X
    Categories: columns

പൊലീസ് ആക്ട് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് മാധ്യമങ്ങളെ

അഷ്‌റഫ് തൈവളപ്പ്

വിവാദമായ പൊലീസ് ആക്ട് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മാധ്യമങ്ങളെ. സ്വര്‍ക്കടത്ത്, ലൈഫ് മിഷന്‍, കിഫ്ബി എന്നിവയിലടക്കം സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തിലാണ് വന്‍ തിരിച്ചടി ഭയന്ന് കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിക്ക് പിണറായി സര്‍ക്കാര്‍ തുനിഞ്ഞത്. സര്‍ക്കാരിന്റെ സ്വജനപക്ഷപാതവും അഴിമതിയും പുറത്തുവന്നപ്പോഴൊക്കെ മാധ്യമ സ്വാതന്ത്ര്യത്തിന് ഇടങ്കോലിടാന്‍ എല്ലായ്‌പ്പോഴും സര്‍ക്കാര്‍ വളഞ്ഞവഴിയിലൂടെ ശ്രമിച്ചിരുന്നു. ഇതിന്റെ ഏറ്റവും അപടകരമായ രൂപമാണ് പൊലീസ് ഭേദഗതിയിലൂടെ കണ്ടത്. മാധ്യമങ്ങളുടെയും എതിരഭിപ്രായം പറയുന്നവരുടെയും വായമൂടിക്കെട്ടാനുള്ള മുന്‍ ശ്രമങ്ങളെല്ലാം ഓരോന്നായി പാളിയതോടെയാണ് വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം എന്ന പേരില്‍ പൊലീസ് ആക്ട് ഭേദഗതിക്ക് സര്‍ക്കാര്‍ നേരിട്ട് തുനിഞ്ഞത്. ഈ നടപടിക്ക് പാര്‍ട്ടിയില്‍നിന്നും അണികളില്‍നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തത് മുഖ്യമന്ത്രിയെ വെട്ടിലാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്ത, പാര്‍ട്ടി പത്രമായ ദേശാഭിമാനി പോലും അപ്രസക്തമായ രീതിയിലാണ് കൈകാര്യം ചെയ്തത്. നേരത്തെ സമാനമായ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുനിഞ്ഞപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത മുന്‍ എം.പി പി. രാജീവാണ് നിലവില്‍ ദേശാഭിമാനിയുടെ പത്രാധിപര്‍. കൊളോണിയല്‍ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അപകീര്‍ത്തിപ്പെടുത്തല്‍ കുറ്റകരമാക്കുന്ന വകുപ്പ് നിയമത്തില്‍നിന്നും നീക്കം ചെയ്യണമെന്നത് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട് കൂടിയായിരുന്നു. ഈ നയത്തിന് വിരുദ്ധമായി ആ പാര്‍ട്ടി തന്നെ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ പുതിയ ഭേദഗതിയുമായി വന്നത് വിരോധാഭാസമായി പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ഒരു വ്യക്തിയുടെ കീര്‍ത്തിക്ക് ഭീഷണിയാകുന്നതോ ഹാനികരമാകുന്നതോ അപായപ്പെടുത്തുന്നതോ ആയ ഉള്ളടക്കമുള്ള കാര്യങ്ങള്‍, വാര്‍ത്താവിനിമയ മാധ്യമങ്ങള്‍വഴി ഉണ്ടാക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. അപ്രകാരമുള്ള പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ കീര്‍ത്തി എന്ന പദത്തിന്റെ നിര്‍വചനം എന്താണെന്ന് ഭേദഗതിയില്‍ ഇല്ല. സൈബര്‍ കുറ്റകൃത്യങ്ങളെ തടയാനാണ് നിയമമെന്ന് പറയുമ്പോഴും എല്ലാതരം വാര്‍ത്താവിനിമയ ഉപാധികളെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നിട്ടുമുണ്ട്. ഇതെല്ലം നിയമത്തിനു പിന്നിലെ ദുഷ്ടലാക്കിനെ തന്നെയാണ് വെളിപ്പെടുത്തുന്നതെന്നും ഇതുവഴി മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായിയേയും സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിച്ചുവെന്ന കാരണത്താല്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്ത സംഭവങ്ങള്‍ മുമ്പ് ഉണ്ടായതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് കോവിഡിന്റെ മറവില്‍ സര്‍ക്കാരിന് അനുകൂലമല്ലാത്ത വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ രൂപീകരിച്ച ഫാക്ട് ചെക്ക് ഡിവിഷന്റെ പ്രവര്‍ത്തനം ഏറെ വിവാദത്തിലായിരുന്നു. സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാടുന്ന മാധ്യമ വാര്‍ത്തകളെ വ്യാജമെന്ന് ചാപ്പുകുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായിരുന്നു വിവര-പൊതുജന സമ്പര്‍ക്ക് വകുപ്പിന് കീഴില്‍ രൂപീകരിച്ച ഫാക്ട് ചെക്ക് ഡിവിഷന്റെ ശ്രമം. കേന്ദ്ര സര്‍ക്കാര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) യെ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയുടെ കൂട്ടുപിടിച്ചായിരുന്നു ഇടത് സര്‍ക്കാരിന്റെയും നീക്കം. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വാര്‍ത്തകള്‍ തടയുകയെന്ന ലക്ഷ്യവും ഈ സംവിധാനത്തിനുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അഴിമതി പുറത്തുകൊണ്ടുവരുന്ന മാധ്യമ വാര്‍ത്തകളെ, വ്യാജ വാര്‍ത്തയെന്ന് മുദ്രകുത്താനുള്ള ഫാക്ട് ചെക്ക് ഡിവിഷന്റെ ശ്രമം തുടക്കത്തില്‍ തന്നെ വലിയ എതിര്‍പ്പുകള്‍ നേരിട്ടു. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുക എന്നതിനപ്പുറം സര്‍ക്കാരിന്റെ തെറ്റുകള്‍ തുറന്നുകാട്ടുന്ന, വിമര്‍ശനാത്മകമായ വാര്‍ത്തകള്‍ നിയന്ത്രിക്കാനാണ് പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നു. ഫാക്ട് ആന്റ് ചെക്ക് ഡിവിഷനിലെ മൂന്ന് ജീവനക്കാര്‍ക്ക് ശമ്പള ഇനത്തില്‍ മാത്രം ലക്ഷങ്ങള്‍ സര്‍ക്കാര്‍ അധികമായി ചെലവഴിക്കുന്നതും വിവാദമായിരുന്നു. ഈ സംവിധാനം പരാജയമെന്ന വിലയിരുത്തല്‍ വന്നതോടെയാണ് പൊലീസ് ആക്ട് ഭേദഗതിയിലൂടെ മാധ്യമങ്ങള്‍ക്കെതിരെയുള്ള പുതിയ നീക്കം.

 

web desk 1: