X

ദേശസ്‌നേഹത്തിന്റെ രാഷ്ട്രീയ പാഠം

 

എം ഐ തങ്ങള്‍

 

സെക്യുലര്‍ (Secular) എന്ന ഇംഗ്ലീഷ് വാക്കിന് ഭൗതികമായ, ദൈവികമല്ലാത്ത, മതപരമല്ലാത്ത, (ഇംഗ്ലണ്ടിന്റെയും മറ്റുമായ പ്രത്യേകാര്‍ത്ഥത്തില്‍) ചര്‍ച്ചിന്റേതല്ലാത്ത എന്നൊക്കെയാണര്‍ത്ഥം. സെക്യുലറിസം എന്ന വാക്കിന് മതനിഷേധം എന്നും അര്‍ത്ഥമുണ്ട്. ഇതിനൊക്കെ വിരളമായി ഉപയോഗിക്കുന്ന വേറെയും അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ ”സെക്യുലറിസവും സെക്യുലര്‍ രാഷ്ട്രവും ഒന്നല്ല. സെക്യുലര്‍ രാഷ്ട്രം സെക്യുലറിസമെന്ന ചിന്താഗതി ഔദ്യോഗിക നയമായി സ്വീകരിക്കുകയാണെങ്കില്‍ അത് സെക്യുലര്‍ രാഷ്ട്രമല്ലാതായിത്തീരും. സെക്യുലറിസമെന്നാല്‍ മതനിഷേധമാണ്. എന്നാല്‍ സെക്യുലര്‍ രാഷ്ട്രമെന്നത് വ്യക്തിക്കും സമൂഹങ്ങള്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുകയും ഓരോ വ്യക്തിക്കും അയാളുടെ മതമേതെന്ന് നോക്കാതെ പൗരാവകാശങ്ങള്‍ സംരക്ഷിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമാണ്. അത് ഏതെങ്കിലുമൊരു മതത്തെ ഔദ്യോഗിക പദവിയിലേക്കുയര്‍ത്തുകയോ, മതത്തെ പ്രചരിപ്പിക്കാനോ, നിരുത്സാഹപ്പെടുത്താനോ ശ്രമിക്കുകയോ ചെയ്യുന്നില്ല.
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മനുഷ്യാവകാശ ചാര്‍ട്ടര്‍ ആമുഖം രണ്ടാം ഖണ്ഡിക തന്നെ മതസ്വാതന്ത്ര്യത്തിന് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. 1948 ഡിസംബര്‍ 10ന് പാരീസില്‍ വെച്ചാണ് ചാര്‍ട്ടര്‍ പ്രഖ്യാപിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയുടെ അന്നത്തെ ജനറല്‍ അസംബ്ലി അംഗീകരിച്ച് പ്രഖ്യാപിച്ച ഈ ചാര്‍ട്ടര്‍ ഏതാണ്ട് എല്ലാ മനുഷ്യാവകാശങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ആര്‍ട്ടിക്കിള്‍ 18 ആണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് അനുശാസിക്കുന്നത്:
”ഓരോ മനുഷ്യനും ചിന്താ സ്വാതന്ത്ര്യം മനസ്സാക്ഷി സ്വാതന്ത്ര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ അവകാശം ഒരാള്‍ അയാളുടെ മതമോ, വിശ്വാസമോ മാറുന്നതിനും ഉണ്ടായിരിക്കുന്നതാണ്. ഒറ്റക്കോ, കൂട്ടായോ, പരസ്യമായോ, സ്വകാര്യമായോ ഒരാള്‍ക്ക് അയാളുടെ മതമോ, വിശ്വാസമോ പഠിപ്പിക്കാനും അനുഷ്ഠിക്കാനും ആരാധനക്കും ആചരണത്തിനും അവകാശമുണ്ടായിരിക്കുന്നതാണ്.” ചാര്‍ട്ടറിന്റെ 19, 20(1), (2) വകുപ്പുകളും ഇതുമായി ബന്ധപ്പെട്ടവയാണ്. 30-ാം വകുപ്പ് ഈ അവകാശങ്ങള്‍ ഏതെങ്കിലും പേരില്‍ നശിപ്പിക്കുന്നതിനെ തടയുന്നു. അംഗരാജ്യങ്ങളൊക്കെ അംഗീകരിച്ചവയാണീ ചാര്‍ട്ടര്‍.
ഈ ചാര്‍ട്ടര്‍ ഒരു മതേതര രാജ്യത്തിന്റെ മതവുമായി ബന്ധപ്പെട്ട സ്വഭാവം എന്തായിരിക്കണമെന്നാണനുശാസിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ മതേതരത്വം നടപ്പാക്കാന്‍ ഇന്ന് പ്രയാസപ്പെടേണ്ടിവരും. സോവിയറ്റ് യൂണിയന്റെ ബ്രഷ്‌നേവിയന്‍ ഭരണഘടനയെന്ന് വിളിക്കപ്പെടുന്ന 1977ല്‍ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനയില്‍ പോലും മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്ന ഏഴാം അധ്യായത്തില്‍ ‘വകുപ്പ് 52: യു.എസ്.എസ്.ആര്‍ പൗരന്മാര്‍ക്ക് മുന്നുറപ്പ് ചെയ്യപ്പെട്ട മനസ്സാക്ഷി സ്വാതന്ത്ര്യമുണ്ട്.
അതായത് ഏതെങ്കിലും മതം അനുഷ്ഠിക്കാനോ, അനുഷ്ഠിക്കാതിരിക്കാനോ മതപരമായ ആരാധനയോ, നാസ്തിക പ്രചാരണമോ നടത്തുവാനോ ഉള്ള അവകാശമുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്പര്‍ദ്ധയോ, ശത്രുതയോ കുത്തിയിളക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. യു.എസ്.എസ്.ആറില്‍ പള്ളി സ്റ്റേറ്റില്‍ നിന്നും പള്ളിക്കൂടം പള്ളിയില്‍ നിന്നും വേര്‍പെടുത്തപ്പെട്ടിരിക്കുന്നു’. എന്നാണ് എഴുതി വെച്ചിരുന്നത്. സൂത്രത്തില്‍ മതം പ്രചരിപ്പിക്കാനുള്ള അവകാശം വിട്ടുകളയുകയും നിരീശ്വരത്വം പ്രചരിപ്പിക്കാനുള്ള അവകാശം മൗലികാവകാശത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. കൂടാതെ മതവിദ്യാഭ്യാസം തടയുന്നതിന് അവസാനത്തില്‍ ‘പള്ളിക്കൂടത്തെ പള്ളി’യുമായി വേര്‍പ്പെടുത്തുന്ന കഥയും പറയുന്നു. സോവിയറ്റ് യൂണിയനില്‍ മതങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങളും അത്യാചാരങ്ങളും ഇന്നെല്ലാവര്‍ക്കും അറിയാം. ഇവിടെ സൂചന മതവിരുദ്ധ രാഷ്ട്രമായിരുന്ന റഷ്യക്ക് പോലും, ചെയ്യുന്ന കാര്യം തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നതാണ്.
ഇന്ത്യയുടെ മതേതരത്വവും ഇതിന്റെ ഭാഗം തന്നെയാണ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ചാര്‍ട്ടറും ഇന്ത്യന്‍ ഭരണഘടനയും ഏതാണ്ട് ഒരേ സമയത്തുണ്ടാവുന്ന രണ്ട് രേഖകളാണ്. 1948 ഡിസംബര്‍ 10നാണ് മനുഷ്യാവകാശ ചാര്‍ട്ടര്‍ പ്രഖ്യാപിക്കുന്നത്. നമ്മുടെ ഭരണഘടനാ നിര്‍മ്മാണസഭ 1949 നവംബര്‍ 26നാണ് പ്രഖ്യാപിക്കുന്നത്. ഡോ. എസ്. രാധാകൃഷ്ണന്റെ ഈ വരികള്‍ ശ്രദ്ധേയമാണ്. ”ഇന്ത്യാ രാഷ്ട്രത്തിന്റെ മതനിഷ്പക്ഷതയെ മതനിരപേക്ഷതയോടോ, നിരീശ്വരത്വത്തോടോ കൂട്ടിക്കുഴച്ചുകൂടാ. ഇവിടെ നിര്‍വ്വചിക്കപ്പെട്ട മതേതരത്വം ഇന്ത്യയുടെ പൗരാണിക മതപാരമ്പര്യത്തിനനുസൃതമാണ്. ഈ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നമ്മുടെ മതേതരത്വത്തിന്റെ ആധാരം പാശ്ചാത്യ ചിന്തയല്ല, ഇന്ത്യ എന്നും പ്രകടിപ്പിച്ചുപോന്നിട്ടുള്ള മതസഹിഷ്ണുതയുടെ പാരമ്പര്യമാണ് എന്ന അഭിപ്രായമാണ്. നമ്മുടെ മതേതരത്വം നാം കടം കൊണ്ടതല്ല എന്ന് സാരം.
സംഘര്‍ഷത്തില്‍ നിന്നാണാരംഭമെങ്കിലും ഇന്ന് അന്തര്‍ദേശീയ രംഗത്ത് മതവും രാഷ്ട്രവും രണ്ട് സ്വതന്ത്ര അസ്തിത്വങ്ങളായി പരസ്പരം അംഗീകരിച്ചുകൊണ്ടും സഹകരിച്ചുകൊണ്ടുമാണ് നിലനില്‍ക്കുന്നത്. ഇന്നുള്ള പ്രശ്‌നം മതത്തിന്റെ പേരിലുള്ള തീവ്രവാദവും മതമൗലികവാദവുമാണ്. ഇവ രാഷ്ട്രത്തോട് മാത്രമല്ല, മതത്തിന്റെ ആധികാരിക ധാരയുമായും ഏറ്റുമുട്ടുന്നു. ഇതോടൊപ്പം ഇന്ത്യയിലെ ഫാസിസത്തിന്റെ പ്രശ്‌നവും ചേരുന്നു. ഇന്ത്യയിലെ ഫാസിസം മതത്തിന്റെ മേലങ്കിയാണല്ലോ അണിയുന്നത്.
ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഫാസിസത്തിനെതിരെ മാത്രമല്ല, തീവ്രവാദത്തിനെതിരെയും മുസ്‌ലിംകള്‍ക്ക് പോരാടാനുള്ള കൂട്ട് മതേതരത്വം തന്നെയാണ്. ഫാസിസത്തെ ഇന്ത്യയില്‍ നിന്ന് തുരത്താനുള്ള ഏക മാര്‍ഗം ഭൂരിപക്ഷ സമുദായം കൂടുതല്‍ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്. ഇത് സംഭവിക്കണമെങ്കില്‍ ഇതേ പ്രവണത മത ന്യൂനപക്ഷങ്ങളിലും വളരണം. മുസ്‌ലിംകള്‍ക്കാണിക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം. ഫാസിസ്റ്റുകള്‍ ട്രു സെക്യുലറിസവും സ്യൂഡോ സെക്യുലറിസവുമായി സെക്യുലറിസത്തെ വകതിരിച്ചു വെച്ചിട്ടുണ്ട്. യഥാര്‍ത്ഥ സെക്യുലറിസ്റ്റുകളെ സ്യൂഡോ സെക്യുലറിസ്റ്റുകള്‍ എന്ന് വിളിച്ചുകൊണ്ട് വര്‍ഗീയതയെയും ഫാസിസത്തെയും വെള്ളപൂശാനാണീ ഞാണിന്മേല്‍ കളി. സെക്യുലറിസത്തെ-മതേതരത്വത്തെ അവര്‍ നന്നായി ഭയപ്പെടുന്നുവെന്നാണിതിന്റെ അര്‍ത്ഥം. ന്യൂനപക്ഷങ്ങള്‍ ഈ ഭയപ്പാടിനെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണെന്ന് തോന്നുന്നു. മതേതരത്വത്തിന് വേണ്ടി ശക്തമായി നിലകൊണ്ടുകൊണ്ടേ ഇത് സാധ്യമാകൂ. തീവ്രവാദികളാണ് ഇക്കാര്യത്തില്‍ മുസ്‌ലിംകളുടെ ആസിഡ് ടെസ്റ്റ്. തീവ്രവാദത്തെയും അവരുടെ സ്യൂഡോ ജിഹാദിനെയും സമൂഹത്തില്‍ നിന്ന് പടികടത്തിക്കൊണ്ടേ ഇത് നിര്‍വഹിക്കാന്‍ സാധിക്കൂ.
മുസ്‌ലിംലീഗിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനത്തിന്റെ നേര്‍പകുതി ഊന്നിയത് മുസ്‌ലിം സമുദായത്തില്‍ രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിലാണ്. മാതൃരാജ്യത്തോടുള്ള സ്‌നേഹം ജീവരക്തം കൊണ്ട് നൂറ്റാണ്ടുകളോളം പ്രകടിപ്പിച്ച സമുദായമാണ് മുസ്‌ലിംകള്‍. ആ പ്രതിബദ്ധത എന്നും അവരില്‍ സജീവമായി നിലനിന്നിരുന്നു. ആധുനിക കാലത്ത് രാജ്യസ്‌നേഹം എന്നു പറയുന്നത് കുറേക്കൂടി വിശാലമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയെ, സാമ്പത്തിക വളര്‍ച്ചയെ സാംസ്‌കാരിക വളര്‍ച്ചയെ സഹായിക്കുന്ന, ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേശസ്‌നേഹത്തിന്റെ പുതിയ ഭാഷ്യമാണ്. രാജ്യത്തിന് ജീവന്‍ ത്യാഗം ചെയ്യേണ്ട ആവശ്യം പഴയത് പോലെ ഇപ്പോഴില്ല. അപ്പോള്‍ മുസ്‌ലിംകളില്‍ കുടികൊള്ളുന്ന അതുല്യമായ രാജ്യസ്‌നേഹത്തെ പുതിയ ദൗത്യങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു വേണ്ടത്. ഇത് അവര്‍ക്ക് വിശ്വാസമുള്ള ഒരു രാഷ്ട്രീയ കക്ഷിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ്.
വിഭജനത്തിന്റെ ദുര്‍ഭൂതം ഇന്ത്യയിലെ മുസ്‌ലിംകളെ ഭീകരമായി വേട്ടയാടിയിരുന്ന കരാളദിനങ്ങളായിരുന്നു സ്വാതന്ത്ര്യത്തിനുടനെ. പാകിസ്താന്‍ വിഭജനത്തെ തെറ്റായി വായിച്ചവര്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ പാകിസ്താനില്‍ പോകേണ്ടവരാണെന്ന് വിധി എഴുതിത്തുടങ്ങിയ നാളുകള്‍. അവരില്‍ പലരും അവിശ്വസനീയമാംവിധം അത് തുറന്നെഴുതുക പോലും ചെയ്ത നാളുകള്‍. ദേശക്കൂറ് തെളിയിക്കാന്‍ അവരെ വെല്ലുവിളിച്ചുകൊണ്ട് ഭ്രാന്തെടുത്ത് ആളുകള്‍ അവര്‍ക്ക് ചുറ്റും നിന്ന് കല്ലെറിഞ്ഞ ആ നാളുകളിലാണ്, അനാഥത്വത്തിന്റെ പീഡനം ക്രൂരമായി വേട്ടയാടുന്നതിനിടയിലേക്ക് സാന്ത്വനത്തിന്റെ ഗീതികളുമായി മുസ്‌ലിംലീഗ് നെഞ്ചുവിരിച്ച് കടന്നുചെന്നത്. പറഞ്ഞ് പറഞ്ഞ് വിശ്വസിപ്പിച്ച വിഭജനത്തിന്റെ മേല്‍വിലാസം മുസ്‌ലിംലീഗിന്റേതായിരുന്നു. ആ ലീഗിനില്ലാത്ത ഭയപ്പാട് തങ്ങള്‍ക്കെന്തിന് എന്ന് ചിന്തിക്കാന്‍ അവര്‍ക്ക് പ്രചോദനം കൂടിയായി ലീഗിന്റെ വരവ്.
മുസ്‌ലിം സമുദായത്തെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നത് രാജ്യദ്രോഹമെന്ന മട്ടില്‍ ബഹളം വെച്ചിരുന്നവരെ നേരിടുന്ന ഉത്തരവാദിത്വം തന്നെ ഭാരിച്ചതായിരുന്നു. ഇതിനിടയിലാണ് മുസ്‌ലിം സമുദായത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യുന്ന പ്രശ്‌നം കൂടി ലീഗിന് ഏറ്റെടുക്കേണ്ടിവന്നത്. ഒരു ഭാഗത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനവര്‍- മുസ്‌ലിംകള്‍ നല്‍കിയ ബലിദാനത്തിന്റെ രോമാഞ്ചജനക കഥകള്‍ അവരെ അനുസ്മരിപ്പിക്കുകയും രാജ്യത്തിന് അവരെക്കാള്‍ കൂടുതല്‍ അവകാശമുള്ള ഉടയതമ്പുരാക്കന്മാര്‍ ആരുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക, രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങളെക്കുറിച്ച് അവരെ ഉണര്‍ത്തി ഈ അവകാശ ബോധത്തെ സംഘടിത ശക്തിയുടെ ഊര്‍ജ്ജ സ്രോതസ്സായി മാറ്റുക. ഇതായിരുന്നു ഖാഇദെമില്ലത്തും സീതിസാഹിബും ബാഫഖി തങ്ങളും പോക്കര്‍ സാഹിബും അടങ്ങുന്ന നേതാക്കന്മാരും സഹപ്രവര്‍ത്തകരും സ്വീകരിച്ച രീതി.
ദേശസ്‌നേഹം അവര്‍ക്കാരും പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ദേശസ്‌നേഹത്തിന്റെ പ്രേരണയാണ് ഖാഇദെമില്ലത്തിനെയും സീതി സാഹിബിനെയും മറ്റും കോണ്‍ഗ്രസിന്റെ മുന്‍നിരയിലെത്തിച്ചിരുന്നത്. രണ്ടുപേരും എ.ഐ.സി.സി അംഗങ്ങള്‍ വരെ ആയിരുന്നവരാണ്. സമ്പത്ത് കൊണ്ടും ശരീരവും മനസ്സും കൊണ്ടും ദേശീയപ്രസ്ഥാനത്തെ – കോണ്‍ഗ്രസിനെ സേവിച്ചവരായിരുന്നു അവരൊക്കെ. മഹാത്മജിയുടെ കേരളാ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ പ്രസംഗം മൊഴിമാറ്റത്തിന് കെ.പി.സി.സി നിയോഗിച്ചിരുന്നത് സീതി സാഹിബിനെയായിരുന്നു. ഗാന്ധിജിയുമായി വ്യക്തിപരമായി ബന്ധമുള്ള ആളായിരുന്നു ഖാഇദെമില്ലത്ത്. സ്വന്തം സമുദായത്തിന്റെ വിളികേട്ട് മുസ്‌ലിം ലീഗില്‍ എത്തിയത് കൊണ്ട് അവരുടെ ദേശസ്‌നേഹം വര്‍ധിച്ചിട്ടേയുള്ളു.

chandrika: