നൗഷാദ് മണ്ണിശ്ശേരി
എന്‍.ഐ.എ ഭേദഗതി ബില്ലില്‍ മുസ്‌ലിംലീഗ് സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും നിറഞ്ഞാടുകയാണ്. അര്‍ധ വിദ്യാഭ്യാസം നേടിയവരും ജനാധിപത്യത്തിന്റെ ഹരിശ്രീ അറിയാത്തവരും പാര്‍ലിമെന്ററി സംവിധാനങ്ങളുടെയും ലോക്‌സഭാനടപടിക്രമങ്ങളുടെയും കാര്യങ്ങളെ കുറിച്ചോ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബില്ലില്‍ എങ്ങനെ ഇടപെടണമെന്നോ യാതൊരു കാഴ്ചപ്പാടുമില്ലാത്തവരുമാണ് ഈ വിഷയത്തില്‍ മുസ്‌ലിംലീഗിനെ വിമര്‍ശിക്കുന്നത്. പാര്‍ലമെന്റ് ജനാധിപത്യം അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന് അറിയാത്തവര്‍പോലും ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത് കാണുന്നു. ഇന്ത്യന്‍ ഭരണഘടന നിര്‍മാണസഭയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡണ്ട് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഭരണഘടന നിര്‍മാണ സഭയില്‍ അംഗമായിരുന്നു എന്ന് മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ണായകമായ പല ആര്‍ട്ടിക്കുകകളും ഡ്രാഫ്റ്റ് ചെയ്യുന്നതിനും അത് ഭരണഘടനയുടെ ഭാഗമാകുന്നതിനു ശക്തമായ ഇടപെടുകയും അതില്‍ വിജയിക്കുകയും ചെയ്ത പ്രതിഭാധനനായ രാഷ്ട്രമീമാംസകനായിരുന്നു. ഖാഇദെമില്ലത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ വരുന്നവരോട് പറയാനുള്ളത് എന്താണ് ലോക്‌സഭയില്‍ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അവതരിപ്പിച്ച എന്‍.ഐ.എ ഭേദഗതി ബില്ലെന്ന് മനസ്സിലാക്കാന്‍ തയ്യാറാകണമെന്നാ ണ്. രാജ്യത്തിന്റെ ഐക്യത്തിനും നിലനില്‍പ്പിനും എതിരായി ആരെങ്കിലും പുറത്തുനിന്ന് എന്തെങ്കിലും ഗൂഢാലോചന നടത്തുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നിലവില്‍ രാജ്യത്തിനകത്ത് ബാധകമായ നിയമം ബാധകമാകും എന്നുപറയുമ്പോള്‍ ഈ കാര്യങ്ങളെകുറിച്ച് കേസ് നടത്താന്‍ പ്രത്യേക കോടതികള്‍ വേണമെന്ന് പറയുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടകാര്യം മുസ്‌ലിംലീഗിനില്ല. രാജ്യത്തിന്റെ സുരക്ഷിതത്വം രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും ബാധകമല്ലേ. പ്രധാനപ്പെട്ട ചോദ്യം ഇന്ത്യക്കെതിരായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മുസ്‌ലിംകളാണ് ന്യൂനപക്ഷങ്ങളാണ് എന്ന് ആരാ പറഞ്ഞത്? എന്‍.ഐ.എ ഭേദഗതി ആക്ടില്‍ അങ്ങിനെ പറയുന്നുണ്ടോ? ഈ ആക്ടില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത് മുസ്‌ലിംകളല്ല. ഇന്ത്യക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് ഖലിസ്താന്‍വാദികളും ബോഡോ കലാപകാരികളും മിസോറാമിലെയും മണിപ്പൂരിലെയും നാഗാലന്റിലെയും ഹിമാചല്‍പ്രദേശിലെയും മറ്റും വിഘടനവാദികളും ചില മുസ്‌ലിം നാമധാരികളുമാണ്. അവരില്‍ എത്രയോ ആളുകള്‍ ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്നുണ്ട്. രാജ്യത്തെ ഒറ്റുകൊടുത്ത കൂമര്‍ നാരായണന്മാരുണ്ട്. ഇവര്‍ക്കെതിരെ ഉപയോഗിക്കാനുള്ളതാണ് ഈ നിയമം. എന്നാല്‍ മുസ്‌ലിംലീഗ് ശക്തമായി ആവശ്യപ്പെടുന്നു ഇത് ദുരുപയോഗം ചെയ്യരുത്. ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി ഗവണ്‍മെന്റാണ്. ഈ രാജ്യത്തെ ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ കമ്മ്യൂണലിസ്റ്റ് മനസ്ഥിതിയുള്ളവരുണ്ട്. ഉദ്യോഗസ്ഥന്മാരൊ ഗവണ്‍മെന്റ് അധികാരികളോ മുമ്പ് പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ച് അക്രമിയായ രാജാവിന്റെ മുഖത്തുനോക്കി ന്യായം പറയാനുള്ള ആര്‍ജവം മുസ്‌ലിംലീഗിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍ അവിടെ കാണിച്ചിട്ടുണ്ട്.
ഹൈദരാബാദ് ആക്ഷന്‍ കാലത്ത് പറഞ്ഞ കാര്യങ്ങള്‍ തന്നെയേ ഇപ്പോഴും മുസ്‌ലിംലീഗിന് പറയാനുള്ളൂ. ചുറ്റുഭാഗവും ഇന്ത്യയാല്‍ ചുറ്റപ്പെട്ട ഹൈദരാബാദിനെഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കില്ല, പാകിസ്താനിലാണ് ചേരുന്നത് എന്ന് നൈസാം പറഞ്ഞപ്പോള്‍ ഖാഇദെമില്ലത്ത് പറഞ്ഞു. അസമും കല്‍ക്കട്ടയും ന്യൂഡല്‍ഹിയും ഏത് പോലെ ഇന്ത്യയുടെ ഭാഗമാണോ അതുപോലെ ഹൈദരാബാദും ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. അന്ന് ഹൈദരാബാദ് നൈസാമിന്റെ കൂടെനിന്ന് ഈ രാജ്യത്തിന് എതിരെ സായുധ സമരം നടത്തിയവരുടെ പിന്മുറക്കാരായ ഉവൈസിമാരില്‍നിന്ന് ഒരു ബഹുസ്വര സമൂഹത്തില്‍ ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷ സംരക്ഷണത്തിന്റെ മാര്‍ഗങ്ങള്‍ പഠിക്കേണ്ട ഗതികേട് മുസ്‌ലിംലീഗിനില്ല. എന്നിട്ടും ഹൈദരാബാദ് ആക്ഷന്റെ പേരില്‍ മുസ്‌ലിംലീഗ് നേതാക്കന്മാരെ ജയിലിലടച്ചു. അപ്പോഴും മുസ്‌ലിംലീഗിന്റെ നിലപാട് ഈ രാജ്യത്തിന്റെ നിലപാടിനൊപ്പമായിരുന്നു. മുസ്‌ലിംലീഗിന്റെ വിദേശ നയം ഇന്ത്യയുടെ വിദേശ നയമാണ്. അത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നിലപാടല്ല, ഇന്നും അത് തന്നെ പറയുന്നു. ആര്‍.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ നിലപാടല്ല ഈ രാജ്യത്തിന്റെ ഭരണഘടന അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന നയങ്ങളോടൊപ്പമാണ് ഞങ്ങള്‍. അതില്‍ രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് പറയാന്‍ ഞങ്ങളുണ്ടാകും.
വോട്ടെടുപ്പ് വേണമെന്ന അപക്വമായ നിലപാടിലൂടെ അമിത്ഷായ്ക്ക് പൊട്ടിച്ചിരിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത് ഉവൈസിയാണ്. ആ ഉവൈസിയുടെ കൂടെനില്‍ക്കുകയാണ് സി.പി.എം അംഗങ്ങള്‍ ചെയ്തത്. അതിന്റെ അപകടം ആദ്യം അവര്‍ക്ക് മനസ്സിലായില്ല. സി.പി.എം പണ്ടേ അങ്ങനെ ആണല്ലോ. തക്കസമയത്ത് തീരുമാനമെടുക്കാനുള്ള കഴിവും പ്രാപ്തിയും അവര്‍ക്ക് ഉണ്ടാവാറില്ല. അത് അവരുടെ ജന്മസിദ്ധമായ വൈകല്യമാണ്. പിന്നീടാണ് അപകടം മനസ്സിലായത.് അതുകൊണ്ട് രാജ്യസഭയില്‍ മുസ്‌ലിംലീഗിനോടൊപ്പം അവരും നിലപാട് സ്വീകരിച്ചു. സഭകളില്‍ എതിര്‍പ്പുള്ള സംഗതികളെ എതിര്‍ക്കുകയും വിയോജിച്ചുകൊണ്ട് ഇറങ്ങിപ്പോരുകയും ചെയ്യുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏഴ് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന മഹത്തായ കീഴ്‌വഴക്കമാണ്. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷം ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നടത്തിയ ഏകതായാത്രയുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ മുസ്‌ലിംലീഗിന്റെ ഏക അംഗമായ ഇ. അഹമ്മദിന് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. സേട്ട് സാഹിബ് അന്ന് ഐ.എന്‍.എല്‍ ഉണ്ടാക്കി മാറി നില്‍ക്കുന്ന സമയം. അഹമ്മദ് സാഹിബ് പറഞ്ഞു ഈ ഏകദായാത്ര കൊണ്ട് പ്രയാസമനുഭവിക്കുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ ഏക പ്രതിനിധിയാണ് ഞാന്‍. എനിക്ക് ഇവിടെ സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെങ്കില്‍ ഈ പാര്‍ലമെന്റില്‍നിന്ന് ഇറങ്ങിപോവുകയാണ് എന്ന് പറഞ്ഞ് കയ്യിലുണ്ടായിരുന്ന കടലാസ് ചുരുള്‍ പാര്‍ലമെന്റ് നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞ് വാക്കൗട്ട് നടത്തി. അതിനെക്കുറിച്ച് പിറ്റേ ദിവസം ഇറങ്ങിയ പത്രത്തില്‍ വന്നത് ആയിരം വാക്കുകളേക്കാള്‍ വാചാലമായിരുന്നു ഇ. അഹമ്മദിന്റെ വാക്കൗട്ട് എന്നായിരുന്നു. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് ആകുമ്പോള്‍ ആദ്യമായി ദേശീയ പതാകക്ക് സല്യൂട്ട് ചെയ്ത ചൗധരി ഖലീക്കുസ്സമാന്‍ മുസ്‌ലിംലീഗ് പ്രതിനിധിയായിരുന്നു. ഭരണഘടന അസംബ്ലി തൊട്ട് 1952 ലെ ഒന്നാം ലോക്‌സഭ മുതല്‍ ഇന്നേവരെ പേര് മാറ്റാതെ കൊടി മാറാതെ ചിഹ്നം മാറ്റാതെ മുസ്‌ലിംലീഗ് പ്രതിനിധികള്‍ ലോക്‌സഭയിലും രാജ്യസഭയിലും ഉണ്ടായിട്ടുണ്ട്. അന്ന് ഒരാള്‍ ആയിരുന്നു എങ്കില്‍ ഇന്ന് മൂന്നുപേരില്‍ എത്തി നില്‍ക്കുന്നു. ഭരണഘടന നിര്‍മ്മാണ സഭ മുതല്‍ മുസ്‌ലിംലീഗ് അംഗങ്ങളുടെ ഓരോ നിലപാടുകളും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായും സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുമായിരിക്കും.
രാജ്യ സുരക്ഷക്ക് മുസ്‌ലിംലീഗ് അധികം പ്രാധാന്യം നല്‍കുമ്പോള്‍ തന്നെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷത്തിന്റെ ആത്മാഭിമാനത്തിനും അവകാശങ്ങള്‍ക്കുംവേണ്ടി പോരാടുക തന്നെ ചെയ്യും. മുസല്‍മാന്‍ എന്ന അഭിമാനത്തോടുകൂടി ജീവിക്കുകയും രാജ്യത്തിന്റെ സുരക്ഷ വേണ്ട കാര്യങ്ങളില്‍ രാഷ്ട്രത്തോടൊപ്പം നില്‍ക്കുകയും അക്രമിയായ ഭരണാധികാരിയുടെ മുഖത്തുനോക്കി സത്യവും ന്യായവും തുറന്നുപറയുകയും ചെയ്യും. ഏഴര പതിറ്റാണ്ടു കാലമായി നൈരന്തര്യത്തോടുകൂടി പ്രവര്‍ത്തനം നടത്തിയാണ് മുസ്‌ലിംലീഗ് അന്തസ്സോടെ പ്രവര്‍ത്തിക്കുന്നത്.