‍ഹിക്കുന്നതിനേക്കാള്‍ അവകാശങ്ങള്‍ നേടിയതായി പലരും സംശയിക്കുന്നുമുണ്ട്.

കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയാലേ ഏതു വിഭാഗത്തിനാണ് കുറവുള്ളത്, ഏതു വിഭാഗത്തെയാണ് പുതുതായി ഉള്‍പ്പെടുത്തേണ്ടത്, ആരെയെങ്കിലും ലിസ്റ്റില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ടോ എന്നൊക്കെ മനസ്സിലാവുകയുള്ളൂ. സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേയാണ് ഇതിനു മാനദണ്ഡമായി സ്വീകരിക്കേണ്ടത്. 1993ലെ പിന്നാക്ക കമ്മിഷന്‍ ആക്ട് പ്രധാനമായും നിര്‍ദ്ദേശിക്കുന്ന സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടപടികള്‍ 26 വര്‍ഷമായിട്ടും കേരളത്തില്‍ നടന്നിട്ടില്ല.

പിന്നാക്ക കമ്മിഷന്‍ രൂപവത്ക്കരണത്തിന്റെ ലക്ഷ്യം തന്നെ ഇത്തരം വിഭാഗങ്ങളെ കണ്ടെത്തലും പട്ടിക തയ്യാറാക്കലുമാണ്. വി.പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ തുടര്‍ച്ചയായി ഇന്ദിരാ സാഹ്നി കേസാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ രൂപവത്ക്കരണത്തിനു കാരണമായത്. ഓരോ 10 വര്‍ഷം കഴിയുമ്പോഴും സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടത്തി പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കണമെന്ന് പിന്നാക്ക കമ്മിഷന്‍ ആക്ടിലെ സെക്ഷന്‍ 11 നിര്‍ദ്ദേശിക്കുന്നു. കമ്മിഷന്റെ പ്രധാന ഉത്തരവാദിത്തമാണിത്. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സംസ്ഥാന സര്‍ക്കാറുകള്‍ക്കോ പട്ടികയില്‍ പുതിയ വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിന് കമ്മിഷനെ സമീപിക്കാവുന്നതാണ്. സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗ കമ്മീഷനുകളാണ് സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് നല്‍കി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത സമുദായങ്ങളെ പതിനാറാം ചട്ടം നാലാം ഉപചട്ടം നല്‍കുന്ന അധികാരം ഉപയോഗിച്ച് ഉദ്യോഗ നിയമനങ്ങളില്‍ സംവരണം നല്‍കി പിന്നാക്ക സമുദായമായി പ്രഖ്യാപിക്കാവുന്നതാണ്. ജനപ്രതിനിധി സഭകളിലെ പിന്നോക്കാവസ്ഥയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രധാനമായി പരിഗണിക്കാറുണ്ട്.

സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടത്തേണ്ടത് അതാതു സംസ്ഥാനങ്ങൡലെ പിന്നാക്ക വിഭാഗ കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇങ്ങനെയൊരു സര്‍വ്വേ നടക്കാത്തതിന്റെ പ്രധാന ഉത്തരവാദിത്തവും ഈ കമ്മിഷനാണ്. അര്‍ഹതപ്പെടാത്തവരും ആനുകൂല്യങ്ങള്‍ പറ്റുന്നുണ്ട് എന്ന സംശയം നിലനില്‍ക്കുമ്പോള്‍ റീസര്‍വ്വേ അനിവാര്യമാണ്. അതുവഴി അര്‍ഹതപ്പെട്ട പലരെയും ഉള്‍പ്പെടുത്താനുമുണ്ടാകും. സംശയങ്ങള്‍ ഇല്ലാതാക്കി സാമൂഹ്യ തുല്യനീതി ഉറപ്പാക്കുന്നതിനായി സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടത്തിയേ തീരൂ. പിന്നാക്ക കമ്മിഷന്‍ ആക്ട് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയ ഈ നിര്‍ദ്ദേശം ഇതുവരെ പാലിക്കപ്പെട്ടില്ല എന്നത് ഗൗരവതരമായ വിഷയമാണ്. സര്‍ക്കാര്‍ ജോലി ഏതെങ്കിലും വിഭാഗത്തിന്റെ പട്ടിണി മാറ്റാനുള്ളതല്ല. മറിച്ച് ഭരണ നിര്‍വ്വഹണത്തിലെ പങ്കാളിത്തവും പ്രാതിനിധ്യവുമാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഇത്രയും നാളുകള്‍ക്ക് ശേഷവും ഏതെങ്കിലും ജനവിഭാഗം പട്ടികജാതി/ പട്ടികവര്‍ഗ്ഗത്തേക്കാള്‍ താഴെയാണെന്ന് കണ്ടെത്തിയാല്‍ ഇന്ത്യന്‍ പ്രസിഡന്റിന് ആ വിഭാഗങ്ങളെ എസ്.സി/ എസ്.ടി വിഭാഗത്തിലേക്ക് മാറ്റാനുള്ള അധികാരമുണ്ടെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അത്രമേല്‍ ഗൗരവമേറിയ, ജാഗ്രത ആവശ്യമുള്ള വിഷയമാണിത്.

സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടക്കാത്തതുമായി ബന്ധപ്പെട്ട് മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഇക്കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവരുടെ ഹര്‍ജി പരിഗണിച്ച കോടതി ജൂലൈ 22ന് സര്‍ക്കാറിനും പിന്നാക്ക കമ്മിഷനും നോട്ടീസ് അയച്ചിരുന്നു. ആഗസ്ത് 26നാണ് ഇനി കേസ് പരിഗണിക്കുന്നത്. അതിനു മുമ്പെ സര്‍വ്വേ നടപടികൡലക്ക് കടക്കാനോ ഇതുസംബന്ധിച്ച സത്യവാങ്മൂലമെങ്കിലും നല്‍കാനോ സര്‍ക്കാറിന് ബാദ്ധ്യതയുണ്ട്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് തുടരുന്നത്. പിന്നാക്ക വിഭാഗങ്ങളോട് 26 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന അനീതിക്ക് പരിഹാരം കാണാനുള്ള അവസരമാണിത്. 73 പിന്നാക്ക വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ജോലികളിലടക്കം മതിയായ പ്രാതിനിധ്യം ലഭിച്ചോ എന്ന് പരിശോധിക്കാനും ലഭിച്ചവരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും സര്‍വ്വേ നടക്കാത്തതുകൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല. ഹൈക്കോടതിയെ നിജസ്ഥിതി ബോധിപ്പിച്ച് സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടപടികള്‍ ഉടന്‍ ആരംഭിക്കണം.

സംഭവിച്ച തെറ്റ് തിരുത്താനുള്ള സമയമാണിത്. സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിച്ചോ എന്നു പരിശോധിക്കപ്പെടണം. വേണ്ടത്ര അവസരം ലഭിച്ചവരെ പിന്നാക്ക വിഭാഗത്തില്‍നിന്ന് പുറത്തു നിര്‍ത്താനും അവസരം ലഭിക്കാത്തവരെ പരിഗണിക്കാനും സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ അനിവാര്യമാണ്. മുസ്ലിംകള്‍ ഉള്‍പ്പെടെ പല പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് 2017ല്‍ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം പട്ടിക വര്‍ഗ്ഗക്കാരുടേതിനേക്കാള്‍ പിന്നാക്കമാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് പിന്നാക്ക കമ്മിഷനാണ്. 2000ത്തില്‍ കേരള സര്‍ക്കാര്‍ നിയമിച്ച നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ഈ അനീതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും അരികുവല്‍ക്കരിക്കപ്പെടുകയും സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുകയും ചെയ്യുന്ന കാലത്ത് നിലവിലുള്ള സംവരണത്തിന്റെ പരിരക്ഷ ഉറപ്പുവരുത്താനുള്ള രാഷ്ട്രീയ ജാഗ്രത സര്‍ക്കാര്‍ കാണിക്കണം. കേരള പിന്നാക്ക കമ്മിഷന്‍ ഇക്കാര്യത്തില്‍ കാണിച്ച കുറ്റകരമായ മൗനം ചോദ്യം ചെയ്യപ്പെടണം. പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം.

Test User: